ഇന്ന് ബറാഅത്ത് രാവ്: സൂഫി ഹൃദയത്തിലെ വിശുദ്ധിയുടെ ബറാഅത്ത് രാത്രി

സൂഫികളുടെ ആഘോഷരാത്രിയാണ് ബറാഅത്ത് രാവ്. ഏറെ പുണ്യമുള്ള ഈ രാവിൽ ആദ്ധ്യാത്മിക ലോകത്തെ കലണ്ടർ അനുസരിച്ച് സൃഷ്ടികളുടെ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നു. അക്കാരണത്താലാണ് ഈ ദിനം ആരാധനകളാൽ അലങ്കരിക്കപ്പെട്ടത്.

ഇന്ന് ബറാഅത്ത് രാവ്: സൂഫി ഹൃദയത്തിലെ വിശുദ്ധിയുടെ ബറാഅത്ത് രാത്രി

ഫഖ്റുദ്ധീൻ പന്താവൂർ

രാത്രികൾ ഒത്തിരിയുണ്ട്. പല പേരിലുള്ള രാത്രികൾ. ഓരോ രാത്രികൾക്കുമുണ്ട് അതിന്റേതായ മൊഞ്ചും അഴകും വിശുദ്ധിയുമൊക്കെ. ആത്മവിശുദ്ധിയുടെ അധികകുപ്പായമിട്ട രാത്രികളിൽ സൂഫി ഹൃദയമുള്ളവർ ഒരു വർഷത്തിൽ ഏറെ ഗൗരവത്തിൽ കാണുന്ന രാത്രിയാണ് ബറാഅത്ത് രാത്രി. ശഅബാൻ പകുതിയുടെ രാത്രി.

സൂഫികളുടെ ആഘോഷരാത്രിയാണ് ബറാഅത്ത് രാവ്. ഏറെ പുണ്യമുള്ള ഈ രാവിൽ ആദ്ധ്യാത്മിക ലോകത്തെ കലണ്ടർ അനുസരിച്ച് സൃഷ്ടികളുടെ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നു. അക്കാരണത്താലാണ് ഈ ദിനം ആരാധനകളാൽ അലങ്കരിക്കപ്പെട്ടത്.

ബറാഅത്ത് രാത്രിയുടെ വിശുദ്ധി തിരിച്ചറിയണമെങ്കിൽ അതിന്റെ ആദ്ധ്യാത്മിക രഹസ്യം തിരിച്ചറിയണം. ചില രഹസ്യങ്ങൾ രഹസ്യങ്ങളായിത്തന്നെ ഒഴുകിപ്പരക്കുന്നതിലൊരു പൊതുനന്മയുണ്ട്. അതാവാം വളരെക്കുറച്ചുപേർക്കത് തിരിച്ചറിയപ്പെടാൻ കാരണം. വിശുദ്ധമായ മസ്ജിദുൽ അഖ്സയിൽ നിന്നും വിശുദ്ധ കഅബയിലേക്ക് കിബിലയെ മാറ്റിയ രാത്രിയാണ് ബറാഅത്ത് രാത്രി. മാറ്റങ്ങൾക്ക് ഈ രാത്രിയിൽ കൂടുതൽ സാധ്യത വർധിക്കുന്നു. നമ്മുടെ പ്രാർത്ഥനക്കനുസരിച്ച് ജീവിത വിഭവങ്ങളിൽ,നന്മയുള്ള ആയുസ്സിൽ, പ്രിയപ്പെട്ടവരുടെ മരണാനന്തര ജീവിതത്തിലെല്ലാം മാറ്റങ്ങൾ സംഭവിക്കുന്ന രാത്രി.

അല്ലാഹുവിന്റെ വിധികളിൽ അല്ലാഹുതന്നെ മാറ്റം വരുത്തുന്ന രാത്രിയാണ് ബറാഅത്ത് രാത്രി. ഓരോർത്തരുടെയും എല്ലാ കാര്യങ്ങളും ലൗ ഹുൽ മഹ്ഫൂളിൽ ആദ്യമെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ മാറ്റം വരുത്തുന്നില്ല പടച്ച തമ്പുരാൻ. മറിച്ച് പുതിയവ ചേർക്കുകയാണ് ചെയ്യുക. സ്വന്തം തീരുമാനങ്ങൾ സന്ദർഭങ്ങൾക്കനുസരിച്ച് മാറ്റാനും മാറ്റാതിരിക്കാനും കഴിയില്ലെങ്കിൽ പൂർണ്ണനായ ദൈവമാകുന്നതെങ്ങനെ? ബറാഅത്ത് രാവിലെ പ്രാർത്ഥനക്കനുസരിച്ച് അല്ലാഹു അവന്റെ സൃഷ്ടികളിലെ വിധികളിൽ തീരുമാനങ്ങളിൽ പുതിയത് ചേർക്കുന്നു. ഓരോ ബറാഅത്ത് രാവുകളും സൂഫികളും സൂഫി ഹൃദയമുള്ളവരും അവരെ സ്നേഹിക്കുന്നവരും ആഘോഷിക്കുന്നത് ഇതിനാലാണ്.

