പ്രഥമ ജിനേഷ് മടപ്പള്ളി കവിതാ പുരസ്ക്കാരം കുഴൂര്‍ വിത്സന്

പ്രശസ്ത കവികളായ സച്ചിദാനന്ദനും എസ്.ജോസഫും പി.രാമനും ഉള്‍പ്പെട്ട ജൂറി 108 പുസ്തകങ്ങളില്‍ നിന്നാണ് കുഴൂര്‍ വില്‍സന്റെ കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം പുരസ്ക്കാരത്തിനു തെരഞ്ഞെടുത്തത്.

പ്രഥമ ജിനേഷ് മടപ്പള്ളി കവിതാ പുരസ്ക്കാരം കുഴൂര്‍ വിത്സന്

കോഴിക്കോട് : പ്രഥമ ജിനേഷ് മടപ്പള്ളി കവിതാ പുരസ്ക്കാരം കുഴൂര്‍ വിത്സന് . പാപ്പാത്തി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച 'കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം' എന്ന കവിതാ സമാഹരമാണ് അവാര്‍ഡിന് അര്‍ഹമായത്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. കേരള സാഹിത്യ അക്കാദമിയും ജിനേഷ് മടപ്പളളി ട്രസ്റ്റും തിങ്കളാഴ്ച (മേയ് 6) വടകരയില്‍ സംഘടിപ്പിക്കുന്ന ജിനേഷ് അനുസ്മരണ പരിപാടിയില്‍ വെച്ച് അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിങ്കളാഴ്ച്ച രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണു കോഴിക്കോട് വടകര കോട്ടപ്പറമ്പ് സാന്റ്ബാങ്ക്സില്‍ ജിനേഷ് മടപ്പള്ളി അനുസ്മരണവും പുരസ്ക്കാര വിതരണവും നടക്കുക . വി.കെ.ശ്രീരാമന്‍, ബെന്യാമിന്‍ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ കവികളും നിരൂപകരും ആസ്വാദകരും പങ്കെടുക്കും .

2016 ജനുവരി ഒന്നു മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് അവാര്‍ഡിനായി പരിഗണനയില്‍ വന്നത് . 108 പുസ്തകങ്ങളില്‍ നിന്നാണ് പ്രശസ്ത കവികളായ സച്ചിദാനന്ദനും എസ്.ജോസഫും പി.രാമനും ചേര്‍ന്ന ജൂറി കുഴൂര്‍ വില്‍സണ്‍ന്റെ കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം തെരഞ്ഞെടുത്തത്.


മലയാള കവിതയില്‍ ശ്രദ്ധേയമായൊരു സ്ഥാനം അടയാളപ്പെടുത്തി വരുന്നതിനിടയിലാണ് ജിനേഷ് മടപ്പളളി ജീവിതം അവസാനിപ്പിച്ചത്. സമകാലിക മലയാള കവിതയെ ശ്രദ്ധാപൂര്‍വം പിന്തുടരുന്നൊരാള്‍ക്ക് നടുക്കത്തോടെയല്ലാതെ ആ നഷ്ടത്തെക്കുറിച്ച് ഓര്‍ക്കാനാവില്ലെന്ന് സംഘാടകര്‍ പറഞ്ഞു. ജിനേഷ് മടപ്പള്ളിയുടെ ഓര്‍മ്മകള്‍ എക്കാലവും നിലനില്‍ക്കണമെന്നും മലയാള കവിതയില്‍ ജിനേഷിനുണ്ടായിരുന്ന ഇടം നിരന്തരമായി ഓര്‍മ്മിക്കപ്പെടണമെന്നുമുള്ള ആഗ്രഹത്തിലാണ്, കവിതയ്ക്ക് മലയാളത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായി ഇത് വിഭാവനം ചെയ്തതെന്നും

ജിനേഷ് സ്മാരക ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു . വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമതി ചെയര്‍മാന്‍ വീരാന്‍കുട്ടി, കണ്‍വീനര്‍ ബി. ഹിരണ്‍ എന്നിവര്‍ പങ്കെടുത്തു.

മലയാളം ബ്‌ളോഗിംങ്ങിലൂടെ ശ്രദ്ധ നേടിയ കവിയും നവമാദ്ധ്യമ പ്രവര്‍ത്തകനുമാണു കുഴൂര്‍ വിത്സണ്‍. മലയാളത്തിലെ ആദ്യകവിതാ ബ്‌ളോഗായ അച്ചടിമലയാളം നാടുകടത്തിയ കവിതകളുടെ ഉടമയാണു. മലയാളകവിതയ്ക്ക് ഇന്റെര്‍നെറ്റില്‍ വിലാസമുണ്ടാക്കിയെടുക്കുന്നതില്‍ സഹകവികള്‍ക്കൊപ്പം നിര്‍ണ്ണായക പങ്ക് വഹിച്ചു. കവിതാ സംബന്ധിയായ പ്രവര്‍ത്തനളുടെ പേരില്‍ 2016 ല്‍ സംസ്ഥാന സര്‍ക്കാര്‍ യൂത്ത് മിഷന്‍ സാഹിത്യത്തിലെ യൂത്ത് ഐക്കണായി തെരഞ്ഞെടുത്തു.


മലയാളം, ഇംഗ്‌ളീഷ്, സ്പാനിഷ്, ഡച്ച് ഭാഷകളിലായി 17 പുസ്തകങ്ങള്‍ വിത്സന്റേതായുണ്ട്. അവാര്‍ഡിനര്‍ഹമായ കുടപ്പന്റെ ടാഗുള്ള അരഞ്ഞാണത്തിന്റെ ഇ-ബുക്ക് ആമസോണിലും ലഭ്യമാണു . കോഴിക്കോട് ആസ്ഥാനമായുള്ള തത്സമയം ദിനപത്രത്തിന്റെ നവമാദ്ധ്യമ വിഭാഗത്തിലാണു വിത്സണ്‍ ജോലി ചെയ്യുന്നത് .

Read More >>