കവിതകളുടെ വീടിന്റെ പ്രകാശനം ഇന്ന്

കവി അക്ബറും ഉമ്മയും ഭാര്യയും രണ്ട് പെണ്മക്കളുമടങ്ങുന്ന കുടുംബമാണു, ഇന്ന് കവിതയുടെ വീട്ടില്‍ താമസം തുടങ്ങുന്നത്. വായനക്കാരും അക്ബറിന്റെ കൂട്ടുകാരുമാണു കവിതയുടെ പുര പണിതുയര്‍ത്തിയത്. പ്രളയകാലത്താണു കവിയുടെ പഴയ വീട് താമസയോഗ്യമല്ലാതായത് .

കവിതകളുടെ വീടിന്റെ പ്രകാശനം ഇന്ന്

നേര്യമംഗലം : കവി അക്ബറിനും കുടുംബത്തിനും കവിയുടെ അനുവാചകരും കൂട്ടുകാരും ചേര്‍ന്ന് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ പാലുകാച്ചല്‍ ഇന്ന് . കവിതകള്‍ക്കൊരു വീട് എന്ന പ്രചാരണത്തിലൂടെ സമാഹരിച്ച തുക കൊണ്ട് , അക്ബറും കൂട്ടുകാരുമാണു വീടുപണി പൂര്‍ത്തിയാക്കിയത് . ഇന്ന് നേര്യമംഗലത്തെ പുതിയ വീട്ടില്‍ കൂട്ടുകാരും അനുവാചകരും പങ്കെടുക്കുന്ന ലളിതമായ ചടങ്ങില്‍ പുതിയ വീടിന്റെ പാലുകാച്ചല്‍ നടക്കും. അക്ബര്‍ , ഉമ്മ ഐഷ, ഭാര്യ നഫീസ മക്കളായ അഹാന, സുനേന എന്നിവരാണു ഇന്ന് മുതല്‍ കവിതയുടെ വീട്ടില്‍ താമസമാക്കുക.


കഴിഞ്ഞ പ്രളയകാലത്താണു, തൊടുപുഴ നേര്യമംഗലത്ത് അക്ബറും കുടുംബവും താമസിച്ചിരുന്ന വീട് താമസയോഗ്യമല്ലാതായത്. ഉമ്മയും രണ്ട് പെണ്‍കുട്ടികളുമുള്ള തന്റെ കുടുംബം എവിടെ പോകും എന്ന ചോദ്യത്തിനു കാവ്യമലയാളം ആവും വിധം ഉത്തരം നല്‍കുകയായിരുന്നു. 2018 ആഗസ്റ്റ് 31 നാണു അക്ബര്‍ ഫേസ് ബുക്കിലൂടെ തന്റെ നിസ്സഹായവസ്ഥ പങ്ക് വച്ചത്. കവിത എഴുതുന്നതിനു പുറമെ, ഒരു പ്രാദേശിക ചാനലില്‍ മാദ്ധ്യമപ്രവര്‍ത്തനം നടത്തുകയാണു അക്ബര്‍.

അക്ബറിന്റെ വീട് എന്ന കവിത

വീട്


എനിക്കു വീട്

മഴയ്ക്കും വെയിലിനും

വന്നു നിറയാനുള്ള

അവകാശം


എനിക്കു വീട്

മേല്‍ക്കൂരയില്ലാത്ത സ്വപനം

നിഷ്‌കളങ്കമായ കരച്ചിലിന്‍ ശംഖ്


ഞാന്‍ തന്നെ വീടെന്നും

നീയാണെനിക്കു വീടെന്നുമുള്ള

തര്‍ക്കത്തിലേക്ക്

പ്രളയം തരുന്ന ഔദാര്യം


ഇപ്പോള്‍

മഴയെനിക്കു വീട്

വെയിലെനിക്കു വീട്


കാട്, കവിത

വീടിന്

അര്‍ത്ഥങ്ങള്‍ പലത്


കാറ്റെനിക്ക് കനിവിന്‍ ഭിത്തി


ഞാന്‍

തറയും മേല്‍ക്കൂരയുമില്ലാത്ത

ആകാശജന്മം


Read More >>