ചീമുട്ടയും ചെരുപ്പുമെറിഞ്ഞ് ഭയപ്പെടുത്തേണ്ടെന്ന് കമല്‍ഹാസന്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്‌സെയാണെന്ന പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം.

ചീമുട്ടയും ചെരുപ്പുമെറിഞ്ഞ് ഭയപ്പെടുത്തേണ്ടെന്ന് കമല്‍ഹാസന്‍

അറവകുറിച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ കല്ലേറും ചീമുട്ടയേറും കണ്ട് ഭയപ്പെട്ട് പിന്മാറില്ലെന്ന് മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ. ഓരോ ദിവസം കഴിയുന്തോറും രാഷ്ട്രീയത്തിന്റെ നിലവാരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ഇതൊന്നും വലിയ ഭീഷണിയായി തോന്നുന്നില്ലെന്നും പിൻമാറാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസമായിരുന്നു കമൽഹാസന്റെ റാലിക്കുനേരെ കല്ലേറും ചീമുട്ടയേറും ഉണ്ടായത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്‌സെയാണെന്ന പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. എന്നാൽ, ആക്രമണം നടത്തിയ രണ്ടംഗ സംഘത്തെ നീതി മയ്യം പ്രവർത്തകർ കൈയേറ്റം ചെയ്യുകയും തൂടർന്ന് പോലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പാറൻകുണ്ട്രം നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചരണം നടത്തവേ കമലിനു നേരെ ബി.ജെ.പി പ്രവർത്തകരുടെ ചെരുപ്പേറുമുണ്ടായിരുന്നു. ബി.ജെ.പി പ്രവർത്തകരും ഹനുമാൻ സേന പ്രവർത്തകരുമുൾപ്പെടുന്ന 11 അംഗ സംഘമായിരുന്നു ചെരുപ്പേറിന് പിന്നിൽ. കമൽഹാസൻ സംസാരിക്കുന്ന വേദിയ്ക്കുനേരെ ഇവർ ചെരിപ്പെറിയുകയായിരുന്നു.

പരാമർശത്തിന്റെ പേരിൽ കമൽഹാസനെതിരെ പത്തിലേറെ ക്രിമിനൽ കേസ്സുകളാണ് രജിസ്റ്റർ ചെയ്തത്. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് പോലീസ് കേസ്. അറവകുറിച്ചി നിയോജക മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കവേയായിരുന്നു കമൽഹാസൻ ഹിന്ദു തീവ്രവാദത്തെക്കുറിച്ച് പറഞ്ഞത്.

Read More >>