തെരഞ്ഞെടുപ്പിന് സംസ്ഥാനം സജ്ജം

വോട്ടിങ് രാവിലെ ഏഴു മുതല്‍ ആറുവരെ, പ്രശ്നബാധിത ബൂത്തുകളിൽ കണ്ണൂർ ഒന്നാമത്, അധികമായി കേരളത്തില്‍ 5100 വിവിപാറ്റ് യന്ത്രങ്ങൾ

തെരഞ്ഞെടുപ്പിന് സംസ്ഥാനം സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഒരുക്കങ്ങൾ വിലയിരുത്തി . വോട്ടിങ് യന്ത്രങ്ങളുടെ വിതരണവും ബൂത്തുകളുടെ സുരക്ഷയും അദ്ദേഹം വിലയിരുത്തി.

സംസ്ഥാനത്താകെ 24970 പോളിങ് സ്‌റ്റേഷനുകളാണ് ഉള്ളത്. അത്രതന്നെ യന്ത്രങ്ങളും ആവശ്യമാണ്. തെരഞ്ഞെടുപ്പിന് എത്തിച്ച വോട്ടിങ് യന്ത്രങ്ങളിൽ 12 എണ്ണം തകരാറിലായതായി കണ്ടെത്തിയിരുന്നു. ഇവക്കു പകരം മുൻകരുതലായി സംസ്ഥാനത്താകെ 5100 വിവിപാറ്റ് യന്ത്രങ്ങൾ അധികം അനുവദിച്ചിട്ടിണ്ട്. കൂടുതൽ വിവിപാറ്റ് യന്ത്രങ്ങൾ എത്തിച്ചത് കണ്ണൂരിലാണ്. 1100എണ്ണം. വയനാട്ടിൽ 400ഉം. ബാക്കി 12 ജില്ലകളിലായി 300 വിവിപാറ്റ് യന്ത്രങ്ങളാണ് നൽകിയത്. 140 നിയമസഭാ മണ്ഡല കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങൾ 22ന് രാവിലെ അസി. റിട്ടേണിങ് ഓഫിസർമാർക്കു കൈമാറും. ഉച്ചയോടെ യന്ത്രങ്ങളുമായി പോളിങ് ബൂത്തിലെത്തുന്ന ഉദ്യോഗസ്ഥർ അന്നുതന്നെ വോട്ടിങ്ങിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടിങ്. സംസ്ഥാനത്താകെ 5886 പ്രശ്‌നബാധിത പോളിങ് സ്‌റ്റേഷനുകളാണ് ഉള്ളത്. ഇതിൽ 425 എണ്ണം അതീവ പ്രശ്‌നബാധിതവും 817 എണ്ണം ഗുരുതര പ്രശ്‌നബാധിതവുമാണ്. പാലക്കാട്, മലപ്പുറം, ജില്ലകളിലായി തീവ്ര ഇടതു സംഘടനകളുടെ ഭീഷണിയുള്ള 162 ബൂത്തുകളും ഉണ്ട്. മാവോയിസ്റ്റ് മേഖലയിൽ പൊലീസ് പ്രത്യേക സുരക്ഷയൊരുക്കും.

പ്രശ്ന ബാധിത ബൂത്തുകളിൽ കണ്ണൂർ ഒന്നാമത്

ലോക്‌സഭ തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രശ്ന ബാധിത ബൂത്തുകളിൽ കണ്ണൂർ ഒന്നാമത്. 1487 പ്രശ്നബാധിത ബൂത്തുകൾ ജില്ലയിൽ ഉണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അന്തിമ റിപ്പോർട്ടിലെ കണക്ക്.

39 ഇടങ്ങളിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 16 കമ്പനി കേന്ദ്ര സേന കണ്ണൂരിൽ എത്തും. ജില്ലയിലെ ആകെയുള്ള 1857 ബൂത്തുകളിൽ 1487ഉം പ്രശ്‌നബാധിതമാണ്. ഗുരുതര സ്ഥിതിയുള്ളത് 134 ബൂത്തുകളിലാണ്. 274 ബൂത്തുകൾ അതീവ പ്രശ്നബാധിതവും 1079 ബൂത്തുകൾ പ്രശ്നബാധിതവുമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് ഭീമമായ ഭൂരിപക്ഷം കിട്ടിയ ബൂത്തുകളും ഈ പട്ടികയിൽ പെടും. കർണാടക പൊലീസിൽ നിന്ന് 200ഉം തമിഴ്‌നാട് സേനയിൽ നിന്ന് നൂറ് പൊലീസുകാരും എത്തും.

കണ്ണൂര്‍ ജില്ലയിൽ അയ്യായിരത്തിലേറെ പൊലീസുകാരുടെ സേവനം ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Read More >>