ആദിത്യ വർമയുടെ ട്രെയിലറെത്തി; ധ്രുവ് വിക്രമിനെ ഏറ്റെടുത്ത് ആരാധകര്‍

അർജുൻ റെഡ്ഡിയോട് ചിത്രം നീതി പുലർത്തുന്നതാണ് 'ആദിത്യ വർമ'യുടെ പുതിയ ട്രെയിലർ

ആദിത്യ വർമയുടെ ട്രെയിലറെത്തി; ധ്രുവ് വിക്രമിനെ ഏറ്റെടുത്ത് ആരാധകര്‍

ചെന്നൈ: തമിഴ് സൂപ്പർ താരം വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായ 'ആദിത്യ വർമ'യുടെ ട്രെയിലർ പുറത്തിറങ്ങി. വിജയ് ദേവര കൊണ്ട നായകനായെത്തിയ സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിത്യ വർമ. ഗിരീശായയുടെയും ആദ്യ സംവിധാന സംരംഭമാണ് ആദിത്യ വർമ. അർജുൻ റെഡ്ഡിയോട് ചിത്രം നീതി പുലർത്തുന്നതാണ് 'ആദിത്യ വർമ'യുടെ പുതിയ ട്രെയിലർ എന്നാണ് ആരാധകരുടെ അഭിപ്രായം.


ധ്രുവിന്റെ പ്രകടനവും ഗംഭീരമായെന്നും വിലയിരുത്തുന്നു. 'ഒക്ടോബർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ബനിത ബന്ദുവാണ് നായിക. അർജുൻ റെഡ്ഢിയുടെ സംഗീത സംവിധായകൻ രഥൻ തന്നെയാണ് ഗാനങ്ങൾക്ക് ഈണം പകരുന്നത്. രവി കെ. ചന്ദ്രനാണ് ഛായാഗ്രഹകൻ. 'ആദിത്യ വർമ' എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദവും ആരംഭിച്ചിരുന്നു. തമിഴകത്തെ മുൻനിര സംവിധായകനായ ബാലയായിരുന്നു നേരത്തെ സിനിമയുടെ സംവിധായകൻ. എന്നാൽ ബാലയുടെ സംവിധാനത്തിൽ ചിത്രീകരണം പൂർത്തിയാക്കി റിലീസിനൊരുങ്ങുമ്പോൾ ചിത്രം ഉപേക്ഷിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. സിനിമയുടെ പ്രിവ്യു കണ്ടതിനു ശേഷമായിരുന്നു നിർമ്മാതാക്കളുടെ തീരുമാനം. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചു. എന്നാൽ ധ്രുവിന്റെ ഭാവിയെക്കുറിച്ചോർത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുന്നുവെന്ന ബാല ട്വീറ്റോടെ വിവാദങ്ങൾ കെട്ടടങ്ങുകയും ചെയ്തു.

Read More >>