ഓര് പിള്ളേരാണ്, ഒരുപാട് പേര്‍ക്കുള്ള പാഠമാണ്; പ്രളയസഹായവുമായി ഇത്താത്തയും കുഞ്ഞനിയനും

ആലുവയിലെ 'മലബാറിനൊരു കൈത്താങ്ങ്' ക്യാമ്പില്‍ പ്രളയസഹായം ചെയ്യാനെത്തിയ ഇവരെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു

ഓര് പിള്ളേരാണ്, ഒരുപാട് പേര്‍ക്കുള്ള പാഠമാണ്; പ്രളയസഹായവുമായി ഇത്താത്തയും കുഞ്ഞനിയനും


ആലുവ: പെരുന്നാളിന് കിട്ടിയ കോളും, കാശിക്കുടുക്കയിലെ അവസാന നാണയവും വരെ നുള്ളിയെടുത്ത് ആലുവയിലെ 'മലബാറിനൊരു കൈത്താങ്ങ്' ക്യാമ്പില്‍ എത്തിയ ഇത്താത്തയെയും കുഞ്ഞനിയനെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. മലബാറിലെ ദുരിതബാധിതരെ സഹായിക്കാന്‍ എറണാകുളം തായിക്കാട്ടുകരയില്‍ നടത്തുന്ന കളക്ഷന്‍ സെന്ററാണ് മലബാറിനൊരു കൈത്താങ്ങ്. അവിടേക്കാണ് കുഞ്ഞുപ്രായത്തില്‍ ലഭിച്ച മുഴുവന്‍ സമ്പാദ്യവും നെഞ്ചോട് ചേര്‍ത്ത് അവരെത്തിയത്.

കൈയ്യില്‍ ചുരുട്ടിപ്പിടിച്ച നോട്ടുകളെല്ലാം കുഞ്ഞനിയന്‍ മൊഹമ്മദാണ് കളക്ഷന്‍ സെന്ററിലെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. അനിയന് പിന്നാലെ ഇത്താത്ത ഇസ ബാഗില്‍ കരുതിയിരുന്ന നാണയത്തുട്ടുകളെല്ലാം മേശപ്പുറത്ത് വിതറി. അവസാന നാണയത്തുട്ടു കൂടി പെറുക്കി മേശപ്പുറത്തിട്ടപ്പോള്‍ എല്ലാം കൊടുക്കല്ലെടീ എന്നായി മൊഹമ്മദ് .ഇത്താത്തയുടെ ചെവിയില്‍ അനിയന്‍ രഹസ്യമായി പറഞ്ഞത് സെന്ററിലാകെ ചിരി പടര്‍ത്തി. ഇസക്കും ചിരി അടക്കാനായില്ല. ആ പറഞ്ഞതാണ് ഏറ്റവും രസമായത് എന്നാണ് സെന്ററില്‍ നിന്നുയര്‍ന്ന കമന്റ്. അവന്റെ കുഞ്ഞു കൈയില്‍ കൊള്ളാവുന്ന ചില്ലറത്തുട്ടുകള്‍ കുറുമ്പോടെ വാരിയെടുത്ത്് ബാഗിലേക്ക് തിരിച്ചിട്ടു. അവരുടെ കുഞ്ഞുമനസിലെ നന്മയുടെ വെളിച്ചം മതിയായിരുന്നു അവിടെയുള്ളവരുടെ മനസ് നിറയാന്‍.

ഇത് പിളേളരാണ്, ഓര്‌ടെ മനസ് വലുതാണ്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു രൂപ പോലും കൊടുക്കാത്തവര്‍ ഇതൊന്നു കണ്ണു തുറന്ന് കാണണം എന്ന അടികുറിപ്പോടെ ഇഖ്ബാല്‍ ഹൈദര്‍ എന്നയാളാണ് ഇവരുടെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രളയം കേരളത്തിന് സമ്മാനിച്ച നന്മയുടെ മറ്റ് രണ്ട് മുഖങ്ങള്‍.

Read More >>