കണ്ണൂരിൽ ഭക്ഷണം ഇനി 'റോബോട്ട്' വിളമ്പും

ഈ മാസം 14ന് ചലചിത്രതാരം മണിയൻപിള്ള രാജു റസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്യും.

കണ്ണൂരിൽ ഭക്ഷണം ഇനി

കണ്ണൂർ: റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ ആദ്യ റസ്‌റ്റോറന്റ് കണ്ണൂരിൽ. എസ്.എൻ പാർക്ക് റോഡിന് സമീപം ആരംഭിക്കുന്ന 'ബീ അറ്റ് കിവീസോ' റസ്‌റ്റോറന്റിലാണ് റോബോട്ടുകൾ ഭക്ഷണം വിളാമ്പാനെത്തുക. ഈ മാസം 14ന് ചലചിത്രതാരം മണിയൻപിള്ള രാജു റസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്യും.

സെൻസറിന്റെ സിഗ്നൽ അറിഞ്ഞാണ് റോബോട്ടുകളായ ജയിനും അലീനയും യന്ത്രക്കൈകൾകൊണ്ട് ഭക്ഷണം വിളമ്പുന്നത്. ചൈനയിൽ നിന്നെത്തിച്ച് ഇന്ത്യയിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയതാണ് മൂന്ന് റോബോട്ടുകൾ. കുട്ടികൾക്ക് വിനോദത്തിനായി ഒരു കുട്ടി റോബോട്ടുകൂടി എത്തും. അടുക്കളയിൽ നിന്ന് റോബോർട്ടിന്റെ കൈയിൽ കൊടുത്തുവിടുന്ന ഭക്ഷണം കൃത്യമായി ടേബിളിൽ എത്തിച്ചു നൽകുന്ന പ്രോഗ്രാമിങ്ങാണ് ഇതിൽ നടത്തിയിട്ടുള്ളത്.

വളപട്ടണം സ്വദേശിയും സിവിൽ എഞ്ചിനിയറുമായ സി.വി. നിസാമുദ്ദീൻ, ഭാര്യ സജ്മ, ഐ.ടി എഞ്ചിനിയര്‍ പള്ളിക്കുന്ന് സ്വദേശി എം.കെ. വിനീത് എന്നിവരാണ് റസ്‌റ്റോറന്റിന് പിന്നില്‍. കിവിസോ എന്ന പേരിൽ ഇവർ ഡിസൈൻചെയ്ത ഫുഡ് ടെക്‌നോളജി ആപ്പിന്റെ അടുത്തപടിയാണ് റസ്‌റ്റോറന്റ്. ഉദ്ഘാടനം കഴിയുന്നതോടെ കണ്ണൂരുകാർക്ക് പുത്തൻ അനുഭവമാകും റോബോട്ടുകളുടെ ഈ റസ്‌റ്റോറന്റ് .

ഇന്ത്യയിലെ ആദ്യത്തെ റോബോട്ട് ജോലിചെയ്യുന്ന സ്ഥാപനം എന്ന പ്രത്യേകത ചെന്നൈയിലെ മോമോ റസ്റ്റോറന്റിനാണ്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത റോബോട്ടുകളാണിത്. അവിടെ ഓരോ ടേബിളിലും ഒരു ടാബ് ലറ്റ് ഉണ്ട്. ഉപഭോക്താക്കൾ അവർക്കാവശ്യമായ വിഭവങ്ങൾ ഐപാഡ് മുഖാന്തരമാണ് ഓർഡർ ചെയ്യേണ്ടത്. ഇവ നേരെ അടുക്കളയിൽ സന്ദേശമായി എത്തും. ഇതനുസരിച്ച് തയ്യാറായ ഭക്ഷണം റോബോട്ടുകൾ ഉപഭോക്താവിന്റെ മുന്നിൽ എത്തിക്കുന്നതാണ് രീതി. ജപ്പാനിലും ബംഗ്ലാദേശിലും പാശ്ചാത്യരാജ്യങ്ങളിലും റെസ്റ്റോറന്റുകളിൽ റോബോട്ടുകൾ ജോലി ചെയ്യുന്നുണ്ട്.

Read More >>