നേപ്പാളില്‍ മലയാളികളുടെ മരണം: മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കും

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നോർക്ക വഴി പണം നൽകാമെന്ന ഉറപ്പ് നൽകിയത്.

നേപ്പാളില്‍ മലയാളികളുടെ മരണം: മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കും

നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാറിൻെറ ഇടപെടൽ.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നോർക്ക വഴി പണം നൽകാമെന്ന ഉറപ്പ് നൽകിയത്. നോര്‍ക്ക സിഇഒ ‍ഡല്‍ഹിയിലെ നോര്‍ക്ക ഉദ്യോഗസ്ഥരുമായും വിദേശകാര്യമന്ത്രാലയവുമായും സംസാരിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന‌് നിർദ്ദേശം കിട്ടാത്തതിനാല്‍ മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പണം നല്‍കാന്‍ ആവില്ലെന്നായിരുന്നു എംബസിയുടെ വിശദീകരണം.

10 ലക്ഷത്തോളം രൂപയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ചെലവു വരിക. ഒരു മൃതദേഹത്തിന് ഒരുലക്ഷത്തില്‍ കൂടുതല്‍ തുക വേണ്ടിവരുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാളെ വൈകീട്ട് 6.5ന് തിരുവനന്തപുരത്ത് എത്തിക്കും. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ മറ്റന്നാള്‍ രാവിലെ 9.5 ന് കോഴിക്കോട്ട് എത്തിക്കും.

മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പണം നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. അതേസമയം മലയാളി വിനോദ സഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയമിച്ചു. ഹോട്ടലിലെ ഹീറ്ററിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് നേപ്പാളിലെ ദാമനിൽ എട്ട് മലയാളികളാണ് മരിച്ചത്.

Next Story
Read More >>