തെരുവില്‍ നിന്നും ഫോബ്‌സ് മാഗസിനിലേക്ക്; യുവ ഫോട്ടോഗ്രാഫറുടെ പോസ്റ്റ് വൈറലാകുന്നു

ഫോബ്‌സ് മാഗസിന്റെ എഷ്യാ 30 അണ്ടര്‍ 30 പട്ടികയില്‍ സ്ഥാനം പിടിച്ച യുവ ഫോട്ടോഗ്രാഫറാണ് വിക്കി റോയി

തെരുവില്‍ നിന്നും ഫോബ്‌സ് മാഗസിനിലേക്ക്; യുവ ഫോട്ടോഗ്രാഫറുടെ പോസ്റ്റ് വൈറലാകുന്നു


തെരുവുകളില്‍ ജീവിതം തുടങ്ങി ഫോബ്‌സ് മാഗസിന്റെ 30 അണ്ടര്‍ 30 എഷ്യാ പട്ടികയില്‍ സ്ഥാനം പിടിച്ച യുവ ഫോട്ടോഗ്രാഫര്‍ വിക്കി റോയിയുടെ ജീവിതകഥ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പല മേഖലകളില്‍ നിന്നും ലഭിക്കുന്ന 600 ഓളം അപേക്ഷകളില്‍ നിന്നും അതത് മേഖലകളില്‍ കഴിവ് തെളിയിക്കുന്ന 30 വ്യക്തികളെ ഉള്‍പ്പെടുത്തി ഫോബ്‌സ് തയ്യാറാക്കുന്ന ലിസ്റ്റാണ് 30 അണ്ടര്‍ 30. ആ പട്ടികയിലാണ് 11ാം വയസില്‍ വീടു വിട്ടിറങ്ങി തെരുവില്‍ അഭയം തേടിയ യുവാവ് തന്റേതായ സ്ഥാനം നേടിയത്. പ്രശസ്ത ഫേസ്ബുക്ക് പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെയിലാണ് വിക്കി പ്രചോദനാത്മകമായ തന്റെ ജീവിതയാത്രയെകുറിച്ചുള്ള പോസ്്റ്റ് ഇട്ടത്. ഇതിനോടകം പതിനായിരകണക്കിന് ആളുകളാണ് പോസ്റ്റിനോട് പ്രതികരിച്ചത്. ഏത് മഴക്ക് ശേഷവും സൂര്യപ്രകാശം കടന്നുവരും, അര്‍ഹതപ്പെട്ട അംഗീകാരം, പ്രചോദനാത്മകം, പ്രതീക്ഷ പകരുന്ന ജീവിതം തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

മൂന്ന് വയസുള്ളപ്പോര്‍ രക്ഷിതാക്കള്‍ വിക്കിയെ മുത്തച്ഛനോടൊപ്പമാക്കിയതാണ്. മുത്തച്ഛന്‍ നിരന്തരമായി മര്‍ദ്ദിക്കുമായിരുന്നു. ഒരുപാട് പേര്‍ ഗ്രാമത്തില്‍ നിന്നും പുറത്ത്‌പോയി രക്ഷപ്പെട്ട കഥകള്‍ കേട്ടിരുന്ന വിക്കി മുത്തച്ഛന്റെ കൈയ്യില്‍ നിന്നും പണം മോഷ്ടിച്ച് ഡല്‍ഹിയിലേക്ക് നാടുവിടുകയായിരുന്നു. പ്രതീക്ഷകളുമായെത്തിയ റോയിക്ക് നിരാശയായിരുന്നു ഫലം. പട്ടിണി കിടക്കാതിരിക്കാന്‍ തെരുവില്‍ പഴയ തുണികഷ്ണം പെറുക്കി വിറ്റു, ട്രെയിനില്‍ നടന്ന് വെള്ളം വിറ്റു, തുറസ്സായ സ്ഥലങ്ങളില്‍ കിടന്നുറങ്ങി, ദാബയില്‍ പാത്രം കഴുകി, മറ്റുള്ളവരുടെ ഉച്ഛിഷ്ടങ്ങള്‍ ഭക്ഷിച്ചു.

ഒരു ഡോക്ടറുടെ സന്മനസ്സില്‍ സലാം ബാലക് എന്ന എന്‍.ജി.ഒ യിലെത്തുന്നത് വരെ ആ അവസ്ഥ തുടര്‍ന്നു. നാടുവിട്ടെത്തിയ കുട്ടികളെ പുനധിവസിപ്പിച്ചിരുന്ന എന്‍.ജി.ഒ യില്‍ നിന്ന് മൂന്ന് നേരം ഭക്ഷണവും, വസ്ത്രവും, തല ചായ്ക്കാന്‍ ഇടവും ലഭിച്ചു. സ്‌കൂളിലും പോകാന്‍ തുടങ്ങി. അപ്പോഴാണ് ഒരു ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ സ്ഥാപനം സന്ദര്‍ശിച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് വിക്കിക്ക് ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടത്തിന് കാരണമായത്.

തെരുവിന്റെ പല മുഖങ്ങളും, നിറങ്ങളും കണ്ട വിക്കിക്ക് ഫോട്ടോഗ്രഫിയില്‍ തിളങ്ങാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. വിക്കിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ വിശ്വാസമുണ്ടായിരുന്ന എന്‍.ജി.ഒ 499 രൂപയുടെ ഒരു ക്യാമറ വിക്കിക്ക് സമ്മാനമായി നല്‍കി. ഒരു പ്രാദേശിക ഫോട്ടോഗ്രാഫറുടെ കീഴില്‍ ഇന്റേണ്‍ഷിപ്പ് ആരംഭിച്ചു. അയാളുടെ സഹായത്തോടെ തെരുവിന്റെ സ്വപ്‌നങ്ങള്‍ എന്ന എക്‌സിബിഷന്‍ നടത്തി. പിന്നീട് വിക്കിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പല രാജ്യങ്ങളിലെയും ക്ഷണിക്കപ്പെട്ട അതിഥിയായി മാറി വിക്കി റോയി. 2014 ലെ എം.ഐ.ടി മീഡിയ ഫെലോഷിപ്പ് അവാര്‍ഡ് സ്വന്തമാക്കി. ഇപ്പോള്‍ ഫോബ്‌സ് എഷ്യ30 അണ്ടര്‍ 30 പട്ടികയില്‍ സ്ഥാനവും. തന്റെ വിധി മാറ്റിയെഴുതാന്‍ സാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിക്കിക്ക് ഇപ്പോഴും പറയാനുള്ളത്.

Story by
Read More >>