അന്‍വര്‍ റഷീദ് ട്രാന്‍സുമായി ഫെബ്രുവരി 14നെത്തും; ഫഹദും നസ്രിയയും 'വീണ്ടും ഒന്നിക്കുന്നു'

'ട്രാന്‍സി'ലെ 'എന്നാലും മത്തായിച്ചാ' എന്ന ഗാനം പാടിയിരിക്കുന്നത് സൗബിന്‍ ഷാഹിറാണ്. സൗബിന്‍ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നത്.

അന്‍വര്‍ റഷീദ് ട്രാന്‍സുമായി ഫെബ്രുവരി  14നെത്തും; ഫഹദും നസ്രിയയും

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന 'ട്രാന്‍സ്' സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഫെബ്രുവരി 14നാണ് ചിത്രം പുറത്തിറങ്ങുക. 'ബാഗ്ലൂര്‍ ഡേയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാന്‍സില്‍ ഫഹദ് ഫാസില്‍, ഒരു മോട്ടിവേഷണല്‍ ട്രെയിനറുടെ വേഷത്തിലാണെത്തുന്നത്. വിന്‍സെന്റ് വടക്കന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് അമല്‍ നീരദാണ്. 2014-ല്‍ പുറത്തിറങ്ങിയ 'ഇയ്യോബിന്റെ പുസ്തക'മാണ് അമല്‍ നീരദ് ഇതിനുമുന്‍പ് ഛായാഗ്രഹണം ചെയ്ത മലയാള ചിത്രം.

സംവിധായകന്‍ ഗൗതം മേനോന്‍,സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് എന്നിവര്‍ ചിത്രത്തില്‍ എത്തും. 'ട്രാന്‍സി'ലെ 'എന്നാലും മത്തായിച്ചാ' എന്ന ഗാനം പാടിയിരിക്കുന്നത് സൗബിന്‍ ഷാഹിറാണ്. സൗബിന്‍ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നത്.

'ട്രാന്‍സി'ന്റെ ടൈറ്റില്‍ ട്രാക്ക് ചെയ്തിരിക്കുന്നത് വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ 'പുഴുപുലികള്‍...' എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകന്‍ സംഗീതം നിര്‍വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാന്‍സ്. ഒഡീസ്സി നര്‍ത്തകി ആരുഷി മുഡ്ഗല്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'ട്രാന്‍സ്'. സൗണ്ട് ഡിസൈനിംഗ് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.

Read More >>