തീണ്ടാരിപ്പുരയില്‍ നിന്ന് ഓസ്കര്‍ പ്രഭയിലേക്ക്

ലോസ് ആഞ്ചലസ്സിലെ ഓക്ക് വുഡ് വിദ്യാലയത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികളുടെയും മെലിസ്സാ ബർട്ടൻ എന്ന അവരുടെ അദ്ധ്യാപികയുടെയും നേതൃത്വത്തിലാരംഭിച്ച 'പാഡ് പ്രൊജക്ട് ' ആണ് ഹാംപൂര്‍ ഗ്രാമത്തിന്റെ മുഖം മാറ്റുന്നത്. കോർപ്പറേറ്റ് ബ്രാൻഡ് പാഡുകൾ വാങ്ങാൻ കഴിയാത്ത ഗ്രാമീണർക്കായ് വില കുറഞ്ഞ പാഡുകൾ ലഭിക്കുന്ന വെൻഡിംഗ് മെഷിനുകൾ അവർ ഈ ഗ്രാമത്തിൽ സ്ഥാപിക്കുന്നു. ഇത്തരം മെഷീനുകളിലൂടെ ശ്രദ്ധേയനായ അരുണാചലത്തിന്റെ മാതൃകയിലാണ് അവരത് സ്ഥാപിച്ചത്‌ - തത്സമയം വെള്ളിയാഴ്ച്ച

തീണ്ടാരിപ്പുരയില്‍ നിന്ന്   ഓസ്കര്‍ പ്രഭയിലേക്ക്

ഷിജു ആര്‍

ഹോളിവുഡിലെ ഡോള്‍ബി തിയറ്ററിലെ വിശാല അരങ്ങില്‍ വിരിച്ച ചോരച്ചുവപ്പാർന്ന കാർപ്പറ്റിലൂടെ നടക്കവേ റയ്ക്കാ സെഹ്താബ്ചി എന്ന ഇറാനിയന്‍-അമേരിക്കൻ സംവിധായികയുടെ കണ്ണുനിറഞ്ഞു. പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഡോക്യുമെന്ററിക്ക് മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള ഓസ്കര്‍ പുരസ്കാരം വാങ്ങി മറുപടി പ്രസംഗം നടത്തവേ അവർ പറഞ്ഞു. "എന്റെ കണ്ണു നിറഞ്ഞത് എനിക്ക് ആർത്തവകാലമായതുകൊണ്ടൊന്നുമല്ല, ആർത്തവത്തെക്കുറിച്ചുള്ള ഒരു ചിത്രം ഓസ്കാർ നേടുമെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല.''

ഇന്ത്യയടക്കമുള്ള, അന്ധവിശ്വാസങ്ങളും ദാരിദ്ര്യവും അജ്ഞാനവും ദുരിതപർവ്വമാക്കിയ ആർത്തവനാളുകൾ അനുഭവിച്ചു തീർക്കുന്ന കോടിക്കണക്കായ സ്ത്രീകളുടെ അതിജീവനത്തിന്റെ അഭിമാന നിമിഷങ്ങളായി അത്.

സിനിമയുടെ നിർമ്മാതാവ് ഗുനീത് മോംഗ തന്റെ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു. ''നാം ജയിച്ചിരിക്കുന്നു. ഭൂമിയിലെ എല്ലാ പെൺകിടാങ്ങളും സ്വയം ഒരു ദേവതയാണെന്ന് തിരിച്ചറിയാൻ ഓസ്കര്‍ നേട്ടം പ്രേരണയാവട്ടെ .''

ഗുനീത് മോംഗ

ദില്ലി നഗരത്തിനു പുറത്തുള്ള 'ഹാംപൂര്‍ 'എന്ന ഗ്രാമത്തിലെ സ്ത്രീകൾ ആർത്തവവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ അതിജീവിക്കുന്നതിനെക്കുറിച്ചാണ് സിനിമ. തീണ്ടാരിപ്പുരകളിലേക്ക് മാറ്റി നിർത്തുന്നതും അശുദ്ധയാണെന്ന സങ്കല്പത്തിൽ പല വിധ വിലക്കുകൾ അടിച്ചേല്പിക്കുന്നതും മാത്രമല്ല , സാനിറ്ററി പാഡ് അടക്കമുള്ള ആർത്തവകാല ശുചിത്വ സാമഗ്രികൾ വാങ്ങാനുള്ള പണമില്ലാത്ത ദുരിതം കൂടി ചേർന്നതാണ് ഒരു ശരാശരി ഇന്ത്യൻ ഗ്രാമീണ സ്ത്രീയുടെ ആർത്തവ ജീവിതം . ആവശ്യത്തിന് പഴന്തുണികൾ പോലുമില്ലാതെ ഇലകളും വൈക്കോലും അടുപ്പു ചാരവും മണ്ണുമൊക്കെ ഉപയോഗിച്ച് ആർത്തവരക്തം കൈകാര്യം ചെയ്യാൻ വിധിക്കപ്പെട്ട എത്രയോ സ്ത്രീകൾ ഇന്ത്യയിലുണ്ടെന്ന് നിരവധി പഠനങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്. അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കു കൂടി ഇത് വഴി തെളിയിക്കുന്നുണ്ട്.

