നേപ്പാളിൽ എട്ടു പേരും മരിച്ചത് ശ്വാസംമുട്ടി; വില്ലനായത് കാർബൺ മോണോക്സൈഡെന്ന് പൊലീസ്

മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാളിൽ എട്ടു പേരും മരിച്ചത് ശ്വാസംമുട്ടി; വില്ലനായത് കാർബൺ മോണോക്സൈഡെന്ന് പൊലീസ്

നേപ്പാളിലെ ടൂറിസ്റ്റ് ഹോമിൽ മലയാളികൾ മരിച്ചത് ശ്വാസംമുട്ടിയെന്ന് ആശുപത്രി അധികൃതര്‍. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ മരണം സംഭവിച്ചിരുന്നതായി അധികൃതർ അറിയിച്ചു. മുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതാകാം മരണകാരണമെന്നാണ് പൊലീസ് ഭാഷ്യം. തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിന്റെ തകരാറാണ് കാർബൺ മോണോക്സൈഡ് ചോരാൻ കാരണമെന്നാണ് വിലയിരുത്തൽ.

ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് നാലു കുട്ടികൾ ഉൾപ്പെടെ എട്ടുപേർ മരണപ്പെട്ടത്. മുറിയിലെ ജനലുകളും വാതിലുകളും അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നെന്നുവെന്നാണ് ഹോട്ടല്‍ മാനേജര്‍ പറയുന്നത്. ചൊവ്വാഴ്ച രാവിലെ മുറി തുറക്കാത്തതിനെത്തുടർന്ന് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ഹോട്ടൽ അധികൃതർ തുറന്നപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിയുന്നത്.

ദുബായിൽ എൻജിനീയറായ തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ ശശി(34), ഇവരുടെ മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് ശരണ്യ നായർ, തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരൻ കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് അടുത്തോലത്ത് പുനത്തിൽ ടി.ബി. രഞ്ജിത് കുമാര്‍ (39) ഭാര്യ ഇന്ദു ലക്ഷ്മി പീതാംബരൻ (34) ഇവരുടെ മകൻ വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചതെന്നാണ് വിവരമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. അതേസമയം, മരിച്ച രഞ്ജിത്തിന്റെ മകൻ മാധവ് രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ നിന്നാണ് ഇവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുൾപ്പെടെയുള്ള 15 അം​ഗസംഘം നേപ്പാളിലേക്ക് വിനോദയാത്ര തിരിക്കുന്നത്. റിസോർട്ടിൽ നാലു മുറികള്‍ ബുക് ചെയ്തെങ്കിലും എട്ടുപേര്‍ താമസിച്ചത് ഒരു മുറിയിലായിരുന്നു. അതേസമയം മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Next Story
Read More >>