കവളപ്പാറ; രണ്ട് മൃതദേഹം കൂടി കണ്ടെത്തി, പുത്തുമലയിലും തിരച്ചില്‍ തുടരുന്നു

പുത്തുമലയില്‍ റഡാര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

കവളപ്പാറ; രണ്ട് മൃതദേഹം കൂടി കണ്ടെത്തി, പുത്തുമലയിലും തിരച്ചില്‍ തുടരുന്നു


നിലമ്പൂര്‍: പ്രളയം കവര്‍ന്നെടുത്ത മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരു മൃതദേഹം റോഷന്‍ എന്ന കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 35 ആയി. ഇനി 24 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇവിടെ നിന്നും കണ്ടെത്താനുണ്ട്. പുത്തുമലയില്‍ നിന്ന് നാലാം ദിനവും ഒന്നും കണ്ടെത്താനായില്ല. തിരച്ചില്‍ ഈര്‍ജിതമായി തുടരുന്നു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് സാഹചര്യങ്ങള്‍ അനുകൂലമായത് തിരച്ചിലിനെ സഹായിക്കും. രണ്ടിടങ്ങളിലുമായി ഇനി 31 പേരെയാണ് കണ്ടെത്താനുള്ളത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 107 ആയി.

രാവിലെ ഏഴരയോടെയാണ് ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടങ്ങിയത്.

14 മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചില്‍ നടത്തും. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. കമല (55), സുകുമാരന്‍ (63), രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇന്ന് വൈകീട്ട് കവളപ്പാറയിലെത്തും. ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദര്‍ശിക്കും.

അതിശക്തമായ മണ്ണിടിച്ചില്‍ ദുരന്തം വിതച്ച് ഒരാഴ്ചയാവുമ്പോഴും പുത്തുമലയില്‍ ഏഴ് പേര്‍ ഇനിയും മണ്ണിനടിയിലാണ്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്. തുടര്‍ച്ചയായ നാല് ദിവസവും പുത്തുമലയില്‍ നിന്ന് ആരെയും കണ്ടത്താനായില്ല. പല മാര്‍ഗങ്ങളിലൂടെ പരിശോധന നടത്തിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്ന് സ്ഥലത്ത് റഡാര്‍ ഉപയോഗിച്ച തിരച്ചില്‍ നടത്തുമെന്നും ബന്ധുക്കളുടെ അവസ്ഥ കണക്കിലെടുത്ത് മൃതദേഹം ലഭിക്കുന്നത് വരെ തിരച്ചില്‍ തുടരുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

നാട്ടുകാര്‍ പറഞ്ഞ സാധ്യതകള്‍ക്കനുസരിച്ചായിരുന്നു ഏക്കറുകണക്കിന് ഭൂമിയില്‍ കഴിഞ്ഞ മൂന്ന് ദിവസവും മണ്ണുമാന്തി ഉപയോഗിച്ച് തെരച്ചില്‍ നടത്തിയത്. മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച് ഭൂപടം തയ്യാറാക്കിയും , മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ ഉപയോഗിച്ചും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചില്‍ നടത്തും.സ്‌കാനറുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യയൊന്നും ഇതുവരെ കൊണ്ടു വന്നിട്ടില്ല. അതൊന്നും പുത്തുമലയില്‍ പ്രാവര്‍ത്തികമല്ലെന്നാണ് ദുരന്തനിവാരണ സേനയുടെ അഭിപ്രായം. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയില്‍ സ്‌കാനറുകള്‍ പരാജയപ്പെടുമെന്നാണ് നിഗമനം. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ചതുപ്പായിക്കഴിഞ്ഞു പുത്തുമല. മണ്ണുമാന്തിയന്ത്രങ്ങള്‍ പലപ്പോഴും ചതുപ്പില്‍ പുതഞ്ഞു പോവുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

Read More >>