പരപ്പനങ്ങാടിയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഇന്നലെ വൈകീട്ട് കടലുണ്ടി കടവിനടുത്തായിരുന്നു മുസമ്മില്‍ അപകടത്തില്‍പെട്ടത്.

പരപ്പനങ്ങാടിയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി: കൂട്ടുകാരോടൊത്ത് കടലില്‍ കുളിക്കാനിറങ്ങിയതിനിടെ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി. കടലുണ്ടി നഗരം സ്വദേശി കലന്തത്തിന്റെ പുരയ്ക്കല്‍ സലാമിന്റെ മകന്‍ മുഹമ്മദ് മുസമ്മലിനാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

ഇന്നലെ വൈകീട്ട് കടലുണ്ടി കടവിനടുത്തായിരുന്നു മുസമ്മില്‍ അപകടത്തില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി വരികയായിരുന്നു. മൂന്ന് മണിയോടെയാണ് മൃതദേഹം ലഭിച്ചത്. ഇവര്‍ കുളിക്കാനിറങ്ങിയ സ്ഥലത്തിന് സമീപത്തെ പാറക്കെട്ടിനടുത്താണ് മൃതദേഹമുണ്ടായിരുന്നത്.

കുട്ടിക്കായി തെരച്ചില്‍ നടത്തുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ ഇന്ന് രാവിലെ പ്രദേശത്ത് റോഡ് ഉപരോധമുള്‍പ്പടെ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നാവികസേനയുടെ ഹെലികോപ്റ്ററെത്തി തെരച്ചിലില്‍ പങ്കെടുത്തിരുന്നു.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് കൂട്ടകാരായ ഹിലാല്‍, അഫ്സല്‍ എന്നിവരോടൊപ്പം കടലുണ്ടി കടവ് അഴിമുഖത്തിനടുത്ത് കുളിക്കാനിറങ്ങിയത്. ഇതിനിടെ ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് മൂവരും ഒഴുക്കില്‍ പെട്ടെങ്കിലും ഹിലാലും അഫ്സലും നീന്തി രക്ഷപ്പെട്ടു. മുസമ്മില്‍ തിരയില്‍ പെടുകയായിരുന്നു. ശക്തമായ കടല്‍ക്ഷോഭം മൂലം രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമായിരുന്നു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുസമ്മില്‍ ഈ വര്‍ഷമാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. മാതാവ്: മൈമൂന, സഹോദരന്‍: മുക്താര്‍

Read More >>