ശ്രീറാം കേസ്; വഫ ഫിറോസിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

തുടര്‍ച്ചയായി ഗതാഗതനിയമം ലംഘിച്ചതിനു മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍

ശ്രീറാം കേസ്; വഫ ഫിറോസിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനിമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ഒപ്പം സഞ്ചരിച്ച വഫ ഫിറോസിന്റെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. വഫക്കയച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ഗ്ലാസില്‍ കറുത്ത ഗ്ലാസ് ഒട്ടിച്ചതിന്, അമിത വേഗത്തിന് തുടങ്ങി മൂന്ന് നോട്ടീസുകളാണ് മോട്ടോര്‍ വാഹന വകുപ്പ് വഫക്ക് നോട്ടീസ് അയച്ചത്.തുടര്‍ച്ചയായി ഗതാഗതനിയമം ലംഘിച്ചതിനു മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

മാധ്യമപ്രവര്‍ത്തകന്‍ കാറപകടത്തില്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. നിശ്ചിതസമയം കഴിഞ്ഞിട്ടും കാരണം കാണിക്കല്‍ നോട്ടീസിനു ശ്രീറാം മറുപടി നല്‍കാതിരുന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷനെന്ന് ഉത്തരവില്‍ പറയുന്നു. കൈവശമുള്ള ലൈസന്‍സ് തിരുവനന്തപുരം ആര്‍ടിഒയ്ക്ക് മുമ്പാകെയോ ലൈസന്‍സെടുത്ത മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഒയ്ക്ക് മുമ്പാകെയോ ഉടന്‍ തിരിച്ചേല്‍പിക്കണം.

സംഭവം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കാതിരുന്നതില്‍ ആരോപണങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ശ്രീറാം ഇതുവരെ നേരിട്ട് നോട്ടീസ് കൈപ്പറ്റിയില്ലെന്നും അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാനായിട്ടില്ലെന്നും അതിനാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ വൈകുമെന്നായിരുന്നു കഴിഞ്ഞദിവസം ആര്‍ടിഒയുടെ പ്രതികരണം

Next Story
Read More >>