സിനിമയും കലയും ആരുടേയും സ്വകാര്യസ്വത്തല്ല: പാർവ്വതി

ഇപ്പോൾ നടക്കുന്നത് സാമൂഹിക വിചാരണയാണെന്നും എന്നാൽ അതിൽ ഡബ്ലു.സി.സിക്കോ തനിക്കോ ആശങ്കയില്ലെന്നും ആരെത്ര വൈകിപ്പിച്ചാലും നീതി ലഭിക്കുകതന്നെ ചെയ്യുമെന്നും പാർവ്വതി വ്യക്തമാക്കി.

സിനിമയും കലയും ആരുടേയും സ്വകാര്യസ്വത്തല്ല: പാർവ്വതി

സിനിമയിൽ അവസരം കിട്ടിയില്ലെങ്കിൽ താനത് സൃഷ്ടിക്കുമെന്ന് നടി പാർവ്വതി തിരുവോത്ത്. സിനിമയും കലയും ആരുടെയും സ്വകാര്യസ്വത്തല്ലെന്നും, അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നത് തന്നെ വിഡ്ഢിത്തമാണെന്നും പാർവ്വതി പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് സാമൂഹിക വിചാരണയാണെന്നും എന്നാൽ അതിൽ ഡബ്ലു.സി.സിക്കോ തനിക്കോ ആശങ്കയില്ലെന്നും ആരെത്ര വൈകിപ്പിച്ചാലും നീതി ലഭിക്കുകതന്നെ ചെയ്യുമെന്നും പ്രമുഖ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പാർവ്വതി വ്യക്തമാക്കി.

'വിചാരണ വൈകിപ്പിക്കുന്നവരുടെ പ്രവൃത്തികൾ ആളുകൾ കാണുന്നുണ്ട്. അതുവഴി സത്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കൂറുമാറ്റം അടക്കമുള്ള കാര്യങ്ങളിൽ അവർ ചെയ്യിപ്പിക്കുന്നതും ചെയ്യുന്നതും ആളുകൾ കാണുന്നുണ്ട്. ഇതും ഒരു വിചാരണയാണ്. മലയാള സിനിമയിൽ അരക്ഷിതാവസ്ഥയില്ലെന്ന് പറയാൻ തനിക്കു കഴിയില്ലെ'ന്നും പർവ്വതി പറഞ്ഞു. ഡബ്ല്യു.സി.സിയും അമ്മയും മുമ്പ് എങ്ങനെ ആയിരുന്നോ അതുപോലെതന്നെയാണ് ഇപ്പോഴും. അതേസമയം, ഈ അവസ്ഥയിൽ പുതിയ ആളുകൾ വന്നാൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. ഒരുപാട് ഭീതിയുണർത്തുന്ന ഘട്ടത്തിൽക്കൂടിയാണ് ഇന്ത്യൻ രാഷ്ട്രീയം കടന്നുപോകുന്നതെന്നും പാർവതി കൂട്ടിച്ചേർത്തു. എന്റെ കാര്യത്തിൽ മാത്രമല്ല ഡബ്ല്യു.സി.സിയിൽ (വനിതാ കൂട്ടായ്മ) അംഗമാകാത്തവർക്കും നമ്മളെ പിന്തുണച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷം സിനിമ നഷ്ടമായി. കാര്യം അവിടെ ഒരു സംഘമുണ്ട്. വരും വർഷങ്ങളിൽ അതിന്റെ തകർച്ച കാണാൻ കഴിയും. സിനിമയാണ് പ്രധാനം. സിനിമയ്ക്കതീതമായി വ്യക്തികൾക്ക് ഒരു പ്രാധാന്യവുമില്ല' - പുതിയ ചിത്രമായ ഉയരെയുടെ വിശേഷങ്ങൾ പങ്കുവയ്ക്കവെയാണ് പാർവ്വതി മനസ്സു തുറന്നത്.

ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥപറയുന്ന ചിത്രമാണ് ഉയരെ. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവ്വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. പല്ലവി എന്ന കഥാപാത്രമായാണ് പാർവ്വതി അഭിനയിക്കുന്നത്. സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്നത് ബോബി സഞ്ജയ് ആണ്. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാർവ്വതിയും ബോബി സഞ്ജയ്യും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഉയരെ.

Read More >>