പോക്സോ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധന

ആദ്യ രണ്ടു മാസങ്ങളിലെ കേസ് വിവരങ്ങള്‍ പുറത്ത്

പോക്സോ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധന

കൊച്ചി: സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. ഈ വർഷം ആദ്യ രണ്ടു മാസത്തിനുള്ളിൽ 571 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2018 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രജിസ്റ്റർ ചെയ്തത് 459 കേസുകളായിരിക്കെയാണ് ഈ വർഷം 500 പിന്നിട്ടത്.

84 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള തിരുവനന്തപുരമാണ് സംസ്ഥാനത്തെ പോക്‌സോ കേസുകളുടെ എണ്ണത്തിൽ മുന്നിൽ. ഇവയിൽ 57 കേസുകൾ തിരുവനന്തപുരം റൂറൽ പൊലീസിന്റെ പരിധിയിലും 27 എണ്ണം സിറ്റി പൊലീസിന്റെ പരിധിയിലുമാണ്.

73 കേസുകളുള്ള മലപ്പുറമാണ് തിരുവനന്തപുരത്തിന് തൊട്ടു പിന്നിലുളളത്. 410 കേസുകളാണ് കഴിഞ്ഞ വർഷം മലപ്പുറത്ത് പോക്‌സോ നിയമപ്രകാരം രജസ്റ്റർ ചെയ്തത്. ഏഴ് കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ള പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് ഫെബ്രുവരി മാസത്തിൽ ഏറ്റവും കുറവ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷം 3179 സംഭവങ്ങളിലാണ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. എന്നാൽ ഈ വർഷം പൊലീസ് പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ പ്രകാരം ആദ്യ രണ്ട് മാസങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 571 ആയി. കൊല്ലം- 27(റൂറൽ-10, സിറ്റി-17), ആലപ്പുഴ-10, കോട്ടയം-18, എറണാകുളം-28 (റൂറൽ- 20, സിറ്റി- എട്ട്), തൃശൂർ- 20 (റൂറൽ- നാല്, സിറ്റി- 16), പാലക്കാട്- 19, കോഴിക്കോട്- 25 (റൂറൽ- 15, സിറ്റി- 10), വയനാട്- 15, കണ്ണൂർ -20, കാസർഗോഡ്- 25 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം.

Read More >>