സ്വകാര്യ ബസ്സുകളില്‍ കയറാന്‍ പേടിച്ച് ദീര്‍‌ഘദൂര യാത്രക്കാര്‍; കെ.എസ‌്.ആർ.ടി.സി ബുക്കിങ‌് വർദ്ധിക്കുന്നു

സ്വകാര്യ ടൂറിസ്റ്റ‌് ബസുകൾക്കെതിരെ വ്യാപകപരാതികളുണ്ടായതോടെ യാത്രക്കാര്‍ വേഗത്തിൽ സീറ്റുകൾ ബുക്ക‌് ചെയ്യുകയാണെന്ന‌് അധികൃതർ പറഞ്ഞു.

സ്വകാര്യ ബസ്സുകളില്‍ കയറാന്‍ പേടിച്ച് ദീര്‍‌ഘദൂര യാത്രക്കാര്‍; കെ.എസ‌്.ആർ.ടി.സി ബുക്കിങ‌് വർദ്ധിക്കുന്നു

സ്വന്തം ലേഖകന്‍

പാലക്കാട‌്: അന്തർസംസ്ഥാന സർവീസ‌് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ‌് ബസുകൾക്കെതിരെ യാത്രക്കാരുടെ പരാതി ഉയർന്നതോടെ കെ.എസ‌്.ആർ.ടി.സി ബുക്കിങ്ങിന‌് തിരക്കേറുന്നു.

പാലക്കാട‌്നിന്ന‌് ബംഗളൂരുവിലേക്കും മംഗലാപുരത്തേക്കും ഓരോ ദീർഘദൂരബസുകളാണ‌് ദിവസവും സർവീസ‌് നടത്തുന്നത‌്. ബംഗളൂരുവിലേക്ക‌് രാത്രി ഒമ്പതിനും മംഗലാപുരത്തേക്ക‌് രാത്രി 9.20നുമാണ‌് സർവീസുള്ളത‌്. സ്വകാര്യ ടൂറിസ്റ്റ‌് ബസുകൾക്കെതിരെ വ്യാപകപരാതികളുണ്ടായതോടെ യാത്രക്കാര്‍ വേഗത്തിൽ സീറ്റുകൾ ബുക്ക‌് ചെയ്യുകയാണെന്ന‌് അധികൃതർ പറഞ്ഞു.

അന്തർസംസ്ഥാന സർവീസ‌് നടത്തുന്ന കെ.എസ‌്.ആർ.ടി.സി ബസ്സുകൾക്ക‌് സ‌്റ്റേജ‌് ഗ്യാരേജ‌് പെർമിറ്റാണ‌ുള്ളത‌്. ഇത്തരം ബസ്സുകൾക്ക‌് വിവിധ സ്ഥലങ്ങളിൽനിന്ന‌് ആളുകളെ കയറ്റാം.

അതിനാൽ തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, കോട്ടയം, എറണാകുളം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന‌് പുറപ്പെടുന്ന കെ.എസ‌്.ആർ.ടി.സിയുടെ ദീർഘദൂര ബസ്സുകളിലും ജില്ലയിൽ നിന്നുള്ള യാത്രക്കാർക്ക‌് സീറ്റ‌് ബുക്ക‌് ചെയ്യാം. കെ.എസ‌്.ആർ.ടി.സിയുടെ വെബ‌്സൈറ്റിൽ ഇതിന‌് സൗകര്യമുണ്ട‌്. സ്വകാര്യ ബസ്സുകളെക്കാൾ ടിക്കറ്റ‌് നിരക്ക‌് കുറവാണ‌് എന്നതും കെ.എസ‌്.ആർ.ടി.സിയിലേക്കുള്ള ആകര്‍ഷണീയ ഘടകമാണ്.

അന്തർസംസ്ഥാന സർവീസ‌് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ‌് ബസുകൾ കോൺട്രാക‌്ട‌് ഗ്യാരേജ‌് പെർമിറ്റുകളാണ‌്. പെർമിറ്റ‌് വ്യവസ്ഥ ലംഘിച്ച‌് വിവിധ സ്ഥലങ്ങളിൽനിന്ന‌് ആളുകളെ കയറ്റുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ‌് പരിശോധന ആരംഭിച്ചു. നൂറിലധികം സ്വകാര്യ ബസ്സുകള്‍ നടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്.

Read More >>