രാപ്പകൽ നിസ്കാരം ലൗഹുൽ മഹ്ഫൂളിൽ 50 എന്ന് തന്നെയാണ്. അങ്ങനെയായിരുന്നു അല്ലാഹു ആദ്യം നബിക്ക് സമ്മാനമായി നൽകിയത്. മുത്ത് നബിയുടെ പ്രാർത്ഥനയിലത് കുറച്ച് 5 എന്നാക്കി. അമ്പത് എന്നത് മായിച്ചുകളഞ് അഞ്ച് എന്നാക്കുകയായിരുന്നല്ല. മറിച്ച് അല്ലാഹുതന്നെ പുതിയൊരു തീരുമാനമുണ്ടാക്കുകയായിരുന്നു. ഇങ്ങനെ മാറ്റങ്ങൾ ഉണ്ടാക്കുന്ന രാത്രിയാണ് ശഅബാൻ 15 ലെ ബറാഅത്ത് രാത്രി.ഇതിന്റെ വിശുദ്ധി തിരിച്ചറിയാത്തവർക്ക് ഈ രാവും മറ്റേതുരാവുകൾപോലൊരു സാധാരണ രാവെന്ന് തോന്നും. അവരെ കുറ്റപ്പെടുത്തണ്ട,വഴക്കുപറയണ്ട.

"അൽവാഹുൽ മഹ് വി വൽ ഇസ്ബാത്" എന്നൊരു ഫലകമുണ്ട്. അതായത് മാറ്റങ്ങൾ രേഖപ്പെടുത്താനും ചിലത് സ്ഥിരപ്പെടുത്താനുമുള്ള ഇടം. ഇതിലാണ് ഈ ദിനത്തിലെ മാറ്റങ്ങൾ അല്ലാഹുരേഖപ്പെടുത്തുക. ലൗഹുൽ മഹ്ഫൂളിലേത് ഒരിക്കലെഴുതിയാൽ പിന്നീടൊരിക്കലുമത് മാറ്റി അവിടെ മറ്റൊന്ന് രേഖപ്പെടുത്തില്ല. പ്രാർത്ഥനകളാലും ശിപാർശകളാലുമാണ് ഈ മാറ്റങ്ങൾ സാധ്യമാവുക. കൂടുതൽ പ്രാർത്ഥിക്കുക. സൂഫിയുടെ ഖൽബിൽ പ്രാർത്ഥനകൾ ഈശ്വരപ്രണയത്തിന്റെ മൃദുമന്ദഹാസങ്ങളാണ്. തീരുമാനങ്ങളെ മാറ്റാനും പുതിയവ ഉണ്ടാക്കാനും അല്ലാഹുവിന് കഴിയും.അതിനൊരു ദിവസമാണ് ശഅബാൻ 15. ഏതു ആവശ്യങ്ങളും ഏതുരൂപത്തിലും പ്രാർത്ഥിക്കാം.

പ്രാർത്ഥനയില്ലാതെ ദൈവികപ്രണയത്തിന്റെ ആനന്ദം അനുഭവിക്കാനാവില്ല. അല്ലാഹുവിനോട് ഒരു അടിമ എന്ത് ആവശ്യപ്പെട്ടാലും അല്ലാഹു സ്വീകരിക്കും. അവിടെ ലോജിക്കിന്റെ പ്രശ്നം ഉദിക്കുന്നില്ല. പ്രാർത്ഥനയിൽ ചോദിക്കുന്ന കാര്യങ്ങൾക്ക് മടികാണിക്കേണ്ടതില്ലെന്ന് സൂഫികൾ പഠിപ്പിക്കുന്നു.

