മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു; അതീവ ജാഗ്രതയില്‍ ശ്രീലങ്ക

തിങ്കളാഴ്ച രാത്രി കൊളംബോ വടക്കൻ മേഖലയിലുണ്ടായ സംഘർഷത്തിലാണ് മുസ് ലിം യുവാവ് കൊല്ലപ്പെട്ടത്.

മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു; അതീവ ജാഗ്രതയില്‍ ശ്രീലങ്ക

കൊളംബോ: മുസ്‌ലിം വിരുദ്ധ കലാപകാരികൾക്കെതിരെ അതീവ ജാഗ്രതയോടെ ശ്രീലങ്ക. കർഫ്യൂ നിലനിൽക്കെ മുസ്‌ലിം യുവാവിനെ ജനക്കൂട്ടം കൊലപ്പെടുത്തിയതിനു പിന്നാലെ പൊലീസും സുരക്ഷാ വിഭാഗവും അതീവ ജാഗ്രതയിലാണ്. 45കാരനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി കൊളംബോ വടക്കൻ മേഖലയിലുണ്ടായ സംഘർഷത്തിലാണ് മുസ് ലിം യുവാവ് കൊല്ലപ്പെട്ടത്. കർഫ്യൂ നിലനിൽക്കെയാണ് കൊലപാതകമെന്നത് ഗൗരവത്തോടെ കാണുന്നുവെന്ന് അധികൃതർ പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ആൾക്കൂട്ടം ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആശാരിപ്പണിക്കാരനായ ഇയാളുടെ കടയിലെത്തിയാണ് ആക്രമണം. സംഘർഷം തുടങ്ങിയതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കൊലാപതകമാണിതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. ' വടക്കുപടിഞ്ഞാറൻ മേഖലയിൽ ചിലർ മനഃപൂർവ്വം പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും പൊതുമുതൽ നശിപ്പിക്കുകയാണ്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിതി ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഒരു വിഭാഗം ഇപ്പോഴും പ്രശ്‌നങ്ങൾ വഷളാക്കാൻ ശ്രമിക്കുകയാണ്'-അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രശ്‌നബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. മുസ്‌ലിം വിരുദ്ധ സന്ദേശങ്ങൾ പ്രചരിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്ത് വാട്‌സ്ആപ്, ഫേസ്ബുക്ക് എന്നീ സാമൂഹ്യമാദ്ധ്യമങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ആക്രമണങ്ങളെത്തുടർന്ന് പ്രഖ്യാപിച്ച കർഫ്യൂ ഭാഗികമായി പിൻവലിച്ചെങ്കിലും വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ കർഫ്യൂ നിലനിൽക്കുമെന്ന് പൊലീസ് പറഞ്ഞു.

ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങൾക്ക് പിന്നാലെ മുസ്‌ലിം വിഭാഗത്തിന് നേരെ വ്യാപകമായ ആക്രമണമാണ് ശ്രിലങ്കയിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചെലവിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ ഒരു വിഭാഗം ക്രിസ്ത്യൻ ഗ്രൂപ്പുകൾ മുസ്‌ലിം വിഭാഗങ്ങളുടെ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും പള്ളികൾക്കും നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു. 'കൂടുതൽ ചിരിക്കരുത് ഒരു ദിവസം നിങ്ങൾക്ക് കരയേണ്ടി വരുമെന്നായിരുന്നു ഒരു മുസ്‌ലിം കച്ചവടക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് രാജ്യത്ത് വീണ്ടും ആക്രമണമുണ്ടാകുമെന്നതിന്റെ സൂചനയാണെന്ന് ആരോപിച്ച് ഒരു വിഭാഗം ക്രിസ്ത്യാനികൾ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പല പ്രദേശങ്ങളിലും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും മറ്റും പ്രയോഗിച്ചു.

Read More >>