നിപയല്ല, ഏതു പനിയെയും ചികില്‍സിക്കാന്‍ പേടി തടസമായിട്ടില്ല; നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്

ഡോക്ടര്‍ക്ക് പേടിയുണ്ട്. സത്യമാണ്. വെടിയുണ്ട ചീറിവരുമ്പൊ വിരിമാറ് കാണിച്ചുകൊടുക്കാമെന്ന് എഴുതി ഒപ്പിട്ടിട്ടല്ല മെഡിസിന്‍ പഠിക്കാന്‍ വന്നത്.

നിപയല്ല, ഏതു പനിയെയും ചികില്‍സിക്കാന്‍ പേടി തടസമായിട്ടില്ല; നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്

നിപ്പ വൈറസ് ബാധയേറ്റയാളെ എന്‍ഡോ ട്രക്കിയല്‍ ഇന്റ്യുബേഷന്‍ (വെന്റിലേറ്ററുമായി ഘടിപ്പിക്കാന്‍ ശ്വാസനാളത്തില്‍ ട്യൂബ് ഇടുന്ന പ്രക്രിയ) ചെയ്യാന്‍ പേടികാരണം ഡോക്ടര്‍മാര്‍ വിസമ്മതിച്ചു എന്ന പോസ്റ്റ് വായിച്ചപ്പോള്‍ സത്യത്തില്‍ ചിരിയാണ് വന്നത്.

ഇതിനൊക്കെ പ്രതികരിച്ച് സമയം കളയണോയെന്ന് ഒരുവട്ടം ചിന്തിക്കുകയും ചെയ്തു. മാസങ്ങളോളം സ്വന്തം ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും മുന്‍ കരുതലുകളില്‍ വിശ്വസിച്ച് ജോലിചെയ്യാന്‍ തയ്യാറായ ആരോഗ്യപ്രവര്‍ത്തകരെ അപമാനിക്കുന്നത് നമ്മള്‍ വകവച്ച് കൊടുക്കേണ്ടതില്ലെന്നത് ഒരു കാര്യം. രണ്ടാമത് ചിലതൊക്കെ ചിലരെങ്കിലും അറിയുന്നത് നല്ലതാണ്.

ഒരു സാധാരണക്കാരന്‍ നേരിടുന്നതിന്റെ പത്തോ നൂറോ ഇരട്ടി രോഗാണുക്കളുടെ സാമീപ്യമനുഭവിക്കുന്നവരാണ് നഴ്‌സുമാരും ക്ലീനിങ്ങ് സ്റ്റാഫും ഡോക്ടര്‍മാരും ലബോറട്ടറി ജീവനക്കാരുമടക്കമുള്ള ആശുപത്രി ജീവനക്കാരെല്ലാവരും. ഡോക്ടര്‍മാരെക്കുറിച്ച് പറയുന്നുവെന്ന് കരുതി അവരെക്കുറിച്ച് മാത്രമാണ് ഇത് പറയുന്നതെന്ന് ആരും കരുതേണ്ട.

മെഡിക്കല്‍ കോളജില്‍ ഡോക്ടറാവാന്‍ പഠിച്ച എല്ലാവര്‍ക്കും പറയാനുണ്ടാവുന്ന ഒരു കഥയാവും '' പ്രിക്ക് '' കിട്ടിയ സമയത്ത് രോഗിക്ക് രക്തത്തിലൂടെ പകരുന്ന രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കാന്‍ നെട്ടോട്ടമോടിയ കഥ...

സംഭവം എന്താച്ചാല്‍, മുറിവിന് തുന്നലിടുമ്പൊ ആദ്യത്തെ തവണയെങ്കിലും ഒന്ന് ലക്ഷ്യം തെറ്റി ആ സൂചി വിരലില്‍ കൊള്ളാത്തവര്‍ ചുരുക്കമായിരിക്കും..എന്തും കിട്ടാം.. ഹെപ്പറ്റൈറ്റിസ് ബി തൊട്ട് അങ്ങോട്ട്..മുന്‍പെടുത്ത വാക്‌സിനേഷന്റെ ഫലപ്രാപ്തി ടെസ്റ്റ് ചെയ്തും രോഗിയുടെ പരിശോധനാഫലം കാത്തിരുന്ന് തീ തിന്നും...

ഗര്‍ഭാവസ്ഥയില്‍ വരുന്ന പനികളും ചിക്കന്‍ പോക്‌സുമൊക്കെ ആര്‍ക്കുമൊരു പേടിസ്വപ്‌നമായിരിക്കും. അപ്പൊ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികളായ ഡോക്ടര്‍മാരെക്കുറിച്ചും രോഗീപരിചരണം ചെയ്യുന്ന നഴ്‌സുമാരെക്കുറിച്ചുമൊക്കെ ഒരിക്കലെങ്കിലും നിങ്ങളാലോചിച്ച് നോക്കിയിട്ടുണ്ടോ?