പ്രാർത്ഥനകളിലൂടെ അല്ലാഹുതന്നെ സ്വന്തം തീരുമാനങ്ങളെ മാറ്റുമെന്ന് നാം മനസിലാക്കി.അല്ലാഹുവിന്റെ മാറ്റങ്ങൾ ചോദ്യം ചെയ്യുന്നവൻ അന്ത്യനാൾ വരെ വിഢിയാണ്. അതായത് യോഗ്യത നഷ്ടപ്പെട്ടവൻ.വിശുദ്ധഖുർആനിൽ ഇത്തരക്കാരെ പരാമർശിച്ചത് സഫീഹ് എന്ന വാക്കുപയോഗിച്ചാണ്.

എന്തിനും ഏതിനും തെളിവുകൾ ചോദിക്കുന്നവരാണ് ചിലർ. ആത്മീയ രഹസ്യങ്ങൾ തെളിവുകളുടെ ബലത്താൽ ബുദ്ധിയുടെ ദാഹത്തെ ശമിപ്പിക്കുന്നതല്ല. ഖൽബിലൂടെ കാണാനും കേൾക്കാനും ആസ്വദിക്കാനും കഴിയുന്നവർക്ക് മാത്രമെ ഇതുപോലുള്ള ആത്മീയ ചൈതന്യമുള്ള വിശേഷാൽ ദിനങ്ങളുടെ പ്രാധാന്യങ്ങൾ ശരിയായ അർത്ഥത്തിൽ ഉൾകൊള്ളാനാവൂ.ഖൽബിന്റെ ദാഹം തീർക്കുന്നതാകണം വിശ്വാസങ്ങൾ. അതില്ലാതെ പോകുമ്പോഴാണ് വിശ്വാസങ്ങളെ തെളിവുകളാൽ അലങ്കരിക്കാൻ ശ്രമിക്കുന്നത്.

മുത്തുച്ചിപ്പിയുടെ തോട് തേടുന്നവന് അത് മാത്രം കിട്ടുന്നു. തോട് പൊട്ടിയ്ക്കാൻ കഴിയുന്നവർക്ക് മാത്രമുള്ളതാണ് മുത്ത്. വിശ്വ പ്രസിദ്ധ സൂഫിഗുരു ഇമാം ഗസ്സാലിയുടെ ഈ വാക്കിലുണ്ട് എല്ലാരഹസ്യങ്ങളും എല്ലാവർക്കുമുള്ളതല്ലെന്ന സത്യം.

ഹൃദയത്തെ മാറ്റിമറിയ്ക്കലാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ രാസവിദ്യ. മണ്ണിനെ സ്വർണ്ണമാക്കുന്ന ആൽക്കെമിയാണത്. ദൈവികത ഹൃദയത്തിൽ നിറഞ്ഞ ആധ്യാത്മമനുഷ്യർ എക്കാലവും യത്നിച്ചത് ആ ഹൃദയമാറ്റത്തിനാണ്.അതിന് ഏറ്റവും അനുയോജ്യമായൊരു ദിനം കൂടിയാണ് ബറാഅത്ത് രാത്രി.

സ്നേഹവും കാരുണ്യവുമാണ് ഹൃദയത്തെ മാറ്റിത്തീർക്കുന്ന ദിവ്യഭാവങ്ങൾ. പ്രാർത്ഥനയുടെയും ജീവിതത്തിന്റെയും അകക്കാമ്പുകൾ അതു മാത്രമാകുമ്പോൾ ഉത്തരം നൽകുവാനായി വെമ്പൽ കൊള്ളുന്ന പടച്ചവനെ നമുക്ക് ലഭിക്കും. എന്നാൽ സൂഫി മനസ്സിൽ ഹൃദയത്തിലെ ദിവ്യഭാവങ്ങളായ സ്നേഹത്തെയും കാരുണ്യത്തെയും പടിയിറക്കി, പകരം ഭയത്തെയും കുറ്റബോധത്തെയും കുത്തിനിറക്കുന്നില്ല.

ഭീഷണിയുടെയും ഭീതിപ്പെടുത്തലിന്റെയും ഭാഷയിൽ സംസാരിച്ചുകൊണ്ടിരിക്കുവാൻ സൂഫി ഹൃദയങ്ങൾക്കാവില്ല.

( അധ്യാപകനും മാധ്യമപ്രവർത്തകനുമായ ലേഖകൻ ഹൈദരാബാദ് ജാമിഅ നിസാമിയ്യയിൽ നിന്ന് നിസാമി ബിരുദവും ഖുർആനിൽ കാമിലിയും പൂർത്തിയാക്കിയിട്ടുണ്ട്.)

Read More >>