മസാല ബോണ്ട് ആരോപണം കാര്യങ്ങള്‍ മനസിലാക്കാതെ: മുഖ്യമന്ത്രി

പ്രളയ പുനര്‍നിര്‍മാണത്തിന് അഡീഷനല്‍ ചീഫ് സെക്രട്ടറി യോഗം വിളിക്കും

മസാല ബോണ്ട് ആരോപണം കാര്യങ്ങള്‍ മനസിലാക്കാതെ: മുഖ്യമന്ത്രി

മസാല ബോണ്ടിനെക്കുറിച്ച് രമേശ് ചെന്നിത്തലയും പ്രതിപക്ഷവും ആരോപണം ഉന്നയിക്കുന്നത് കാര്യങ്ങള്‍ മനസിലാക്കാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ പുനർനിർമ്മാണത്തിന് അഡീഷണൽ ചീഫ് സെക്രട്ടറി ഉടൻ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യൂറോപ്യൻ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യും. സന്ദർശനം ഫലപ്രദമായിരുന്നു. പ്രളയനിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകൾ വിദേശ രാജ്യങ്ങളിലുണ്ട്. പ്രളയം തടയാനും പ്രളയാനന്തര പുനർനിർമ്മാണത്തിനും നെതർലാന്റ് മികച്ച പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. നെതർലാന്റിൽ നിന്നുള്ള ആ മാതൃകകൾ കേരളം ഉൾക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജല കാർഷിക സമുദ്രതല സംരംഭങ്ങളിൽ ഡച്ച് കമ്പനികളുടെ സഹായത്തോടെ വൻ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നത്. ലോകത്തിലെ തന്നെ വലിയ തുറമുഖങ്ങളിലൊന്നായ റോട്ടർഡാം തുറമുഖം 460 മില്ല്യൺ ടൺ ചരക്കുനീക്കമാണ് ഒരുവർഷം നടത്തുന്നത്. അവിടം സന്ദർശിച്ചതിലൂടെ കേരളത്തിന്റെ വികസനത്തിന് സഹായകമായ പലകാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു. റോട്ടർഡാം തുറമുഖ അധികൃതരുമായി മാരിടൈം രംഗത്തെ സഹകരണം സംബന്ധിച്ച് ജൂലൈയിൽ കേരളം ചർച്ച നടത്തും. ഒക്‌ടോബറിൽ ധാരണാപത്രം ഒപ്പിടാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ചീഫ് സെക്രട്ടറിയെയും എംബസിയെയും ചുമതലപ്പെടുത്തി.

കൃഷി വന പരിപാലനം മുതൽ പരിസ്ഥിതി മുൻനിർത്തിയുള്ള ടൂറിസം പദ്ധതികൾക്കുവരെയുള്ള വിവിധ സാധ്യതകളാണ് ചർച്ച ചെയ്തത്. നെതർലാന്റ്‌സിൽ നിന്നുള്ള വ്യവസായികളുടെയും മറ്റ് സംരംഭകരുടേയും യോഗത്തിൽ വ്യവസായ പ്രതിനിധികളുമായും ചർച്ച നടത്തി. കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാനുള്ള സന്നദ്ധത അവർ അറിയിച്ചിട്ടുണ്ട്. പുഷ്പഫല മേഖലയിൽ സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുന്നതിന് കേന്ദ്ര കൃഷി മന്ത്രാലയമായും ഡച്ച് എംബസിയുമായും ബന്ധപ്പെടാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

Read More >>