പനിയുമായി വന്ന രോഗി ചിലപ്പൊ എല്ലാ പരിശോധനയും കഴിഞ്ഞ് അവസാനമാവും ' സാറേ , ദേ ഇവിടെയൊരു കുമിള ' യുണ്ടെന്ന് പറയുക...ആലോചിച്ചിട്ട് കാര്യമൊന്നുമില്ല..എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നതുണ്ടെങ്കില്‍ ചെയ്യും..

സമൂഹം അകറ്റിനിര്‍ത്തുന്ന പല രോഗാവസ്ഥയിലുള്ളവര്‍ക്കും ചികില്‍സ എവിടെനിന്ന് ലഭിക്കുന്നുവെന്നാണ് നിങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നത്?

എച്ച്.ഐ.വി പോലത്തെ രോഗങ്ങളോട് ഇപ്പൊഴും തെറ്റിദ്ധാരണകള്‍ വച്ചുപുലര്‍ത്തുന്നിടത്ത് അവര്‍ക്കു ചികില്‍സ ലഭ്യമാക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിങ്ങള്‍ കാണാത്തത് രോഗിയോടുള്ള ആദരവും കോണ്‍ഫിഡന്‍ഷ്യാലിറ്റിയും നിലനിറുത്തുന്നതുകൊണ്ടുകൂടിയാണ്....

അത് ഫേസ്ബുക്ക് ലൈവിട്ട് ഞങ്ങള് പറയിപ്പിക്കില്ല..

നിപ്പ നിങ്ങളറിഞ്ഞത് സ്ഥിരീകരണം വന്നതിനു ശേഷമാണ്. നിങ്ങളറിയാത്ത എത്രയോ പനിക്കാര്‍ ദിവസവും സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലെത്തുന്നുണ്ടെന്നറിയാമോ? എച്ച്1 എന്‍1, എച്ച്5 എന്‍1, വെസ്റ്റ് നൈല്‍ ഫീവര്‍, യെല്ലോ ഫീവര്‍...ഇന്ത്യയിലുള്ളതും ഇല്ലാത്തതുമായ പനികളുടെ ലിസ്റ്റെടുത്താല്‍ അന്തം കാണാന്‍ സാദ്ധ്യതയില്ല..

ഇതിലേതാണ് തനിക്കെന്ന് നെറ്റിയിലെഴുതി ഒട്ടിച്ചുവച്ചല്ല ഒരു രോഗിയും അകത്ത് വരുന്നതും തിരിച്ച് പോവുന്നതും.. വന്ന് പരിശോധിച്ച്, ചികില്‍സിച്ച്, രോഗനിര്‍ണയം നടത്തിക്കഴിയുമ്പൊഴാണ് നിപ്പയെന്ന് തുടങ്ങി ഡെങ്കുവെന്ന് വരെ വാര്‍ത്താകളുണ്ടാവുന്നത്...

അതുവരെ പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് മെഷേഴ്‌സിലും പഠിച്ച വിവരങ്ങളിലുമൊക്കെ വിശ്വസിച്ചങ്ങ് മുന്നോട്ട് പോവും....

ഡോക്ടര്‍ക്ക് പേടിയുണ്ട്. സത്യമാണ്. വെടിയുണ്ട ചീറിവരുമ്പൊ വിരിമാറ് കാണിച്ചുകൊടുക്കാമെന്ന് എഴുതി ഒപ്പിട്ടിട്ടല്ല മെഡിസിന്‍ പഠിക്കാന്‍ വന്നത്. അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്ക് വെടിയുണ്ടയോ തോക്കോ ഒക്കെ കാണാമെന്നൊരു അഡ്വാന്റേജുണ്ട്..ഇവിടത്തെ വെടിയുണ്ടകളും ശത്രുക്കളും മിക്കപ്പോഴും അദൃശ്യരാണ്.

അക്കൂട്ടത്തിലൊരു വെടിയുണ്ട എപ്പൊഴാണ് നെഞ്ചില്‍ കയറുകയെന്ന് അറിയില്ലായിരിക്കും. പഠിച്ചതനുസരിച്ചാണ് ചെയ്തതെങ്കിലും പഴി കേള്‍ക്കേണ്ടിവരുമെന്നും പേടിയുണ്ടായിരിക്കും..

പക്ഷേ പനിക്ക് പേരുണ്ടെങ്കിലും പേരില്ലെങ്കിലും ചികില്‍സിക്കാന്‍ ആ പേടി തടസമായിട്ടില്ല...തെറ്റിദ്ധാരണ പരത്തുന്നതിനു മുന്‍പ് അതൊന്ന് ഓര്‍ക്കുന്നത് നല്ലതാണ്.


Read More >>