ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ല: സൗദി

പക്ഷേ, രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിരോധിക്കാൻ അവകാശമുണ്ട്‌

ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ല: സൗദി

സ്വന്തം ലേഖകൻ

ജിദ്ദ: അടിയന്തിര ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ മക്കയിൽ തുടക്കമായി. ഇറാൻ വിഷയം മുഖ്യചർച്ചയായി നിശ്ചയിച്ച ഉച്ചകോടി 30നാണ് നടക്കുക. ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അടിച്ചാൽ മാത്രമേ തിരിച്ചടിക്കൂവെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ വ്യക്തമാക്കി.

രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരായ യു.എസ് നീക്കങ്ങളെ ജി.സി.സി രാജ്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന സൗദിയുടെ പ്രസ്താവന പ്രശ്‌നം പറഞ്ഞു തീർക്കാനുള്ള സാദ്ധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മേഖലയിൽ സമാധാനം ഉറപ്പുവരുത്താനുള്ള ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് സൗദിയുടെ നേതൃത്വത്തിൽ ഉച്ചകോടി നടക്കുന്നത്.

എണ്ണമറ്റ അക്രമങ്ങളാണ് ഇറാൻ നടത്തുന്നതെന്നും ഇത് മേഖലയെ അസ്ഥിരമാക്കുന്നതായും ആദിൽ അൽജുബൈർ പറഞ്ഞു. യുദ്ധം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. അത് സൗദി ആഗ്രഹിക്കുന്നില്ല. പക്ഷേ, അടിച്ചാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിയാദ് വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സൗദി കാര്യങ്ങൾ വിശദീകരിച്ചത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക, ഭീകരസംഘങ്ങളെയും സായുധസംഘങ്ങളെയും സഹായിക്കാതിരിക്കുക, മിസൈൽ-ആണവ പദ്ധതികൾ അടിയന്തിരമായി അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഇറാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരായ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സൗദി അറേബ്യ ജി.സി.സി രാജ്യങ്ങളുടെ അടിയന്തിര യോഗം വിളിച്ചത്. കഴിഞ്ഞ കാലങ്ങളിൽ നിരവധി ഭീകരാക്രമണങ്ങളാണു ഇറാൻ പിന്തുണയോടെ നടന്നത്. എണ്ണ പംബിംഗ് സ്റ്റേഷനുകൾക്ക് നേരെയുണ്ടായ ഇറാൻ പിന്തുണയോടെയുള്ള ഹൂത്തി അക്രമണവും അതിൽ ഉൾപ്പെട്ടതാണ്.

മേഖലയുടെ സമാധാനവും സുരക്ഷയും തകർക്കാൻ ഇറാൻ പിന്തുണയുള്ള ഹൂത്തികൾക്ക് വ്യക്തമായ ലക്ഷ്യമാണുള്ളത്. നിലവിലെ സാഹചര്യത്തിൽ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്നു പൗരൻമാർക്കു ബഹ്‌റൈൻ മുന്നറിയിപ്പ് നൽകി. ഹോർമൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

പേർഷ്യൻ ഗൾഫിലുള്ള പെട്രോളിയം കയറ്റുമതിരാജ്യങ്ങൾക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടൽമാർഗ്ഗമാണിത്. ഇതടക്കമുള്ള വിഷയങ്ങൾ ജിസിസി രാജ്യങ്ങൾ ചർച്ച ചെയ്യും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഉച്ചകോടി വിളിച്ചത്.

Read More >>