ക്ഷേത്രത്തിലെ സിഎഎ അനുകൂല പരിപാടി എതിര്‍ത്ത സ്ത്രീയെ കയ്യേറ്റം ചെയ്ത സംഭവം; 29 വിഎച്ച്പി-ബിജെപി വനിതാ നേതാക്കള്‍ക്കെതിരെ കേസ്

പെണ്‍മക്കളെ കാക്ക കൊത്താതിരിക്കാനാണ് താന്‍ നെറ്റിയില്‍ സിന്ദൂരമണിയുന്നതെന്നും ഹിന്ദുവിന്റെ ഭൂമിയാണിതെന്നും പറഞ്ഞായിരുന്നു പരിപാടി നടത്തിയ വിഎച്ച്പി-ബിജെപി നേതാക്കൾ യുവതിയെ കയ്യേറ്റം ചെയ്തിരുന്നത്

ക്ഷേത്രത്തിലെ സിഎഎ അനുകൂല പരിപാടി എതിര്‍ത്ത സ്ത്രീയെ കയ്യേറ്റം ചെയ്ത സംഭവം; 29 വിഎച്ച്പി-ബിജെപി വനിതാ നേതാക്കള്‍ക്കെതിരെ കേസ്

കൊച്ചി: ക്ഷേത്രത്തിലെ ഹാളില്‍ പൗരത്വ ഭേദഗതി നിയമത്തെ(സിഎഎ) അനുലിച്ച് നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയ്ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ 29 വിഎച്ച്പി-ബിജെപി വനിതാ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലൂര്‍ പാവക്കുളം ശിവക്ഷേത്രത്തിന്റെ ഹാളിലായായിരുന്നു പൗരത്വ നിയമത്തെ അനുകൂലിച്ച് പരിപാടി നടത്തിയിരുന്നത്.

പരിപാടിയെ ചോദ്യം ചെയ്യുകയും ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തതിനാണ് യുവതിയെ വിഎച്ച്പി-ബിജെപി നേതാക്കൾ കയ്യേറ്റം ചെയ്തത്. തിരുവനന്തപുരം പേയാട് സ്വദേശിനി പരാതി നല്‍കിയതിനെത്തുടര്‍ന്ന്, സംഘംചേര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പരിപാടിയിൽ മതവിദ്വേഷമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് യുവതി പ്രതിഷേധിച്ചത്.

പെണ്‍മക്കളെ കാക്ക കൊത്താതിരിക്കാനാണ് താന്‍ നെറ്റിയില്‍ സിന്ദൂരമണിയുന്നതെന്നും ഹിന്ദുവിന്റെ ഭൂമിയാണിതെന്നും പറഞ്ഞായിരുന്നു പരിപാടി നടത്തിയ വിഎച്ച്പി-ബിജെപി നേതാക്കൾ യുവതിയെ കയ്യേറ്റം ചെയ്തിരുന്നത്.യുവതിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പുറമേ ഇതരമത വിദ്വേഷമുണ്ടാക്കുന്ന രീതിയിലും മാതൃസമിതി അംഗങ്ങള്‍ സംസാരിച്ചിരുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിരുന്നു.

ഇന്നലെ അതിക്രമത്തിനിരയായ യുവതിക്കു നേരെ കേസെടുത്തതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് അതിക്രമത്തിനിരയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. യോഗം തടസ്സപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചായിരുന്നു ഹിന്ദു ഐക്യവേദിയുടെ പരാതി.

Read More >>