യുഎപിഎയെ ന്യായീകരിച്ച മുഖ്യമന്ത്രിക്കൊപ്പം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാനില്ല; ഫാസിസം കേന്ദ്രത്തില്‍ മാത്രമല്ല, സംസ്ഥാനത്തുമുണ്ട്: ജോയ് മാത്യു

മാര്‍ക്‌സിസത്തിലും ഓഷോയിലും മാവോയിലും ഒരാള്‍ക്ക് വിശ്വസിക്കാം. അതിന്റെ പേരില്‍ അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്തിയതിന് എന്ത് ന്യായീകരണം. ഇത് ഒരു സാധാരണ മലയാളിക്ക് വിശ്വസിക്കാന്‍ കഴിയുന്നതല്ല.

യുഎപിഎയെ ന്യായീകരിച്ച മുഖ്യമന്ത്രിക്കൊപ്പം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാനില്ല; ഫാസിസം കേന്ദ്രത്തില്‍ മാത്രമല്ല, സംസ്ഥാനത്തുമുണ്ട്: ജോയ് മാത്യു

കോഴിക്കോട്: അലനും ത്വാഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രിക്കൊപ്പം പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കാനില്ലെന്ന് നടന്‍ ജോയ് മാത്യു. കോഴിക്കോട് സംഘടിപ്പിച്ച ജനാധിപത്യ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരക്കാരുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസമില്ലെന്നും തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

'മാര്‍ക്‌സിസത്തിലും ഓഷോയിലും മാവോയിലും ഒരാള്‍ക്ക് വിശ്വസിക്കാം. അതിന്റെ പേരില്‍ അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്തിയതിന് എന്ത് ന്യായീകരണം. ഇത് ഒരു സാധാരണ മലയാളിക്ക് വിശ്വസിക്കാന്‍ കഴിയുന്നതല്ല. 19 വയസ്സുകാരനെ അഞ്ച് വര്‍ഷമായി പൊലീസ് നിരീക്ഷിക്കുകയാണെന്ന് പറയുന്നു. അപ്പോള്‍ 14 വയസ്സുമുതല്‍ നിരീക്ഷണം തുടങ്ങിയിരിക്കും. എന്ത് പൊലീസാണിതെന്ന് മനസ്സിലാവുന്നില്ല.

ചായകുടിക്കാന്‍ പോയതിനല്ല അറസ്‌റ്റെന്ന് പറഞ്ഞ് പൊലീസ് നടപടിയെ പിന്തുണക്കുന്ന മുഖ്യമന്ത്രിക്കൊപ്പം ചേര്‍ന്ന് പൗരത്വബില്ലിനെതിരെയുള്ള പോരാട്ടത്തിനില്ല. ഫാസിസം കേന്ദ്രത്തില്‍ മാത്രമല്ല, സംസ്ഥാനത്തുമുണ്ട്. ഇത് തുറന്നുപറയാന്‍ പലര്‍ക്കും കഴിയുന്നില്ല. എല്ലാവര്‍ക്കും ഭയമാണ്. ഇവിടെ വന്നിരിക്കുന്നവര്‍ പോലും ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലായിരിക്കും. അവര്‍ക്കെതിരെയും യുഎപിഎ ചുമത്തപ്പെടാം'- ജോയ് മാത്യു പറഞ്ഞു.

Read More >>