രാഹുൽ കാണിച്ചത് മര്യാദ മാത്രം; കത്ത് മുഖ്യമന്ത്രി ദുരുപയോഗം ചെയ്തു: കെസി. വേണുഗോപാൽ

പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നാരോപിച്ചാണ് യുഡിഎഫ് പരിപാടി ബഹിഷ്‌ക്കരിച്ചിരിക്കുന്നത്.

രാഹുൽ കാണിച്ചത് മര്യാദ മാത്രം; കത്ത് മുഖ്യമന്ത്രി ദുരുപയോഗം ചെയ്തു: കെസി. വേണുഗോപാൽ

യുഡിഎഫ് ബഹിഷ്ക്കരിച്ച കേരളസഭയെ പ്രശംസിച്ച രാഹുൽ ഗാന്ധിയുടെ കത്തിൽ വിശദീകരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ. കത്ത് വിവാദമാക്കേണ്ടതില്ല. കത്തയച്ചതു രാഹുലിന്റെ മഹാമനസ്‌കതയാണ്. ജനപ്രതിനിധി എന്ന നിലയിൽ കാണി കാണിക്കേണ്ട മര്യാദ മാത്രമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കെസി. വേണുഗോപാൽ പറഞ്ഞു.

രാഹുൽ ഗാന്ധി സാമാന്യ മര്യാദയുടെ പേരിൽ അയച്ചൊരു കത്ത് മുഖ്യമന്ത്രി ദുരുപയോഗപ്പെടുത്തിയത് ശരിയായില്ല. വിഷയത്തിൽ കോണ്‍ഗ്രസിനു രണ്ടു നിലപാടില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ കേന്ദ്ര നേതൃത്വം തള്ളിപ്പറഞ്ഞിട്ടുമില്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് ഒപ്പം തന്നെയാണു കേന്ദ്ര നേതൃത്വവും നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളസഭയിലേക്ക് എംപിമാരെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് എല്ലാ എംപിമാർക്കും അയച്ചപ്പോൾ രാഹുൽ ഗാന്ധിക്കും മുഖ്യമന്ത്രി അയച്ചിരുന്നു.

അതിന് മറുപടി നൽകുക മാത്രമാണ് രാഹുൽ ചെയ്തത്. ഇതിനു ശേഷമാണ് കേരളത്തിൽ യുഡിഎഫ് ചേരുകയും പ്രസ്തുത നിലപാടെടുക്കുകയും ചെയ്തത്. ഈ രാഷ്ട്രീയ നിലപാട് മനസ്സിലാക്കുന്നതിനു പകരം രാഹുലിന്റെ പേര് ദുരുപയോഗപ്പെടുത്തുകയാണു മുഖ്യമന്ത്രി ചെയ്തതെന്നും തെരഞ്ഞെടുപ്പ് കാലത്തുപോലും ഇടതുപക്ഷത്തോട് രാഹുൽ പുലർത്തിയ മര്യാദ കേരളത്തിനറിയാമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

രാഹുലിന് നന്ദി അറിയിച്ചുകൊണ്ട് കത്ത് മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നാരോപിച്ചാണ് യുഡിഎഫ് പരിപാടി ബഹിഷ്‌ക്കരിച്ചിരിക്കുന്നത്. അതേസമയം പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നാളെയാണ് സമാപിക്കുന്നത്. ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Read More >>