രാധേ...വിളി നിലച്ചു

രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പല പ്രശസ്തരെയും തലസ്ഥാനനഗരിയില്‍ ഒന്നിച്ചു കൊണ്ടുവരാന്‍ പഴവിള നേതൃത്വമെടുത്തു

രാധേ...വിളി നിലച്ചു

വി ശശികുമാർ

സല്‍ക്കരിച്ചും ഇണങ്ങിയും പിണങ്ങിയും ചീത്തവിളിച്ചും ശകാരിച്ചും സ്വന്തമാക്കാന്‍ ശ്രമിച്ചകന്നിരുന്ന പഴവിള രമേശന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്മാനം വാങ്ങാതെ ഇന്നു പോയി. കൊല്ലത്തെ ഈഴവ പ്രമാണിത്തവും കുടുംബ പാരമ്പര്യവും നിലനിര്‍ത്താന്‍ ജീവിച്ചു രണ്ടു മൂന്നു തലമുറയിലെ എഴുത്തുകാരെയും സാംസ്‌ക്കാരിക പ്രമാണികളെയും സല്‍ക്കരിച്ചു ഭാര്യ രാധയുടേതടക്കം എല്ലാ സ്വത്തുക്കളും നഷ്ടപ്പെടുത്തി ആരുടെ മുന്നിലും തല കുനിക്കാതെ, പഴവിളരമേശന്‍ യാത്രയായി. പഴവിളയുടെ സഹായം ലഭിക്കാത്ത മുന്‍ തലമുറക്കാര്‍ വിരളമാണ്.

പലരുടെയും ആപത്ത് കാലത്തു അവര് ചോദിക്കാതെ സ്വന്തം സുരക്ഷിത്വവും സ്വന്തം ഖ്യാതിക്കും ക്ഷതമുണ്ടാകുമെന്നു പോലും നോക്കാതെ ജീവിച്ച പഴവിള രമേശന്‍ അതുകൊണ്ടു കൂടി അഹങ്കാരി ആയിരുന്നു. തുറന്നെഴുത്തുകാരനായിരുന്നു എഴുപതുകളിലെ തീവ്രവാദ പ്രസ്ഥാനങ്ങളിലുള്ള പലര്‍ക്കും അഭയകേന്ദ്രം പഴവിളയുടെ പി.എം.ജി യിലുള്ള വീടായിരുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ പനവിളയിലെ വീട്ടിലായിരുന്നു തിരുവനന്തപുരത്തു നടന്ന 'സെക്കുലര്‍ സംസ്‌ക്കാര' സമ്മേളനത്തിന്റെ ചര്‍ച്ചകള്‍ മുഴുവന്‍ നടന്നത്. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പല പ്രശസ്തരെയും തലസ്ഥാനനഗരിയില്‍ ഒന്നിച്ചു കൊണ്ടുവരാന്‍ പഴവിള നേതൃത്വമെടുത്തു. പിന്നില്‍ ബി രാജീവനും മൈത്രേയനും ഭാസുരരേന്ദ്ര ബാബുവുമൊക്കെ നിന്നിരുന്നു. കുറെ വര്‍ഷം കടമ്മനിട്ട രാമകൃഷ്ണനും പഴവിളയും ചേര്‍ന്ന് കായിക്കര ആശാന്‍ സ്മാരകസമിതി സജീവമായി കൊണ്ടുനടന്നതും ഓര്‍ക്കുന്നു.

പ്രമേഹ രോഗത്തെ തുടര്‍ന്ന് ഒരു കാല്‍ മുറിക്കേണ്ടി വന്ന പഴവിള, പനവിളയിലെ വീടും ആ പഴയ അംബാസിഡര്‍ കാറും വിറ്റു താന്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനടുത്തു തന്നെ കഴിഞ്ഞു. കുറെനാളായി അതിഥികളാരുമില്ലാതെ കഴിയുകയായിരുന്നു.

ഏറ്റവും ഒടുവില്‍ പൊതു വേദിയില്‍ കണ്ടത് അടൂരിന്റെ അവസാന ഫീച്ചര്‍ ചിത്രമായ 'പിന്നെ'യിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് തൈക്കാട് ഗണേശത്തില്‍ നല്‍കിയ സ്വീകരണ ചടങ്ങിലായിരുന്നു അടൂരും കടമ്മനിട്ടയും പാരിസ് വിശ്വനാഥനുമായി എഴുപതുകളില്‍ നടത്തിയ വിഖ്യാതമായ അഖിലേന്ത്യാ യാത്രാനുഭവം തുറന്നു പറഞ്ഞു. അടൂരിന് എന്തു തോന്നും എന്ന് നോക്കാതെയുള്ള ആ തുറന്നു പറച്ചില്‍ കേട്ടിരുന്നവരെ അമ്പരിപ്പിച്ചു. അതായിരുന്നു പഴവിള രമേശന്‍.

രാധേ, രാധേ എന്ന് വിളിച്ചു ചായയും കശുവണ്ടിയും എടുപ്പിക്കുന്ന പഴവിളയുടെ രാധ വിളി ഇല്ലാതായി. രാധചേച്ചി ഈ വേര്‍പാടിലും ദുഃഖം നിറഞ്ഞ ആ പുഞ്ചിരിയോടെ കണ്ണ് തുടയ്ക്കുന്നതു ഞാന്‍ കാണുന്നു.

Read More >>