ഫസല്‍ ഗഫൂറിന് മറുപടിയുമായി സമസ്ത

തന്നിഷ്ടപ്രകാരം നിയമങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുത്തു തോല്‍പിക്കുമെന്നും നേതാക്കല്‍ മുന്നറിയിപ്പു നല്‍കി.

ഫസല്‍ ഗഫൂറിന് മറുപടിയുമായി സമസ്ത

ഫസല്‍ ഗഫൂറിന് മറുപടിയുമായി സമസ്ത നേതാക്കള്‍. മുസ്ലിം എജ്യൂക്കേഷണല്‍ സൊസൈറ്റിയുടെ സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ചു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പുറത്തിറക്കിയ ഉത്തരവ് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് കോഴിക്കോട്ട് നടത്തിയ പത്രസമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു.

സ്ഥാപന മേലാധികാരിക്ക് അവരുടെ സ്ഥാപനത്തില്‍ ഡ്രസ് കോഡ് നിശ്ചയിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഇതു വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായാല്‍ അതിനെ ജനാധിപത്യ രാജ്യത്തു അംഗീകരിക്കാനാവില്ല. നിഖാബ് ധരിച്ചതിന്റെ പേരില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടാല്‍ അവര്‍ക്ക് സംഘടന എല്ലാ വിധ പിന്തുണയും നല്‍കുമെന്നും നേതാക്കല്‍ പറഞ്ഞു.

മത പണ്ഡിതര്‍ക്കെതിരേ എം.ഇ.എസ് പ്രസിഡണ്ട് ഫസല്‍ ഗഫൂര്‍ നടത്തുന്ന പ്രസ്താവനകള്‍ അതിരുകടക്കുന്നെന്നും ഇവര്‍ സൂചിപ്പിച്ചു. നിഖാബിനെ നിരോധിച്ചു കൊണ്ടുള്ള എം.ഇ.എസിന്റെ സര്‍ക്കുലറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ആദരണീയരായ പണ്ഡിതന്മാരേയും പണ്ഡിതസഭകളേയും അവഹേളിക്കുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മുസ്ലിം സമുദായം നോക്കി നില്‍ക്കില്ല. ന്യൂനപക്ഷങ്ങളുടെ ആനൂകൂല്യത്തില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ തന്നെ ന്യൂനപക്ഷാവകാശവും വ്യക്തി സ്വാതന്ത്ര്യവും തടയുന്നതിനെ നീതീകരിക്കാനാവില്ല. തന്നിഷ്ടപ്രകാരം നിയമങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുത്തു തോല്‍പിക്കുമെന്നും നേതാക്കല്‍ മുന്നറിയിപ്പു നല്‍കി.

പത്രസമ്മേളനത്തില്‍ എസ്.വൈ.എസ് വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.എം.ഫ് വര്‍ക്കിങ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, എസ്.കെ.എം.ഇ.എ ജനറള്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവര്‍ പങ്കെടുത്തു.

Read More >>