രാഹുലിനെ വിമർശിച്ച എൻ.എസ് മാധവിന് പി.സി വിഷ്ണുനാഥിന്റെ മറുപടി; ഉപദേശം പിണറായിയെ 'നന്നാക്കാൻ' ഉപയോഗിക്കൂ

തന്റെ മണ്ഡലമായ വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു. വയനാട്ടിലും മലപ്പുറത്തുമായി പതിനഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു

രാഹുലിനെ വിമർശിച്ച എൻ.എസ് മാധവിന് പി.സി വിഷ്ണുനാഥിന്റെ മറുപടി; ഉപദേശം പിണറായിയെ നന്നാക്കാൻ ഉപയോഗിക്കൂ

കൊച്ചി: വേറെ തിരക്കൊന്നുമില്ലാത്ത രാഹുൽ ഗാന്ധി വയനാട്ടിൽ തങ്ങി പണിയെടുക്കുകയാണു വേണ്ടതെന്ന എൻ.എസ് മാധവന്റെ പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. പ്രളയം തകർത്തെറിഞ്ഞ വയനാട് ഒന്ന് സന്ദർശിക്കാൻ പോലും കാലതാമസം വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്താൻ താങ്കളുടെ ഉപദേശം നൽകൂവെന്നായിരുന്നു വിഷ്ണുനാഥിന്റെ മറുപടി.

ട്വിറ്ററിലൂടെയാണ് എൻ.എസ് മാധവന്റെ പരിഹാസത്തിന് വിഷ്ണുനാഥ് മറുപടി നൽകിയത്. കൽപ്പറ്റയിൽ രാഹുൽഗാന്ധിയും എം.എൽ.എ സി.കെ ശശീന്ദ്രനും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പി.സി വിഷ്ണുനാഥിന്റെ ട്വീറ്റ്. ' എല്ലാവരും ഒന്നിച്ച് നിന്ന് അവരുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. താങ്കളുടെ ഉപദേശം പ്രളയം തൂത്തെറിഞ്ഞ വയനാട് സന്ദർശിക്കാൻ പോലും സമയമെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്താൻ ഉപയോഗിച്ചാൽ മതി.'-പി.സി വിഷ്ണുനാഥ് ട്വീറ്റ് ചെയ്തു.

തന്റെ മണ്ഡലമായ വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു. വയനാട്ടിലും മലപ്പുറത്തുമായി പതിനഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു.ദുരിതബാധിതരായ ആയിരക്കണക്കിന് ആളുകളെ കണ്ടു. ജില്ലാ കളക്ടർമാരുമായി ചർച്ചകൾ നടത്തി. ജനപ്രതിനിധികളെ കണ്ടു. വീണ്ടും അദ്ദേഹം വയനാട് സന്ദർശിക്കും. എൻ.എസ് മാധവൻ പരാമർശിച്ച ശശീന്ദ്രൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു.

'നന്ദി, അതു ചെയ്യാം' എന്നായിരുന്നു എൻ.എസ് മാധവന്റെ ട്വീറ്റ്.

നേരത്തേ എൻ.എസ് മാധവന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു- 'തിരക്കുള്ളയാളാണെന്ന നാട്യം രാഹുൽ ഗാന്ധി അവസാനിപ്പിക്കണം. വീട്ടിൽ കാത്തിരിക്കാൻ ഭാര്യയും കുട്ടികളുമില്ല. അദ്ദേഹം വയനാട്ടിൽ തങ്ങി പണിയെടുക്കുകയാണു വേണ്ടത്. അതെങ്ങനെ വേണമെന്നു സ്ഥലം എം.എൽ.എ ശശീന്ദ്രനെ കണ്ടു പഠിക്കാവുന്നതാണ്.'

നേരത്തേ വയനാട് സന്ദർശിച്ച രാഹുൽ കേരളത്തിലെ കാർഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി കൂട്ടണമെന്നാവശ്യപ്പെട്ട് റിസർവ് ബാങ്ക് ഗവർണർക്കു കത്തയച്ചിരുന്നു. 2019 ഡിസംബർ വരെ മൊറട്ടോറിയം കാലാവധി കൂട്ടണമെന്നാണ് കത്തിലെ ആവശ്യം.

ഒരു നൂറ്റാണ്ടിനിടെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തിൽ ഈ വർഷം ഉണ്ടായതെന്നും അതിനാൽ കർഷകർക്ക് കാർഷിക ലോൺ തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ആഗോള വിപണിയിലെ വിലയിടിവും കർഷകരെ ദോഷകരമായി ബാധിച്ചെന്ന് കത്തിൽ പറയുന്നു.

കാർഷിക കടങ്ങൾ തിരിച്ചുപിടിക്കുന്നതിന് ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാവുന്ന നടപടികളുടെ ഫലമായി കർഷക ആത്മഹത്യകൾ വർദ്ധിച്ചിരിക്കുകയാണെന്നും ഡിസംബർ 31 വരെ മൊറട്ടോറിയം കാലാവധി നീട്ടണമെന്നുള്ള ആവശ്യം അംഗീകരിക്കാൻ സംസ്ഥാന ബാങ്കേഴ്സ് സമിതി തയ്യാറായിട്ടില്ലെന്നും ഈ സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ ഇടപെടൽ ഉണ്ടാവണമെന്നും കത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നു.

നേരത്തെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഹുൽഗാന്ധി കത്ത് അയച്ചിരുന്നു. പ്രധാനമന്ത്രിക്കയച്ച കത്തിലും രാഹുൽ വയനാട്ടിലെ കർഷക ആത്മഹത്യയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

Read More >>