വിദ്യാഭ്യാസ വായ്പ: തട്ടിപ്പുസംഘങ്ങള്‍ സജീവം

ബോധവല്‍ക്കരണവുമായി ബാങ്കുകള്‍

വിദ്യാഭ്യാസ വായ്പ: തട്ടിപ്പുസംഘങ്ങള്‍ സജീവം

നിഖില്‍ എസ് ബാലകൃഷ്ണന്‍

അദ്ധ്യയനവർഷം തുടങ്ങുന്നതിനുമുമ്പ് വിദ്യാഭ്യാസ വായ്പാ തട്ടിപ്പുസംഘങ്ങള്‍ സംസ്ഥാനത്ത് സജീവമാകുന്നു. ഇതരസംസ്ഥാന വിദ്യാഭ്യാസ കച്ചവട ലോബികളാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ട് സംസ്ഥാനത്ത് വേരുറപ്പിക്കുന്നത്. പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രമുഖ ബാങ്കുകൾ ബോധവൽക്കരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

ഇതരസംസ്ഥാനങ്ങളിലെ കോളജുകളിൽ എളുപ്പത്തിൽ പ്രവേശനം ലഭ്യമാക്കാമെന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. മലയാളികളായ നിരവധി ഏജന്റുമാരെ ഇതിനുമാത്രമായി തട്ടിപ്പുസംഘങ്ങൾ ഇറക്കിയിട്ടുണ്ട്. വിദ്യാലയങ്ങളും വീടുകളും കയറിയിറങ്ങി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മോഹനവാഗ്ദാനങ്ങൾ നൽകുകയാണ് ഏജന്റുമാരുടെ ജോലി. കോളജുകളുടെ മനോഹരചിത്രങ്ങളും ഫീസ് ഘടന വിവരിക്കുന്ന ബ്രോഷറുകളും വീഡിയോകളും കാണിച്ചുള്ള തട്ടിപ്പില്‍ പല കുട്ടികളും രക്ഷിതാക്കളും വീഴുന്നുണ്ട്.

നഴ്‌സിങ് രംഗത്താണ് പ്രധാനമായും തട്ടിപ്പ് സംഘങ്ങൾ പിടിമുറുക്കുന്നത്. എം.ബി.എ കോഴ്‌സുകളിലേക്ക് പ്രവേശനം ഉറപ്പുനൽകിയും തട്ടിപ്പുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള നഴ്‌സിങ് കോഴ്‌സിന് അതത് സംസ്ഥാനത്തെയും കേരളത്തിലെയും ദേശീയ നഴ്‌സിങ് കൗൺസിലിന്റെയും അംഗീകാരം ആവശ്യമാണ്. ഈ അംഗീകാരമുള്ള സ്ഥാപനങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമാണ്. ഇക്കാര്യം മറച്ചുവച്ചാണ് റിക്രൂട്ട്‌മെന്റ്. ഏജന്റുമാര്‍ക്കു പുറമേ രണ്ടും മൂന്നും വർഷ കോളജ് വിദ്യാർത്ഥികളെയും കുട്ടികളെ വലയിലാക്കാന്‍ ഉപയോഗിക്കുന്നു.

ഒരു കുട്ടിയുടെ അഡ്മിഷന് 25,000മുതൽ 30,000 രൂപവരെ കമ്മീഷൻ ലഭിക്കുമെന്നതിനാല്‍ കോളജുകളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും ഏറെ താല്‍പര്യം. ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കോഴ്‌സുകൾക്ക് ചേരുന്ന കുട്ടികൾക്ക് അവിടുത്തെ ഭാഷ, ആഹാരം, കാലാവസ്ഥ എന്നിവയുമായി പൊരുത്തപ്പെടാൻ സമയം ആവശ്യമാണ്. ഈ ബുദ്ധിമുട്ടുകൾ കാരണം ഒന്നാംവർഷ പരീക്ഷ പലപ്പോഴും ജയിക്കാൻ കഴിയില്ല.

ഒന്നാം വർഷ പരീക്ഷ ജയിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ രണ്ടാം വർഷത്തിനുള്ള തുക ബാങ്കുകൾ നൽകൂ. വെളിയിൽ നഴ്‌സിങ് പാസായവർക്ക് കേരളത്തിലെ ആശുപത്രികളിൽ പൊതുവേ അവസരങ്ങളും കുറവാണ്.

ഏജന്റുമാർ മുഖേന വിദ്യാഭ്യാസ വായ്പയെടുത്തവരാണ് തിരിച്ചടയ്ക്കാൻ പാടുപെടുന്നവരിൽ അധികവുമെന്ന് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലിന്റെ സർവേ പറയുന്നു.

നഴ്‌സിങ്ങിന് ആളുകുറഞ്ഞതോടെയാണ് എം.ബി.എ, ബി.ബി.എ ഏവിയേഷൻ പോലുള്ള കോഴ്‌സുകളിലേക്ക് കുട്ടികളെ ആകര്‍ഷിച്ചു തട്ടിപ്പ് തുടങ്ങിയത്. പഠനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥാപനവും തട്ടിപ്പുകാരും തമ്മിലാണ് ഇടപാട്.

ലക്ഷക്കണക്കിന് രൂപ ഫീസെന്ന് പറഞ്ഞ് അത്രയും പണം വിദ്യാർഥിയിൽ നിന്ന് തട്ടിയെടുത്ത് സ്ഥാപനങ്ങളും തട്ടിപ്പുകാരും വിതംവയ്ക്കുകയാണ് പതിവ്. കുട്ടികളെ കേരളത്തിൽ കണ്ടെത്തി കോളജ് വരെ എത്തിച്ചു നൽകുകയാണ് ഏജന്റുമാരുടെ ജോലി. തട്ടിപ്പ് പെരുകുന്ന സാഹചര്യത്തിലാണ് ഓരോ ജില്ലയിലെയും ലീഡ് ബാങ്കുകളുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്കും രക്ഷിതാക്കൾക്കുമാണ് ബോധവൽക്കരണം.

ഉപരിപഠനത്തിന് വിദ്യാഭ്യാസ വായ്പ ആവിശ്യമാണെന്ന് തോന്നുന്ന ആർക്കും പങ്കെടുക്കാം. ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലേഴ്‌സാണ് ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

ആർക്കൊക്കെ വിദ്യാഭ്യാസ വായ്പ ലഭിക്കും, അംഗീകൃത കോഴ്‌സുകൾ ഏതെല്ലാം, അംഗീകൃത കോളജുകൾ ഏതൊക്കെ തുടങ്ങി വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.

Read More >>