സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നത് മുഖ്യമന്ത്രി തന്നെ: മുല്ലപ്പള്ളി

അഴിമതിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉണ്ടയില്ലാ വെടിവയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നത് മുഖ്യമന്ത്രി തന്നെ: മുല്ലപ്പള്ളി

സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നും അധികം വൈകാതെ അത് കാണാമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാലാരിവട്ടം കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പാലായിൽ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ഉന്നംവെച്ച് പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞത്. ഇതിന് ലാവലിന്‍ കേസ് മറയാക്കിയാണ് മുല്ലപ്പള്ളി പിണറായി വിജയന് മറുപടി നല്‍കിയത്.

അഴിമതിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉണ്ടയില്ലാ വെടിവയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാലാ തിരഞ്ഞെടുപ്പില്‍ ഇതുകൊണ്ടൊന്നും എല്‍ഡിഎഫ് ജയിക്കില്ല. കേരളത്തില്‍ ആദ്യം സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ലാവലിന്‍ കേസ് തീര്‍ന്നിട്ടില്ല. സുപ്രീം കോടതി ഉടന്‍ അത് പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസം പാലായിൽ പ്രചാരണത്തിനെത്തിയപ്പോഴാണ് അഴിമതിക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. അഴിമതിക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കും. ഇത്‌ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്നും പറഞ്ഞു. തുടർന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന് നേരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്.

"ചിലര്‍ക്ക് അഴിമതി കാണിക്കാനുള്ള പ്രവണതയുണ്ട്. അങ്ങനെ പ്രവണതയുള്ളവരോട് പറയുകയാണ്, മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും. മര്യാദയ്ക്കാണെങ്കില്‍ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാം. ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ ഒരു പഞ്ചവടിപ്പാലവും നിര്‍മ്മിക്കാന്‍ പോകുന്നില്ല. അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അങ്ങനെയുള്ള ഒരാളുടെ കഥ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്" എന്നായിരുന്നു മുഖ്യമന്ത്രിയുടെ പറഞ്ഞത്.

Read More >>