രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം, മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യും; ശാരദ വിശിഷ്ടാതിഥി

സാംസ്‌ക്കാരിക മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യാതിഥി

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം,   മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യും;   ശാരദ വിശിഷ്ടാതിഥി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കാഴ്ചയുടെ ലോകവിസ്മയച്ചെപ്പ് തുറന്നു. കേരളത്തിന്റെ സ്വന്തം ചലച്ചിത്ര മാമാങ്കത്തിനു സാക്ഷിയാകാൻ ഭാഷ, വേഷ, ദേശവ്യത്യാസമില്ലാതെ, അനന്തപുരിയിലേക്കു സിനിമാ പ്രേമികൾ ഒഴുകിയെത്തുകയാണ്. ഇനി ഒരാഴ്ചക്കാലം സെല്ലുലോയ്ഡിന്റെ മാസ്മകരികതയിൽ പ്രേക്ഷക മനസുല്ലസിക്കും. ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് വൈകിട്ടാണ് ഔപചാരിക തുടക്കമെങ്കിലും രാവിലെ മുതൽ വിവിധ തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ സിനിമാ പ്രദർശനം തുടങ്ങി. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക.

സാംസ്‌ക്കാരിക മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യാതിഥി. നടി ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി.ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം മേയർ കെ ശ്രീകുമാർ വി കെ പ്രശാന്ത് എം എൽ എയ്ക്ക് നൽകിയും ഫെസ്റ്റിവൽ ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു കെ ടി ഡി സി ചെയർമാൻ എം വിജയകുമാറിന് നൽകിയും പ്രകാശനം ചെയ്യും.തുടർന്ന് ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെൻസർ പ്രദർശിപ്പിക്കും.

8998 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്.3500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി.മിഡ്നെറ്റ് സ്‌ക്രീനിങ് ചിത്രമായ ഡോർലോക്ക് ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക.ബാർക്കോ ഇലക്ട്രോണിക്‌സിന്റെ നൂതനമായ ലേസർ ഫോസ്ഫർ ഡിജിറ്റൽ പ്രോജക്ടറാണ് ഇത്തവണ നിശാഗന്ധിയിൽ പ്രദർശനത്തിന് ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര മൽസര വിഭാഗത്തിൽ ഈജിപ്ഷ്യൻ സംവിധായകൻ ഖൈറി ബെഷാറ ചെയർമാൻ .ഇറാനിയൻ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകൻ അമീർ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ, മറാത്തി സംവിധായകൻ നാഗരാജ് മഞ്ജുളെ എന്നിവരാണ് ജൂറി അംഗങ്ങൾ.

പ്രേക്ഷകരുടെ ഹൃദയത്തുടിപ്പുമായ്

ജോഷി ബെനഡിക്ടിന്റെ സിഗ്നേച്ചർ ഫിലിം


ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഭാവനയുടെ പുതുലോകം തുറക്കുന്ന സിഗ്നേച്ചർ ഫിലിം .ദ ഡോർ ഓപ്പൺസ് എന്ന സിഗ്നേച്ചർ ചിത്രത്തിന്റെ ആശയവും ആനിമേഷനും ജോഷി ബെനഡിക്ടിന്റേതാണ്. സന്തോഷ് കെ തമ്പി സംഗീതം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ശബ്ദ സംവിധാനം നിർവഹിച്ചിരിക്കുന്നത് ആനന്ദ് ബാബുവാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രാസ്വാദകർ ഒരേ ഹൃദയത്തുടിപ്പുമായി തിരശീലക്ക് മുന്നിൽ ഇരിക്കുന്നതും സിനിമയുടെ ഭാവനാലോകം ഓരോ പ്രേക്ഷകനിലേക്കും സുവർണ്ണ ചകോരമായി പറന്നിറങ്ങുന്നതുമാണ് സിഗ്‌നേച്ചർ ഫിലിമിന്റെ പ്രമേയം.മേളയിൽ ചിത്രങ്ങളുടെ കാഴ്ച്ചവസന്തം തുറക്കുന്നത് സിഗ്നേച്ചർ ഫിലിമിനൊപ്പമാണ്.മൈൻഡ്വേ ഡിസൈൻ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

Read More >>