കേരളത്തിന്റെ സാമ്പത്തിക വളർച്ച പഠിക്കാൻ തോമസ് പിക്കറ്റി

പാരീസിൽ മുഖ്യമന്ത്രിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് പഠിക്കാനുള്ള സന്നദ്ധത തോമസ് പിക്കറ്റി പ്രകടിപ്പിച്ചത്.

തിരുവനന്തപുരം: സാമ്പത്തികവളർച്ചയുടെ കേരള മാതൃക ആഴത്തിൽ പഠിക്കാനും കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും താല്പര്യമുണ്ടെന്ന് പ്രഗത്ഭ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞൻ തോമസ് പിക്കറ്റി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

പാരീസിൽ മുഖ്യമന്ത്രിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് പഠിക്കാനുള്ള സന്നദ്ധത തോമസ് പിക്കറ്റി പ്രകടിപ്പിച്ചത്. സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ പിക്കറ്റിയുമായുള്ള ചർച്ച ഒരു മണിക്കൂറിലധികം നീണ്ടു. പാരീസ് സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫസറും ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തിയ വിദഗ്ധനുമായ ലൂകാസ് ചാൻസലും ചർച്ചയിൽ പങ്കെടുത്തു.

ഭൂപരിഷ്‌കരണത്തിലൂടെയും ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളിൽ നടത്തിയ വലിയ മുതൽമുടക്കിലൂടെയും കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് താൻ ഏറെ ബോധവാനാണെന്ന് പിക്കറ്റി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനപാതയാണ് കേരളത്തിൽ തന്റെ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ആരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകൾ ഉയർന്ന നിലവാരത്തിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രദ്ധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പുരോഗമനപരമായ നികുതിഘടന വേണമെന്ന് പിക്കറ്റി നിർദേശിച്ചു. കൂടുതൽ സമ്പത്തുള്ളവരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കണം. സമ്പന്നരുടെ നികുതി കുറയ്ക്കുന്നിന് ആഗോളമായി തന്നെ സമ്മർദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പല രാഷ്ട്രങ്ങളും ഇവരുടെ വാദഗതികളാണ് ഉയർത്തുന്നത്. ഭൂനികുതി, വസ്തുനികുതി, സ്വത്ത്‌നികുതി എന്നിവയുടെ ഘടന മാറണം. കൂടുതൽ സമ്പത്തുള്ളവരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കുന്ന വിധത്തിൽ നികുതി നിരക്ക് മാറിക്കൊണ്ടിരിക്കണം.സാമ്പത്തിക അസമത്വത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിന് സ്ഥിതിവിവരക്കണക്കുകൾ അത്യന്താപേക്ഷിതമാണ്. സാമൂഹിക രംഗത്ത് കൂടുതൽ മുതൽ മുടക്കിയാല്‍ അസമത്വം കുറയ്ക്കാം. ഇതേ കുറിച്ച് വിശദമായ അപഗ്രഥനത്തിന് സമഗ്രമായ ഡാറ്റാബേസ് ഉണ്ടാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് പിക്കറ്റി അഭ്യർത്ഥിച്ചു.

Read More >>