ലോസ് ആഞ്ചലസ്സിലെ ഓക്ക് വുഡ് വിദ്യാലയത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികളുടെയും മെലിസ്സാ ബർട്ടൻ എന്ന അവരുടെ അദ്ധ്യാപികയുടെയും നേതൃത്വത്തിലാരംഭിച്ച 'പാഡ് പ്രൊജക്ട് ' ആണ് ഹാംപൂര്‍ ഗ്രാമത്തിന്റെ മുഖം മാറ്റുന്നത്. കോർപ്പറേറ്റ് ബ്രാൻഡ് പാഡുകൾ വാങ്ങാൻ കഴിയാത്ത ഗ്രാമീണർക്കായ് വില കുറഞ്ഞ പാഡുകൾ ലഭിക്കുന്ന വെൻഡിങ് മെഷിനുകൾ അവർ ഈ ഗ്രാമത്തിൽ സ്ഥാപിക്കുന്നു. ഇത്തരം മെഷീനുകളിലൂടെ ശ്രദ്ധേയനായ മുരുകാനന്ദം അരുണാചലത്തിന്റെ മാതൃകയിലാണ് അവരത് സ്ഥാപിച്ചത്. (അരുണാചലത്തെ ആളുകൾ 'പാഡ്മാൻ' എന്ന് കളിയാക്കിയിരുന്നു. ആ ജീവിതത്തെ മുൻനിർത്തി ബോളിവുഡിൽ ഇറങ്ങിയ ചിത്രത്തിന്റെ പേരും 'പാഡ്മാൻ' എന്നായിരുന്നു . അക്ഷയ്കുമാർ നായകനായ പാഡ്മാൻ ഏറെ ശ്രദ്ധനേടിയ ഒരു ചിത്രമാണ്).

അരുണാചലത്തിന്റെ മാതൃകയിൽ നിന്ന് പ്രചോദനം ലഭിച്ച ഹാംപൂര്‍ ജനത സ്വന്തം നിലയിൽ സാനിറ്ററി പാഡുകൾ നിർമ്മിക്കുകയും 'ഫ്ലൈ ' എന്ന പേരിൽ ബ്രാന്റ് ചെയ്യുകയും ചെയ്യുന്നു. എന്തൊരു ഔചിത്യവും ഭംഗിയുമുള്ള പേരാണത് ! കൈവിലങ്ങായിത്തീരുന്ന വിലക്കുകളിൽ നിന്ന് ആർത്തവത്തെ സ്വാഭാവികമായൊരു ശാരീരിക പ്രത്യേകതയാക്കിയതു മാറ്റുന്നു . വിലങ്ങുകളെ ചിറകാക്കി മാറ്റിയ ഈ അതിജീവനത്തിന് ' പറക്കൽ ' (Fly ) എന്നതിനപ്പുറം മറ്റെന്തു പേരാണ് ചേരുക ?

ഇതിനൊക്കെയുള്ള സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകിയ ഓക്ക് വുഡ് വിദ്യാലയം തന്നെയാണ് ഈ അതിജീവനഗാഥയെക്കുറിച്ച് ലോകത്തോട് പറയാനായി ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നത്. ആ പദ്ധതിയാണ് ഗുനീത് മോംഗയുടെ മുന്നിലെത്തുന്നത്. ലഞ്ച്ബോക്സ്, മസാൻ തുടങ്ങി ബോളിവുഡിന്റെ പതിവു മാതൃകകളിൽ നിന്നും വേറിട്ട് മനുഷ്യ ജീവിതത്തിന്റെ നേരുകളെ പുതുമയുള്ള ഭാവുകത്വശീലങ്ങളിൽ അവതരിപ്പിച്ച ചിത്രങ്ങളുടെ നിർമ്മാതാവാണ് ഗുനീത്.

