സൗദിയില്‍ വിദേശികളുടെ മിനിമം വേതനം ഇരട്ടിയാക്കാന്‍ ശുപാര്‍ശ

വിദേശികളുടെ വേതനത്തിൽ തൊഴിലുടമകൾ നടത്തുന്ന തട്ടിപ്പ് തടയുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം

സൗദിയില്‍ വിദേശികളുടെ മിനിമം വേതനം ഇരട്ടിയാക്കാന്‍ ശുപാര്‍ശ

റിയാദ്: വിദേശികളുടെ മിനിമം വേതനത്തിൽ തട്ടിപ്പ് നടത്തി തൊഴിലുടമകൾ നടത്തുന്ന വെട്ടിപ്പിന് കൂച്ചുവിലങ്ങിടാൻ സൗദി അറേബ്യ. വിദേശികളുടെ മിനിമം വേതനം ഇരട്ടിയാക്കണമെന്നാവശ്യപ്പെട്ട് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൻ ഇൻഷുറൻസ് (ഗോസി) ശൂറാ കൗൺസിലിനോട് ആവശ്യപ്പെട്ടു. നിലവിൽ 400 റിയാലാണ് വിദേശികളുടെ മിനിമം വേതനം. ഇത് 800 റിയാലാക്കി ഉയർത്തണമെന്ന് ശൂറാ കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ടിൽ ഗോസി ആവശ്യപ്പെട്ടു.

വിദേശികളുടെ വേതനത്തിൽ തൊഴിലുടമകൾ നടത്തുന്ന തട്ടിപ്പ് തടയുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. നിലവിൽ തങ്ങളുടെ തൊഴിലാളികളുടെ വേതനമായി ഏറ്റവും കുറഞ്ഞ പരിധിയായ 400 റിയാലാണ് തൊഴിലുടമകൾ രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ, യഥാർത്ഥത്തിൽ വിദേശ തൊഴിലാളികൾ കൈപ്പറ്റുന്ന വേതനം ഇതിൽ കൂടുതലാകും. എന്നാൽ തൊഴിലാളികളുടെ വേതനം 400 റിയാലായി ഗോസിയിൽ രജിസ്റ്റർ ചെയ്ത് തൊഴിലുടമകൾ തട്ടിപ്പ് നടത്തുന്നത് പതിവായിരിക്കുകയാണ്.

വിദേശ തൊഴിലാളികളുടെ അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനം തൊഴിലുടമകൾ ഗോസിയിൽ അടക്കണമെന്നാണ് നിയമം. ഇങ്ങനെ ഗോസിയിൽ രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എന്നാൽ, ഗോസിയിൽ അടക്കേണ്ട പ്രതിമാസ വരിസംഖ്യ ലാഭിക്കുന്നതിനും അധിക ലാഭം കൊയ്യുന്നതിനും വിദേശികളുടെ വേതനമായി ചെറിയ സംഖ്യയാണ് തൊഴിലുടമകൾ രജിസ്റ്റർ ചെയ്യുന്നത്. രാജ്യത്ത് സ്വകാര്യ മേഖലയിൽ ആകെയുള്ള വിദേശ തൊഴിലാളികളുടെ 27 ശതമാനത്തിലധികവും പ്രതിമാസ വേതനമായി 400 റിയാൽ രജിസ്റ്റർ ചെയ്ത വിഭാഗത്തിൽ പെട്ടവരാണെന്നാണ് റിപ്പോർട്ട്.

400 റിയാലിന് രജിസ്റ്റർ ചെയ്ത തൊഴിലാളിക്ക് മാസത്തിൽ എട്ടു റിയാൽ തോതിൽ വർഷത്തിൽ 96 റിയാൽ മാത്രമാണ് ഗോസിയിൽ തൊഴിലുടമകൾ അടക്കേണ്ടത്. ഇക്കാര്യത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തുന്നത് ചെറുകിട സ്ഥാപനങ്ങളാണ്.

വിദേശികളുടെ യഥാർഥ വേതനം രജിസ്റ്റർ ചെയ്യുന്നതിൽ മാത്രമല്ല, സൗദികളെ ഗോസിയിൽ തീരെ രജിസ്റ്റർ ചെയ്യാതെയും ചില സ്ഥാപനങ്ങൾ തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഗോസിയിൽ രജിസ്റ്റർ ചെയ്യാത്ത ചില സൗദി ജീവനക്കാർ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി സമീപ കാലത്ത് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ഗോസി സ്വന്തം നിലക്ക് നടത്തിയ പരിശോധനകൾക്കിടെയും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡുകൾക്കിടെയുമാണ് ഗോസിയിൽ രജിസ്റ്റർ ചെയ്യാത്ത സൗദികൾ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. സ്വദേശി ജീവനക്കാരെ ഗോസിയിൽ രജിസ്റ്റർ ചെയ്യാതെ തട്ടിപ്പുകൾ നടത്തുന്ന തൊഴിലുടമകൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നു ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പറഞ്ഞു.

Read More >>