നിലവാരം, യോഗ്യത എന്നിവയൊക്കെ അഭിനന്ദിക്കപ്പെടുന്നതും വിമർശിക്കപ്പെടുന്നതും ഭരിക്കുന്നവരുടെ ജാതിയും വംശവും നോക്കിയായത് എന്തുകൊണ്ടാണ്?

ആർക്കും ഉയർന്ന വിജയശതമാനത്തിൽ പരാതിയില്ല. നിലവാരം തകരുന്നേയെന്ന നിലവിളിയില്ല. ഉയരുന്ന ശതമാനം, തകരുന്ന നിലവാരം എന്നൊക്കെ ലേഖനമെഴുതി തകർത്ത സമയമാണ് അബ്ദുറബ്ബ് മന്ത്രിയായിരുന്ന ഭരണകാലം.

ജബ്ബാര്‍ ചുങ്കത്തറ

മലയാളികളുടെ മുസ്‌ലിം വംശീയത അറിയണമെങ്കിൽ ഇത്തവണത്തെ ഉയർന്ന വിജയശതമാനത്തോടുള്ള അവരുടെ പ്രതികരണം നോക്കിയാൽ മതി. ഐക്യ കേരളത്തിലെ ഏറ്റവും ഉയർന്ന വിജയ ശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയിട്ടുള്ളത്, 98.11 %. മലയാളം പത്രങ്ങളിൽ വാർത്തയുടെ തലക്കെട്ട് "റെക്കോർഡ് നേട്ടം", "ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനം", "പ്രളയത്തെ അതിജീവിച്ച വിജയത്തിന് തിളക്കമേറെ" എന്നൊക്കെയാണ്. ആർക്കും ഉയർന്ന വിജയശതമാനത്തിൽ പരാതിയില്ല. നിലവാരം തകരുന്നേയെന്ന നിലവിളിയില്ല. ഉയരുന്ന ശതമാനം, തകരുന്ന നിലവാരം എന്നൊക്കെ ലേഖനമെഴുതി തകർത്ത സമയമാണ് അബ്ദുറബ്ബ് മന്ത്രിയായിരുന്ന ഭരണകാലം.

വംശീയതാ ട്രോളുകൾ തീരെ കാണാനില്ല. ഇന്നലെ ആകെ കണ്ട ട്രോൾ ഇങ്ങനെയാണ് " ഇതൊന്നുമല്ല, റബ്ബിന്റെ കാലത്തെ പരീക്ഷയാണ് പരീക്ഷ, സ്‌കൂളിന്റെ പരിസരത്തൂടെ പോയവന് വരെ ഫുൾ എ പ്ലസ്". റബ്ബിന്റെ കാലത്തെ വിജയശതമാനം 97.99 ആയിരുന്നെങ്കിൽ ഇക്കുറിയത് 98.11 ശതമാനമാണ്. എങ്കിൽപ്പോലും പരിഹസിക്കപ്പെടുന്നത് ഒരു മുസ്‌ലിം മന്ത്രിയുടെ പരീക്ഷാ നേട്ടത്തെയാണ്.

പറയാനുള്ളത് ഇത്രയുമാണ്. നിലവാരം, യോഗ്യത, മെറിറ്റ് എന്നിവയൊക്കെ അഭിനന്ദിക്കപ്പെടുന്നതും വിമർശിക്കപ്പെടുന്നതും ഭരിക്കുന്നവരുടെ ജാതിയും വംശവും നോക്കിയാണ്. മലയാളിക്ക് വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം സമുദായം ഭരിക്കുന്നത് എന്നും വംശീയാധിക്ഷേപങ്ങൾക്കുള്ള കാരണമാണ്. ചാക്കീരി പാസായാലും, അറബി മുൻഷിമാരായാലും, ഗോപാലേട്ടന്റെ പശുവായാലും എല്ലാക്കാലത്തും തുടർന്ന് പോന്നിട്ടുണ്ട്. നായർ/ സിറിയൻ ക്രിസ്ത്യൻ വിഭാഗങ്ങൾ ഭരിച്ചപ്പോഴൊക്കെയും പരിഭവമേതുമില്ലാതെ മലയാളീ വംശീയബോധം കലവറയില്ലാതെ അവരെ പിന്തുണച്ചിട്ടുമുണ്ട്.

ചുരുക്കത്തിൽ മുസ്‌ലിം സമുദായം അധികാരം കയ്യാളുമ്പോൾ പൊതുബോധത്തിൽ പൊടുന്നനെയുയർന്ന വരുന്ന മെറിറ്റിനെ കുറിച്ചും യോഗ്യതകളെ ചൊല്ലിയുമുള്ള ചർച്ചകൾക്ക് നിലവാരവുമായോ പുരോഗമന ചിന്തകളുമായോ ഒരു ബന്ധവുമില്ല. മറിച്ച്, അത്തരം യോഗ്യതാ ഉൽകണ്ഠകൾ ഒന്നാന്തരം മുസ്‌ലിം വിരുദ്ധ വംശീയബോധത്തിന്റെ പ്രകടനങ്ങളാണ്. അല്ലാത്തപ്പോഴുള്ള കൗശല നിശ്ശബ്ദതകൾ ഉള്ളിലുറഞ്ഞ വംശീയബോധത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കൂടി മനസിലാക്കുക.

Read More >>