സിനിമയിൽ മദ്യപാനം- പുകവലി വേണ്ട; ഇത് പമ്പര വിഡ്ഢിത്തം; പ്രതികരിച്ച് താരങ്ങൾ

നിരോധനം പമ്പര വിഡ്ഢിത്തമാണെന്നും ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ബഹുപാർട്ടി പ്രാതിനിധ്യമുള്ള ഒരു നിയമസഭാസമിതി വിഷയത്തിൽ ചുക്കാൻ പിടിക്കുന്നതെന്നും മുരളി ഗോപി

സിനിമയിൽ മദ്യപാനം- പുകവലി വേണ്ട; ഇത് പമ്പര വിഡ്ഢിത്തം; പ്രതികരിച്ച് താരങ്ങൾ

സിനിമകളിൽ നിന്നും മദ്യപാന-പുകവലി രംഗങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവുമായി നിയമസഭാസമിതി രംഗത്തു വന്ന വാർത്തയ്ക്കെതിരെ പ്രതികരിച്ച് ചലച്ചിത്ര പ്രവർത്തകർ രംഗത്ത്. ഇതിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരവധി ട്രോളുകളും വരുന്നുണ്ട്. നിരോധനം പമ്പര വിഡ്ഢിത്തമാണെന്നും ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ബഹുപാർട്ടി പ്രാതിനിധ്യമുള്ള ഒരു നിയമസഭാസമിതി വിഷയത്തിൽ ചുക്കാൻ പിടിക്കുന്നതെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പ്രമുഖ നടൻമാരും സംവിധായകരും പ്രതികരണങ്ങളറിയിച്ചിരിക്കുന്നത്.

'കലാസൃഷ്ടിയുടെ സ്വതന്ത്ര പ്രക്രിയകളെ ചങ്ങലയ്ക്കിടുന്ന ഇത്തരം നീക്കങ്ങൾ പമ്പര വിഡ്ഢിത്തത്തിൽ നിന്ന് പിറക്കുന്നതാണ് എന്ന് വിശ്വസിക്കാൻ എളുപ്പമാണ്. പക്ഷെ ഇതിനെ, ഇവിടെ വച്ച്, ഇപ്പോൾ നേരിട്ടില്ലെങ്കിൽ വളരെ വലിയ അവകാശ ധ്വംസനങ്ങളിലേക്ക് അത് നയിക്കപ്പെടും എന്ന കാര്യത്തിൽ തർക്കമേ വേണ്ട, പ്രത്യേകിച്ചും ബഹുപാർട്ടി പ്രാതിനിധ്യം ഉള്ള ഒരു നിയമസഭാ സമിതി ഇതിന്റെ ചുക്കാൻ പിടിക്കുമ്പോൾ. ഇതിൽ പ്രകടമാകുന്നത് ജനാധിപത്യമൂല്യങ്ങളെക്കുറിച്ചുള്ള ശുദ്ധ അറിവില്ലായ്മയാണ്. ഇത്തരം വിഡ്ഢിത്തങ്ങൾക്കെതിരേ പൊരുതിയില്ലെങ്കിൽ ഇതിനും ''വലിയ വില കൊടുക്കേണ്ടി വരും''. മുരളി ഗോപി എഴുതി. വില്ലൻമാരുടെ ക്ഷേമം കൂടി കണക്കിലെടുത്ത് ഇത് എപ്പോഴോ നിരോധിക്കേണ്ടതായിരുന്നുവെന്നാണ് ഹരീഷ് പേരടിയുടെ പ്രതികരണം. 'വില്ലൻമാരുടെ ക്ഷേമം കൂടി കണക്കിലെടുത്ത് ഇത് എപ്പഴോ നിരോധിക്കേണ്ടതാണെന്നാണ് ടേക്കുകൾ കൂടുമ്പോൾ എത്ര കോലയാണ് ഓരോ വില്ലനും കുടിക്കുന്നത്.'- ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.സംവിധായകൻ വിസി അഭിലാഷ് വിഷയത്തോട് രൂക്ഷമായി പ്രതികരിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. സിനിമ തന്നെ നിരോധിക്കണം എന്നാണ് തന്റെ അഭിപ്രായമെന്ന് ഈ വാർത്തയോട് പ്രതികരിച്ച് അദ്ദേഹം പറയുന്നു. മിക്കി മൗസ്, ടോം & ജെറി സിനിമകൾക്ക് മാത്രമേ പ്രദർശനാനുമതി കൊടുക്കാവൂവെന്നും ടിവിയിൽ കൊച്ചു ടിവി മാത്രം മതിയെന്നും അഭിലാഷ് പരിഹാസരൂപേണ പറഞ്ഞു.

Read More >>