പോലീസുകാരന്റെ ആത്മഹത്യ; ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന് പരാതി, ക്യാംപ് മുന്‍ ഡപ്യൂട്ടി കമന്‍ഡാന്റ് അറസ്റ്റില്‍

ശാരീരിക-മാനസിക പീഡനത്തിന് പുറമെ, ജാതീയ അധിക്ഷേപവും ഉണ്ടായിരുന്നെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു

പോലീസുകാരന്റെ ആത്മഹത്യ; ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന് പരാതി, ക്യാംപ് മുന്‍ ഡപ്യൂട്ടി കമന്‍ഡാന്റ് അറസ്റ്റില്‍

പാലക്കാട്: എആര്‍ ക്യാംപ് കോണ്‍സ്റ്റബിള്‍ അഗളി സ്വദേശി കുമാര്‍ ആത്മഹത്യ ചെയ്തത് ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും മാനസിക-ശാരീരിക പീഡനം കാരണമെന്ന് ഭാര്യ. കുമാറിന്റെ ഭാര്യ സജിനിയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്ത് ക്യാംപ് മുന്‍ ഡപ്യൂട്ടി കമന്‍ഡാന്റ് എല്‍ .സുരേന്ദ്രനെ ഡിവൈഎസ്പി എസ്. ദേവദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. കഴിഞ്ഞ 31 ന് സര്‍വീസില്‍ നിന്നു വിരമിച്ച സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സുരേന്ദ്രനെ ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ മാസം 25 ന് ലക്കിടി റെയില്‍വേ സ്റ്റേഷനു സമീപമാണ് കുമാറിന്റെ ജഡം കണ്ടെത്തിയത്. എ.ആര്‍ ക്യാമ്പില്‍ കുമാര്‍ മൂന്നുമാസത്തോളമായി മാനസിക, ശാരീരിക പീഡനത്തിന് ഇരയായിരുന്നതായി ഭാര്യയുടെ ആരോപിച്ചിരുന്നു. ജാതീയ അധിക്ഷേപവും ഏറ്റിരുന്നതായി പരാതിയില്‍ പറയുന്നു. മാനസികമായി തകര്‍ന്ന് ജോലിയില്‍നിന്ന് കുറച്ചുദിവസം വിട്ടുനിന്നിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മനപൂര്‍വം മാനസികമായി പീഡിപ്പിക്കുന്ന കാര്യം പങ്കുവെച്ചിരുന്നതായും സജിനി പറഞ്ഞിരുന്നു.

സംഭവത്തില്‍ ക്യാംപിലെ ഏഴു പൊലീസുകാരെ എസ്.പി.ജി. ശിവവിക്രമം സസ്‌പെന്‍ഡ് ചെയ്തു. ഒറ്റപ്പാലം സിഐ അന്വേഷിച്ചിരുന്ന കേസ് പിന്നീട് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറി. ആരോപണവിധേയര്‍ക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് എസ് ടി സ്‌പെഷല്‍ കോടതിക്കു റിപ്പോര്‍ട്ടു നല്‍കി. ക്യാംപ് ഡിസി എല്‍.സുരേന്ദ്രനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

Next Story
Read More >>