രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ സിനിമാക്കാര്‍ക്ക് എന്താണ് കാര്യം; മോദിക്കും അമിത് ഷാക്കുമെതിരെ ആക്രോശിക്കുന്നതല്ല വിമർശനം: പ്രിയദർശൻ

ജെഎന്‍യു സന്ദര്‍ശിക്കുന്നതിന് മുന്‍പ് ദീപിക പദുക്കോണ്‍ അവിടുത്തെ സാഹചര്യങ്ങള്‍ പഠിച്ചിരുന്നോവെന്നും പ്രിയദർശൻ ആരാഞ്ഞു.

രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ സിനിമാക്കാര്‍ക്ക് എന്താണ് കാര്യം; മോദിക്കും അമിത് ഷാക്കുമെതിരെ ആക്രോശിക്കുന്നതല്ല വിമർശനം: പ്രിയദർശൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിനിമാ രംഗത്ത് നിന്നുയരുന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമർശിച്ച് സംവിധായകന്‍ പ്രിയദര്‍ശൻ. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ സിനിമാക്കാര്‍ക്ക് എന്താണ് കാര്യമെന്നും അവര്‍ക്ക് വിഷയത്തെക്കുറിച്ച് ശരിക്ക് മനസ്സിലായിട്ടുണ്ടോയെന്നും പ്രിയദർശൻ ചോദിച്ചു. ജെഎന്‍യു സന്ദര്‍ശിക്കുന്നതിന് മുന്‍പ് ദീപിക പദുക്കോണ്‍ അവിടുത്തെ സാഹചര്യങ്ങള്‍ പഠിച്ചിരുന്നോവെന്നും പ്രിയദർശൻ ആരാഞ്ഞു.

നിയമത്തിനെതിരെ നിരന്തരം പ്രതികരിക്കുന്ന സംവിധായകന്‍ അനുരാഗ് കശ്യപിന് എതിരെയും കടുത്ത ഭാഷയിലായിരുന്നു പ്രിയദർശൻെറ പ്രതികരണം. അനുരാഗ് കശ്യപിന്റേത് ജനശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമമാണ്. അനുരാഗ് കശ്യപിനെ പോലുളളവര്‍ വായടച്ച് വെയ്ക്കണമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. പ്രതിഷേധിക്കാനുളള മൗലികാവകാശം എല്ലാവര്‍ക്കുമുണ്ട് എന്നത് ശരി തന്നെ.

എന്നാല്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ ആക്രോശിക്കുന്നത് ക്രിയാത്മക വിമര്‍ശനമായി കണക്കിലെടുക്കാനാവില്ല. മറിച്ച് ജനാധിപത്യം നമുക്ക് അനുവദിച്ച് തന്നിരിക്കുന്ന അഭിപ്രായ സ്വാതന്ത്രത്തിന്റെ ദുരുപയോഗമാണത്. രാഷ്ട്രീയപരമോ അല്ലാത്തതോ ആയ തങ്ങളുടെ അഭിപ്രായങ്ങള്‍ സിനിമാക്കാര്‍ തങ്ങളുടെ സിനിമയിലൂടെ വേണം പറയാന്‍. പ്രധാനമന്ത്രിക്കെതിരെ ആക്രോശിക്കുന്നതിലൂടെ അനുരാഗ് കശ്യപിന് എന്താണ് ലഭിക്കുന്നത്.

രാജ്യത്ത് മാറ്റമുണ്ടാക്കാന്‍ സാധിക്കുന്ന ഏറ്റവും ശക്തമായ ഉപാധിയായ സിനിമയാണ് അദ്ദേഹത്തിന്റെ കയ്യിലുളളത്. സര്‍ക്കാരിന്റെ ദോഷവശങ്ങളിലടക്കം അദ്ദേഹത്തിനുളള വിമര്‍ശനങ്ങള്‍ സിനിമയിലൂടെ പറയുന്നതിന് പകരം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ്. അനുരാഗ് കശ്യപിന്റെ സിനിമകള്‍ റിയലിസ്റ്റിക് ആണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ തന്നെ സംബന്ധിച്ച് അവ ലൈംഗികതയ്ക്കും അക്രമത്തിനും വേണ്ടിയുളളവ മാത്രമാണെന്നും പ്രിയദര്‍ശന്‍ കുറ്റപ്പെടുത്തി.

Read More >>