തട്ടിപ്പു കേസിൽ തുമ്പ് തേടി സിബിഐ; ലീന മരിയ പോളിന്റെ വീട്ടിലും ബ്യൂട്ടിപാര്‍ലറിലും റെയ്ഡ്

കഴിഞ്ഞ മാർച്ചിൽ നടിയുടെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവെപ്പ് വാർത്തയായിരുന്നു. അധോലോക കുറ്റവാളി രവി പൂജാരിയാണ് ഇതിന് പിന്നിലെന്നും പൂജാരി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും ലീന മരിയ പോൾ പൊലീസിന് മൊഴി നൽകുകയും ചെയ്തു.

തട്ടിപ്പു കേസിൽ തുമ്പ് തേടി സിബിഐ; ലീന മരിയ പോളിന്റെ വീട്ടിലും ബ്യൂട്ടിപാര്‍ലറിലും റെയ്ഡ്

വിവാദ നടി ലീന മരിയ പോളിന്റെ ചെന്നൈയിലെ വീട്ടിലും കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിലും സിബിഐ റെയ്ഡ്. ഹൈദരാബാദിലെ വ്യവസായിയില്‍നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് സിബിഐ നടപടി. വ്യാഴാഴ്ച രാവിലെ നടിയുടെ വീട്ടിലും ബ്യൂട്ടിപാര്‍ലറിലും ആരംഭിച്ച റെയിഡ് ഉച്ചയോടെ അവസാനിച്ചു.

ഒരു ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ പ്രതിപ്പട്ടികയിലുള്ള ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍നിന്ന് സിബിഐ ചമഞ്ഞ് രണ്ടു പേർ പണം തട്ടാന്‍ ശ്രമിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഹൈദരാബാദ് സ്വദേശിയായ മണിവര്‍ണ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജന്‍ എന്നിവരാണ് പണം തട്ടാന്‍ ശ്രമിച്ചത്.

സാംബശിവ റാവുവിനെ കേസില്‍നിന്ന് രക്ഷപ്പെടുത്താമെന്ന വ്യാജേനയാണ് ഇവർ പണം തട്ടാൻ ശ്രമിച്ചത്. ഇതിനായി സിബിഐയുടെ ഔദ്യോഗിക നമ്പര്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്പൂഫ് ചെയ്ത് ഉപയോ​ഗിക്കുകയും ചെയ്തു. ഇതേ തുടർന്ന് സാംബശിവ റാവു പരാതി നല്‍കുകയും മണിവര്‍ണ റെഡ്ഡി, സെല്‍വം രാമരാജൻ എന്നിവർക്കെതിരെ സിബിഐ കേസ് എടുക്കുകയും ചെയ്തു.

ഇവരുമായി ലീന മരിയ പോളിനും ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറിനും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ ഇവരുടെ ചെന്നെയിലെ വീട്ടിലും കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലും റെയ്ഡ് നടത്തിയത്. അതേസമയം കേസില്‍ നടിയെ പ്രതിചേര്‍ത്തിട്ടില്ലെന്നും തുടരന്വേഷണത്തിന് ശേഷമായിരിക്കും കൂടുതല്‍ നടപടികളെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ സമാനമായ ബാങ്ക് തട്ടിപ്പ് കേസില്‍ (2013) ലീന മരിയ പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറിനെ സിബിഐ. തുടർന്ന് 2015ലും മറ്റൊരു തട്ടിപ്പ് കേസിൽ നടി അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാർച്ചിൽ നടിയുടെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവെപ്പും വാർത്തയായിരുന്നു. അധോലോക കുറ്റവാളി രവി പൂജാരിയാണ് ഇതിന് പിന്നിലെന്നും 25 കോടി ആവശ്യപ്പെട്ട് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പൂജാരി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും ലീന മരിയ പോളും മൊഴി നൽകിയിരുന്നു.

Next Story
Read More >>