യുദ്ധമുണ്ടായാൽ ഇറാന്റെ അന്ത്യം: കടുത്ത ഭീഷണിയുമായി ട്രംപ്

കഴിഞ്ഞദിവസം വരെ യുദ്ധം ഉണ്ടാകില്ലെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. മേഖലയിൽ സംഘർഷം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും ഇറാനെതിരെ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

യുദ്ധമുണ്ടായാൽ ഇറാന്റെ അന്ത്യം: കടുത്ത ഭീഷണിയുമായി ട്രംപ്

ഒരു യുദ്ധമുണ്ടായാൽ അത് ഇറാന്റെ അവസാനമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനു ശേഷം ഇറാനെതിരെ ട്രംപ് നൽകുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഇത്. ' ഇറാന് യുദ്ധത്തിനു തയ്യാറായാൽ അത് ഇറാന്റെ അവസാനമായിരിക്കും. ഇനി ഒരിക്കലും യു.എസ്സിനെ ഭീഷണിപ്പെടുത്തരുത്'- ട്രംപ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞദിവസം വരെ യുദ്ധം ഉണ്ടാകില്ലെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. മേഖലയിൽ സംഘർഷം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും ഇറാനെതിരെ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇറാനെ നേരിട്ട് എതിർക്കാനുള്ള ശേഷി യു.എസ്സിനുണ്ടെന്ന മിഥ്യാധാരണ ആർക്കുമുണ്ടാകില്ലെന്നും യുദ്ധമുണ്ടാകുമെന്ന് കരുതുന്നില്ലെന്നുമാണ് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

തന്റെ ചൈനാ സന്ദർശനത്തിനൊടുവിലായിരുന്നു സരീഫിന്റെ പ്രസ്താവന. ട്രംപിന് യുദ്ധത്തിന് താൽപര്യമില്ലെന്നും എന്നാൽ ഉപദേശകർ അദ്ദേഹത്തെ ഇറാനുമായുള്ള യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്നും സരിഫ് പറഞ്ഞിരുന്നു.

ഇറാനെതിരെ യു.എസ് ശക്തമായി നിലകൊള്ളുന്നു എന്ന് വരുത്തിത്തീർക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇറാനുമായുള്ള ബന്ധം സങ്കീർണമാകുന്നതിനിടെ കഴിഞ്ഞ ആഴ്ചയാണ് ൾഫിലേക്കുളള സൈനിക നീക്കം യു.എസ് ശക്തമാക്കിയത്. യുദ്ധവിമാനങ്ങളും പാട്രിയറ്റ് മിസൈലുകളുമായി യു.എസ് യുദ്ധക്കപ്പൽ യുഎസ്എസ് ആർലിങ്ടൺ ഗൾഫിലേക്ക് നീങ്ങിയതായി പെന്റഗൺ അറിയിക്കുകയായിരുന്നു.യു.എസ് ബി 52 ബോംബർ വിമാനങ്ങൾ ഖത്തറിലെ യു.എസ് താവളത്തിലെത്തിയതായും പെന്റഗൺ അറിയിച്ചു.

യു.എസ് ഉപരോധത്തിന്റെയും സൈനിക നീക്കത്തിന്റെയും പശ്ചാത്തലത്തിൽ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ ഭിന്നതകൾ മറന്നു ഒന്നിച്ചു നിൽക്കണമെന്ന് പ്രസിഡന്‍റ് ഹസ്സൻ റൂഹാനി പറഞ്ഞതും മേഖലയിൽ യുദ്ധ സാധ്യത ഉരുത്തിരിഞ്ഞു വരുന്നതിന്റെ സൂചനയായാണ് ആഗോള സമൂഹം കണ്ടത്. '1980ലെ ഇറാഖുമായുള്ള യുദ്ധത്തെക്കാൾ കടുത്തതാണ് നിലവിലെ സാഹചര്യം. അതിജീവിക്കണമെങ്കിൽ ഒന്നിച്ചു നിന്നെ പറ്റൂ'' റൂഹാനി പറഞ്ഞതായി ഔദ്യോഗിക ന്യൂസ് ഏജൻസിയായ ഇർനറിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ ഉയർത്തുന്ന പ്രശ്നം ചർച്ച ചെയ്യാൻ സൗദി അറേബ്യ അടിയന്തര ജി.സി.സി, അറബ് ലീഗ് യോഗം വിളിച്ചിട്ടുണ്ട്. യു.എ.ഇ തീരത്ത് സൗദിയുടെ രണ്ട് എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് യോഗം വിളിച്ചത്. മെയ് 30ന് മക്കലിയായിരിക്കും യോഗം നടക്കുകയെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

നിലവിലെ സാഹചര്യത്തിൽ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്നു പൗരൻമാർക്കു ബഹ്റൈൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഹോർമൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. പേർഷ്യൻ ഗൾഫിലുള്ള പെട്രോളിയം കയറ്റുമതിരാജ്യങ്ങൾക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടൽമാർഗ്ഗമാണിത്. ഇതടക്കമുള്ള വിഷയങ്ങൾ ജി.സി.സി രാജ്യങ്ങൾ ചർച്ച ചെയ്യും.

Read More >>