കേന്ദ്രം ജാതിയുടേയും മതത്തിന്റേയും പേരില്‍ ജനങ്ങളെ വിഭജിക്കുന്നു: രാഹുല്‍ ഗാന്ധി

ജനങ്ങളെ വിഭജിച്ച് മുതലെടുപ്പു നടത്താനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്. വയനാട്ടുകാരുടെ ഐക്യവും സാഹോദര്യവും കേരളത്തിന് ഊർജ്ജമാണെന്നും രാജ്യത്തിനു മാതൃകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേന്ദ്രം ജാതിയുടേയും മതത്തിന്റേയും പേരില്‍ ജനങ്ങളെ വിഭജിക്കുന്നു: രാഹുല്‍ ഗാന്ധി


മുക്കം: ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കുന്ന ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. മുത്താലത്തു യു.ഡി.എഫ് ബൂത്തുതല നേതൃ കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ അടിസ്ഥാനതത്വം വെറുപ്പിന്റെ രാഷ്ട്രീയമാണ്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായുമാണ്. ജനങ്ങളെ വിഭജിച്ച് മുതലെടുപ്പു നടത്താനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്. വയനാട്ടുകാരുടെ ഐക്യവും സാഹോദര്യവും കേരളത്തിന് ഊർജ്ജമാണെന്നും രാജ്യത്തിനു മാതൃകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാത്രിയാത്രാ നിരോധം ഉൾപ്പെടെ വയനാട്ടുകാർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എന്തെന്നറിയാതെയാണ് ഭരണം നടക്കുന്നത്. ധനകാര്യമേഖലയുമായി ഒരു ബന്ധവുമില്ലാത്ത ആളെയാണ് മോദി ധനകാര്യമന്ത്രിയാക്കിയത്. രാജ്യത്തെ സാമ്പത്തികമേഖലയിൽ നടക്കുന്നത് എന്താണെന്ന് ധനമന്ത്രിക്കറിയില്ല. രാജ്യത്ത് ഉള്ളിയുടെയും മുളകിന്റെയും വിലയെന്താണെന്ന് അവർക്കറിയില്ല. പ്രധാനമന്ത്രിയോട് ഒരു ചോദ്യംചോദിക്കാൻ ആർക്കും കഴിയില്ല. ചോദിച്ചാൽ ഉത്തരവുമില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് യു.പി.എ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. യു.പി.എ സർക്കാർ ആർജിച്ചതെല്ലാം എൻ.ഡി.എ. സർക്കാർ തകർക്കുകയാണ് ചെയ്യുന്നത്. സമ്പദ് വ്യവസ്ഥ ഇനിയും കൂപ്പുകുത്തുമെന്നും തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്ക് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിക്കൊടുത്ത കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ 87-ാം ബൂത്ത് ഭാരവാഹികളെയും ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിക്കൊടുത്ത പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ പ്രവർത്തകരെയും രാഹുൽഗാന്ധിയുടെ മുക്കത്തെ ഓഫീസ് രൂപകല്പന ചെയ്ത എൻജിനിയർമാരെയും കൺവെൻഷനിൽ ആദരിച്ചു. കുനിയിൽ സ്വദേശിയായ ഫഹദ് ഫാസിൽ വരച്ച രാഹുൽഗാന്ധിയുടെ ചിത്രം അദ്ദേഹത്തിന് കൈമാറി. എം.കെ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എ.പി അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ടി സിദ്ദിഖ്, മുൻ പ്രസിഡന്റ് കെ.സി അബു, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മില്ലി മോഹൻ, എം.ടി അഷ്‌റഫ്, സി.പി ചെറിയമുഹമ്മദ്, സി.കെ കാസിം പ്രസംഗിച്ചു.

Read More >>