അബിയുടെ മകന്‍ തിരക്കിലാണ്

അടുത്തിടെ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്ക് എന്നീ ചിത്രങ്ങളുടെ വിജയം താരത്തിന് മുതല്‍ക്കൂട്ടായി

അബിയുടെ മകന്‍   തിരക്കിലാണ്

കൊച്ചി: കുംബളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ ചിത്രങ്ങൾ നേടിയ വിജയത്തെ തുടർന്ന് ഷെയിന്‍ നിഗത്തിന് കൈനിറയെ ഓഫറുകൾ. അടുത്തിറങ്ങിയ ഇരു ചിത്രങ്ങളും ഹിറ്റായതോടെയാണ് മലയാളത്തിന്റെ ഈ യുവതാരത്തിന് കൈ നിറയെ സിനിമകൾ ലഭിച്ചത്. ഫഹദ് ഫാസിൽ, സൗബിൻ, ശ്രീനാഥ് ഭാസി, ഷെയിൻ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണൻ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്‌സ് തിയറ്ററുകളിൽ നിറഞ്ഞോടിയിരുന്നു. കുടുംബപ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിൽ ഷെയിനിന്റെ അഭിനയം പ്രേക്ഷകപ്രീതി നേടിയിരുന്നു.

നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്‌ക്ക് ഇപ്പോൾ തിയറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ചിത്രത്തിൽ ഷെയിൻ നിഗവും നായിക ആൻ ശീതളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. മുകേഷ് ആർ മേത്ത, എ.വി അനൂപ്, സി.വി സാരതി എന്നിവരാണ് ചിത്രത്തിന്റെ നിർ്മ്മാതാക്കൾ്. 'ഇഷ്‌കി' ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയതോടെ ഇപ്പോൾ അരഡസനോളം ചിത്രങ്ങളാണ് ഷെയിനിനെ കാത്തിരിക്കുന്നത്.നവാഗതനായ ഡിമൽ ഡെന്നീസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാളാണ് ഷെയിനിന്റെ പുതിയ റിലീസ്. ഷാജി.എൻ.കരുണിന്റെ ഓളും റിലീസിന് ഒരുങ്ങുന്നുണ്ട്.നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഷെയിന്‍ ഇപ്പോൾ അഭിനയിക്കുന്നത്.

ആദ്യ ഷെഡ്യൂൾ മൂന്നാറിൽ പൂർത്തിയായി. രണ്ടാം ഷെഡ്യൂൾ ഇന്നലെയാണ് കൊച്ചിയിൽ പൂർത്തിയായത്.അടുത്ത ഷെഡ്യൂൾ രണ്ടാഴ്ചയ്ക്ക് ശേഷം കൊച്ചിയിൽ ആരംഭിക്കും.ഇതിന് ശേഷം ശരത് സംവിധാനം ചെയ്യുന്ന വെയ്‌ലിൽ ഷെയിന്‍ അഭിനയിക്കും. വെയിലിന്റെ രണ്ട് ദിവസത്തെ ചിത്രീകരണത്തിൽ ഷെയ്ൻ നേരത്തെ പങ്കെടുത്തിരുന്നു. ഷെയിനിനെ കാത്തിരിക്കുന്ന മറ്റ് രണ്ട് വലിയ പ്രൊജക്ടുകൾ സലാം ബാപ്പുവിന്റെയും ജോണി ആന്റണിയുടെയും ചിത്രങ്ങളാണ്.

2010ൽ താന്തോന്നി എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ ഷെയിൻ സമീർ താഹിറിന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, രാജീവ് രവിയുടെ അന്നയും റസൂലും, ബാല്യകാലസഖി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2016ൽ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്തിലാണ് നായകനായി ഷെയിനെത്തുന്നത്. ചിത്രം മികച്ച വിജയം നേടിയിരുന്നു. പിന്നീട് സൈറാബാനു എന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പമെത്തിയ താരം സൗബിന്റെ പറവ യിൽ മാസ്മരിക പ്രകടനമാണ് നടത്തിയത്. 2018ൽ പുറത്തിറങ്ങിയ ബി. അജിത്ത് കുമാറിന്റെ ഈടയും പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളാണ്.

Read More >>