പുരാതന ഗ്രാമത്തിന്റെ ക്രിസ്തീയ നാമം പുനഃസ്ഥാപിച്ച് ബഹ്‌റൈന്‍

പുണ്യമാസമായ റമദാനിലാണ് സഹിഷ്ണുത വിളംബരം ചെയ്യുന്ന ചരിത്ര തീരുമാനത്തിന് മുഹറഖ് മുനിസിപ്പിൽ കൗൺസിലർമാർ ഒന്നിച്ച് കൈ കോർത്തത്. പുരാതന ക്രിസ്ത്രീയ ചരിത്ര പശ്ചാത്തലം സൂചിപ്പിക്കുന്ന പേരു ഉപയോഗിക്കുന്നതിൽ അഭിമാനിക്കുന്ന ശിആ മുസ്ലിങ്ങളായ നിവാസികളുടെ ആവശ്യ പ്രകാരമായിരുന്നു കൗൺസിലിന്റെ തീരുമാനം.

പുരാതന ഗ്രാമത്തിന്റെ ക്രിസ്തീയ നാമം പുനഃസ്ഥാപിച്ച് ബഹ്‌റൈന്‍

മനാമ: 765 ചതുരശ്ര കി.മീറ്റർ മാത്രം വിസ്തീർണമുളള കൊച്ചു ദ്വീപായ ബഹ്റൈനിൽ 19 ക്രിസ്ത്യൻ പളളികളും ആറ് അമ്പലങ്ങളും ഒരു സിനഗോഗുമുണ്ട്. പന്നിയിറച്ചിക്കും മദ്യത്തിനും നിരോധനമില്ലാത്ത ഇസ്ലാമിക രാജ്യം കൂടിയാണ് ബഹ്റൈൻ. ഭരണാധികാരികൾ ക്രിസ്മസ്, ദീപാവലി ദിനങ്ങളിൽ പളളികളും അമ്പലങ്ങളും വിശ്വാസികളുടെ വീടുകളും സന്ദർശിച്ച് ആശംസകൾ കൈമാറുന്നതും ഇവിടെ പതിവാണ്.

ഇവിടത്തെ പുരാതന ഗ്രാമത്തിന്റെ ക്രിസ്തീയ നാമം പുനഃസ്ഥാപിക്കാനുളള മുഹറഖ് മുനിസിപ്പിലാറ്റിയുടെ തീരുമാനമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പുണ്യമാസമായ റമദാനിലാണ് സഹിഷ്ണുത വിളംബരം ചെയ്യുന്ന ചരിത്ര തീരുമാനത്തിന് മുഹറഖ് മുനിസിപ്പിൽ കൗൺസിലർമാർ ഒന്നിച്ച് കൈ കോർത്തത്. പുരാതന ക്രിസ്ത്രീയ ചരിത്ര പശ്ചാത്തലം സൂചിപ്പിക്കുന്ന പേരു ഉപയോഗിക്കുന്നതിൽ അഭിമാനിക്കുന്ന ശിആ മുസ്ലിങ്ങളായ നിവാസികളുടെ ആവശ്യ പ്രകാരമായിരുന്നു കൗൺസിലിന്റെ തീരുമാനം.ബഹ്റൈൻ വിമാനത്താളത്തിന് സമീപം ദൈറിൽ ബ്ലോക്ക് 232 എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്തിനാണ് ഫരീജ് അൽ റാഹിബ് എന്ന പുരാതന നാമം പുനഃസ്ഥാപിച്ചു നൽകിയത്. സന്യാസിയുടെ അയൽപക്കം എന്നാണ് ഫരീജ് അൽ റാഹിബിന്റെ അർത്ഥം. പ്രശസ്തനായ ഒരു ക്രിസ്ത്യൻ സന്യാസി ഇവിടെ താമസിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തിരുന്നുവെന്നാണ് ചരിത്രം.

ആറാം നൂറ്റാണ്ടിൽ ഗ്രാമം മുഴുവൻ ഇസ്ലാം സ്വീകരിച്ചെങ്കിലും ക്രിസ്തീയ പാരമ്പര്യം സൂചിപ്പിക്കുന്ന സ്ഥലനാമം ഗ്രാമീണർ കൈവിട്ടില്ല. പൊട്ടിപ്പൊളിഞ്ഞുക്കിടന്ന ആശ്രമത്തിന്റെ സ്ഥാനത്ത് 1952-ൽ മുസ്ലിം പളളി പണിതപ്പോഴും അതേ പേര് തന്നെ നൽകി-അൽ റാഹിബ് പളളി. ഗ്രാമവാസികളിൽ പലരും വ്യാപാരസ്ഥാപനങ്ങൾക്കും ആ പേര് തന്നെയിട്ടു പോന്നു. തദ്ദേശീയരായ ക്രിസ്താനികളുടെയും ജൂതരുടെയും ജനസംഖ്യ നാമമാത്രമാണെങ്കിലും പാർലമെന്റിൽ ഇവരുടെ പ്രതിനിധികളെ ഉൾപ്പെടുത്താറുണ്ട്. ദീർഘകാലം ലണ്ടനിലെ ബഹ്റൈൻ അംബാസഡറായി ചുമതല വഹിച്ചിരുന്നത് ക്രിസ്ത്യാനിയായ അലീസ് തോമസ് സമാനായിരുന്നു.

Read More >>