ചമ്പൽ റാണി ഇനി വെബ്‌സീരീസിൽ

ഫൂലൻദേവിയുടെ ജീവിതകഥയെ ആസ്പദമാക്കി ശേഖർ കപൂർ സംവിധാനം ചെയ്ത 'ബാൻഡിറ്റ് ക്വീൻ' എന്ന സിനിമ ഫൂലന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു. സാമൂഹികപ്രവർത്തനങ്ങളും മറ്റുമായി ഫൂലൻ പുതിയ ജീവിതത്തിൽ മുഴുകി. എല്ലാവരെയും മിത്രങ്ങളാക്കി മാറ്റി. പക്ഷേ അവിടെ അവർക്ക് ചുവടുപിഴച്ചു. ഭൂതകാലത്തിന്റെ കരിനിഴലുകൾ അവരെ വേട്ടയാടിക്കൊണ്ടിരുന്നു.2001 ജൂലൈ രണ്ട് ബുധനാഴ്ച. എം പിമാരുടെ അശോകാ റോഡിലുള്ള ക്വാർട്ടേഴ്‌സില്‍ മാരുതി കാറിലെത്തിയ മൂന്നംഗസംഘം ഫൂലന് നേരെ നിറയൊഴിച്ചു.

ചമ്പൽ റാണി ഇനി വെബ്‌സീരീസിൽ

മുംബൈ: ഒരു കാലത്ത് കാടിന്റെ റാണിയായി വാണിരുന്ന ഫൂലൻദേവിയെ ഓർമ്മയില്ലേ? മദ്ധ്യപ്രദേശിലെ ചമ്പൽക്കാടുകളിലെ കൊള്ളക്കാരിയായിരുന്ന ഇവർ ഇന്ത്യൻ പാർലമെന്റ് അംഗം വരെ ആയി തീർന്നു.

തോക്കിൻകുഴലിലെ സ്ത്രീ ശബ്ദം, ചമ്പൽ റാണി എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് അർഹയായ വ്യക്തിത്വമാണ് ഫൂലൻ ദേവിയുടേത്. സംഭവബഹുലമായ ഫൂലൻ ദേവിയുടെ കഥയ്ക്ക് വീണ്ടും ദൃശ്യാവിഷ്‌കാരം ഒരുങ്ങുന്നു എന്ന വാർത്തയാണ് ബോളിവുഡിൽ നിന്നും വരുന്നത്.

'ഫൂലൻ ദേവി' എന്നു പേരിട്ടിരിക്കുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് ദിമാൻഷു ദുലിയയാണ്. തനിഷ്ത ചാറ്റർജിയാണ് ഫൂലൻ ദേവിയെ അവതരിപ്പിക്കുന്നത്. ഫൂലന്റെ ജീവിതകഥയെ ആസ്പദമാക്കി 25 വർഷങ്ങൾക്കു മുമ്പ് ശേഖർ കപൂർ 'ബാൻഡിറ്റ് ക്വീൻ' എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു. ആ ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ ആയി പ്രവർത്തിച്ച വ്യക്തിയാണ് ദിമാൻഷു ദുലിയ.

ഫൂലൻ ദേവിയുടെ ജീവിതവും മരണവും പ്രതിപാദിക്കുന്ന ചിത്രം 20 എപ്പിസോഡുകളായാണ് അണിയറപ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. 1981 ൽ ഉന്നത വർഗക്കാരായ ഇരുപതുപേരെ കൂട്ടക്കൊല ചെയ്തതോടെയാണ് ഫൂലന്റെ സംഘം ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് ചമ്പൽ കാടുകളിലെ കൊള്ളക്കാരിയായി വിഹരിച്ച ഫൂലൻ 1983ലാണ് കീഴടങ്ങിയത്.

പതിനൊന്ന് വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി ഫൂലൻ സമാജ് വാദി പാർട്ടിയിൽ ചേരുകയും പിന്നീട് ഇന്ത്യൻ പാർലമെന്റ് അംഗമാവുകയുമായിരുന്നു.തട്ടിക്കൊണ്ട് പോകൽ, കൂട്ടക്കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു ഫൂലൻ ദേവി.

ഭൂപടത്തിൽ കാണാൻ പോലും സാധിക്കാത്ത ഒരു കുഗ്രാമമായിരുന്നു ഗോരാ കാ പർവ. അവിടെയാണ് ഫൂലൻദേവി ജനിച്ചത്. ദലിത് വിഭാഗത്തിൽ ജനനം. ചാതുർവർണ്യ വ്യവസ്ഥയിൽ ഏറ്റവും താഴെയുള്ള ചണ്ഡാളത്തിയായി വളരാൻ അവൾ വിധിക്കപ്പെട്ടു. പതിനൊന്നാം വയസ്സിൽ ആദ്യവിവാഹം. ആദ്യ വിവാഹം നടന്നതുമുതൽ ഫൂലന്റെ ജീവിതത്തിൽ പീഡനവും തുടങ്ങി.

ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങേണ്ടിവന്നു കൊച്ചു ഫൂലന്. അന്ധവിശ്വാസങ്ങളുടെ വിളനിലമായ ഗ്രാമം പക്ഷേ ഫൂലനെ സ്വീകരിക്കാൻ മടിച്ചു. പന്ത്രണ്ടുവയസ്സായ കൊച്ചുഫൂലനെ വേശ്യയെന്നു വിളിക്കാൻ ഗ്രാമവാസികൾക്ക് മടിയുണ്ടായിരുന്നില്ല. വീട്ടുക്കാർക്ക് ഫൂലൻ ഒരു തുണയായിരുന്നു. അസാമാന്യ ധൈര്യമുള്ള ഒരു പെൺകുട്ടി. കൊച്ചനിയന് അവൾ സ്‌നേഹിക്കാൻ മാത്രമറിയാവുന്ന കൊച്ചു ചേച്ചി. ഭർത്താവ് ഉപേക്ഷിച്ച് പോയ ഉടൻ ഫൂലനെ ചമ്പൽക്കൊള്ളക്കാർ ബലാത്സംഗം ചെയ്തു.

പിന്നീട് ചമ്പൽക്കൊള്ളക്കാരുടെ കൂടെയായി ഫൂലന്റെ ജീവിതം. 20 വയസ്സായപ്പോഴേക്കും സ്വന്തമായി ഒരു കൊള്ളസംഘത്തെ നയിക്കാൻ ഫൂലൻ പ്രാപ്തയായി. സ്വന്തം ജീവിതത്തിൽ ജാതിയുടെ പേരിൽ ഫൂലൻ ഒട്ടനവധി പീഡനങ്ങൾ അനുഭവിച്ചു. ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ശാരീരിക പീഡനങ്ങൾക്കും പല തവണ ഫൂലൻ ഇരയായി.

2001 ജൂലൈ രണ്ട് ബുധനാഴ്ച. എം പിമാരുടെ അശോകാ റോഡിലുള്ള ക്വാർട്ടേഴ്‌സില്‍ മാരുതി കാറിലെത്തിയ മൂന്നംഗസംഘം ഫൂലന് നേരെ നിറയൊഴിച്ചു. അശോകമാർഗ്ഗിലെ ഔദ്യോഗിക വസതിക്കുമുന്നിലാണ് അവർ വെടിയേറ്റു മരിച്ചുവീണത്.

'ബാൻഡിറ്റ് ക്വീൻ' (1994) എന്ന ചിത്രം ശേഖർ കപൂറിന് അന്താരാഷ്ടപ്രശസ്തി നേടി കൊടുത്ത ചിത്രങ്ങളിൽ ഒന്നായിരുന്നു. പിന്നോക്ക സമുദായമായ മല്ല സമുദായത്തിൽ ജനിച്ച ഫൂലൻദേവി പീഡനങ്ങൾ സഹിച്ച് വളർന്ന് ചമ്പൽ കാടുകളെ വിറപ്പിച്ച കൊള്ളക്കാരിയാകുന്നതും പിന്നീട് കീഴടങ്ങുന്നതും വരെയുള്ള സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ പശ്ചാത്തലമായത്.

ഫൂലന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി മാലാ സെൻ രചിച്ച 'ഇന്ത്യാസ് ബാൻഡിറ്റ് ക്വീൻ: ദി ട്രൂ സ്‌റോറി ഓഫ് ഫൂലൻ ദേവി' എന്ന പുസ്തകത്തെ അവലംബിച്ചാണ് ചിത്രമിറങ്ങിയത്. സീമാ ബിശ്വാസാണ് ചിത്രത്തിൽ ഫൂലൻ ദേവിയുടെ ഭാഗം അഭിനയിച്ചത്.

ആ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും സീമ ബിശ്വാസ് നേടിയിരുന്നു. ആദ്യത്തെ സീസണിൽ ഫൂലൻ ദേവിയുടെ ജയിൽ ജീവിതം വരെയാണ് പറയുന്നത്. തുടർന്ന് ലോക് സഭ വരെയുള്ള യാത്ര രണ്ടാമത്തെ സീസണിലും ചിത്രീകരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

Read More >>