ഒരു ഗ്രാമത്തിലെ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ സ്ത്രീകൾ നടത്തുന്ന നിശ്ശബ്ദ വിപ്ലവത്തിന്റെ കഥ പറയാനുള്ള പെൺകൂട്ടിന് അങ്ങനെ പിറവിയാകുന്നു. സംവിധായിക റെയ്കാ സെഹതാബ്ചി, നിർമ്മാതാവ് ഗുനീത് മോംഗ എന്നിവരെ കോ- ഓർഡിനേറ്റ് ചെയ്തത് സ്കൂൾ അദ്ധ്യാപികയും പാഡ് പ്രൊജക്ടിലെ പ്രധാനിയുമായ മെലിസാ ബർട്ടൺ ആയിരുന്നു .

സ്വാഭാവികമായൊരു ശാരീരിക പ്രക്രിയയുടെ പേരിൽ ക്ഷേത്രാരാധനയും ഗാർഹിക സദസ്സുകളും മംഗളകർമ്മങ്ങളുമെല്ലാം നിഷേധിക്കപ്പെടുന്ന സാംസ്കാരിക വിവേചനത്തിനെതിരായ ലിംഗനീതി ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലെ വിധി വന്നത് . ആ വിധിയുടെ പശ്ചാത്തലത്തിൽ ഈ പുരസ്കാരലബ്ധിക്ക് സവിശേഷമായൊരു പ്രധാന്യമുണ്ട് .

സാംസ്കാരികവും ശരീരശാസ്ത്രപരവുമെന്ന പോലെ സാമ്പത്തികമായും സ്വാശ്രയത്വമുള്ളൊരു സ്ത്രീ സമൂഹത്തിന്റെ പിറവിയിലേക്കുള്ള പ്രയാണത്തിൽ വെളിച്ചമാവട്ടെ ഈ സിനിമയും അതിനു ലഭിച്ച അംഗീകാരവും.

ലോസ് ആഞ്ചലസിലെ ഓക്ക് വുഡ് എന്ന സ്വതന്ത്രവിദ്യാലയത്തെക്കുറിച്ചു കൂടി പറയാതെ ഈ കുറിപ്പവസാനിപ്പിക്കുന്നത് ശരിയായിരിക്കുകയില്ല. ആ വിദ്യാലയത്തിന്റെ വെബ്സൈറ്റിൽ ആമുഖക്കുറിപ്പിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ''അദ്ധ്യാപകരെയും അഡ്മിനിസ്ട്രേറ്റർമാരെയും അവരുടെ ആദ്യപേര് (First Name ) ഉപയോഗിച്ച് വിളിക്കാൻ കുട്ടികളെ ഞങ്ങൾ ശീലിപ്പിക്കുന്നു.'' സമഭാവനയും ജനാധിപത്യവും സാംസ്കാരിക വൈവിദ്ധ്യങ്ങളെ തുറന്ന മനസ്സോടെ അംഗീകരിക്കലും സിദ്ധാന്തങ്ങളല്ല, പ്രായോഗിക ജീവിതം കൊണ്ട് സ്വാംശീകരിക്കലാണ്. ഒരു ബഹു സംസ്കാരഭൂമികയിൽ തുറന്ന മനോഭാവം വളരെ പ്രധാനമാണ് . സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട കുട്ടികളുടെ പ്രാതിനിധ്യവും അവരുടെ സാംസ്കാരിക പാരമ്പര്യങ്ങൾക്കുള്ള പ്രകാശന സാദ്ധ്യതകളും ഉറപ്പുവരുത്തുന്നുണ്ട് ഈ വിദ്യാലയം. ''അറിവിലേക്കുള്ള ആദ്യപടി നിർഭയമായ തുറന്ന മനസ്സാണ്. അതുണ്ടെങ്കിൽ മാത്രമേ ചോദ്യങ്ങൾ ചോദിക്കാനും സാഹസങ്ങൾ നേരിടാനും കുട്ടിക്ക് പ്രാപ്തിയുണ്ടാവൂ. അതിനുള്ള അന്തരീക്ഷം ഞങ്ങൾ ഉറപ്പു വരുത്തുന്നു.''

ലോസ് ആഞ്ചലസ്സിൽ നിന്ന് ഒരു കൂട്ടം സെക്കന്‍ഡറി വിദ്യാർത്ഥികൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു സാമൂഹ്യദുരാചാരത്തെ മുഖാമുഖം കാണാനുള്ള ധീരതയും സന്നദ്ധതയുമാർജ്ജിച്ചതിന്റെ പിറകിലെ വിദ്യാഭ്യാസ ദർശനമാണ് ഈ കുറിപ്പിൽ തെളിയുന്നത്.

തത്സമയം / വെള്ളിയാഴ്ച്ച

Read More >>