കേരളക്കരയുടെ നട്ടെല്ലൊടിച്ച പ്രളയം; പ്രഥമ ഗോത്ര വര്‍ഗ പഞ്ചായത്ത് ഇടമലക്കുടി അതിജീവിച്ചു

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുള്‍പ്പെടെയുള്ള കെടുതികള്‍ വഴിയും വൈദ്യുതിയുമില്ലാത്ത വനാന്തര്‍ഭാഗത്തെ കോളനികളെ അടിമുടിപിടിച്ചു കുലുക്കി. പട്ടിണിയാണെന്ന വിവരം പുറംലോകത്തെ അറിയിക്കാന്‍പോലും നിവൃത്തിയില്ലാതെ കാടിന്റെ മക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ കഷ്ടപ്പെടുകയായിരുന്നു. ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരുസഹായവും ഇടമലക്കുടിയില്‍ എത്തിക്കാന്‍ വഴിയുണ്ടായിരുന്നില്ല.

കേരളക്കരയുടെ നട്ടെല്ലൊടിച്ച പ്രളയം; പ്രഥമ ഗോത്ര വര്‍ഗ പഞ്ചായത്ത് ഇടമലക്കുടി അതിജീവിച്ചു

ഇടുക്കി: മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ കേരളത്തിലെ പ്രഥമ ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലമലക്കുടിക്ക് രക്ഷയായത് ആദിവാസികളുടെ ഒത്തൊരുമ. പരിമിധ സൗകര്യങ്ങള്‍ക്കൊപ്പം വനംവകുപ്പിലെ നാമമാത്ര ജീവനക്കാര്‍ കൂടി ചേര്‍ന്നതോടെ കുടിനിവാസികള്‍ക്ക് കരുത്തേകി. രണ്ടാഴ്ച മുന്‍പുണ്ടായ പ്രളയക്കെടുതിയുടെ തീഷ്ണത അണയ്ക്കാന്‍ സഹായഹസ്തങ്ങള്‍ ഇതുവരെയും എത്തിയില്ലെങ്കിലും പരിമിത സൗകര്യങ്ങള്‍ ഉപയോഗിച്ച് കുടിനിവാസികള്‍ അതിജീവനമാര്‍ഗത്തിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ടി.ആര്‍ ബിജു തത്സമയത്തോട് പറഞ്ഞു. നാടൊട്ടുക്ക് പ്രളയക്കെടുതിയിലായതുകൊണ്ട് പൊതുവെ ഒറ്റപ്പെട്ട് കിടക്കുന്ന ഇടമലക്കുടിയിലേക്ക് പുറത്തുനിന്നുള്ള സഹായഹസ്തങ്ങള്‍ എത്തിയിരുന്നില്ല. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള പഞ്ചായത്തും കോളനി നിവാസികളും അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ച് സ്വയം പ്രതിരോധത്തിലൂടെ ഒരുപരിധിവരെ കരകയറുകയായിരുന്നെന്ന് കുടിയില്‍ മഴകാരണം ഒരാഴ്ചയോളം അകപ്പെട്ട് പുറത്തെത്തിയ വനംവകുപ്പ് ജീവനക്കാരില്‍ ഒരാളായ ടി.ആര്‍ ബിജു വെളുപ്പെടുത്തി. ആഴ്ചകളോളം നീണ്ടുനിന്ന മഴകാരണം തൊഴിലില്ലാതെ ഊരുകളിലാകെ പട്ടിണിയായിരുന്നു. അതിനൊപ്പം പ്രളയക്കെടുതികൂടിയായപ്പോള്‍ ദുരിതം താങ്ങാവുന്നതിലുമപ്പുറമായി.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുള്‍പ്പെടെയുള്ള കെടുതികള്‍ വഴിയും വൈദ്യുതിയുമില്ലാത്ത വനാന്തര്‍ഭാഗത്തെ കോളനികളെ അടിമുടിപിടിച്ചു കുലുക്കി. പട്ടിണിയാണെന്ന വിവരം പുറംലോകത്തെ അറിയിക്കാന്‍പോലും നിവൃത്തിയില്ലാതെ കാടിന്റെ മക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ കഷ്ടപ്പെടുകയായിരുന്നു. ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരുസഹായവും ഇടമലക്കുടിയില്‍ എത്തിക്കാന്‍ വഴിയുണ്ടായിരുന്നില്ല. അതുകൊണ്ട് പാലക്കാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയാണ് അരിയും നിത്യോപയോഗ സാധനങ്ങളും ആദിവാസി മൂപ്പന്‍മാരുടെയും വനംവകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തില്‍ സമാഹരിച്ചത്. പൊള്ളാച്ചി വഴി തമിഴ്‌നാട്ടിലൂടെ കിലോമീറ്റര്‍ യാത്രചെത് കോളനിയുടെ വളരെ ദൂരത്തുള്ള വാല്‍പ്പാറയില്‍ എത്തിച്ച സാധനങ്ങള്‍ തലചുമടായാണ് പഞ്ചായത്ത് ആസ്ഥാനത്ത് കൊണ്ടുവന്ന് വിതരണം ചെയ്തത്.

യാത്രാസൗകര്യമില്ലാത്ത വനാന്തരങ്ങളില്‍ ചിന്നിച്ചിതറികിടക്കുന്ന കോളനികളിലേക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നതും ദുഷ്‌കരമായ ദൗത്യമായിരുന്നു. പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയാണ് ഇടമലക്കുടിയുടെ തലസ്ഥാനം. മണിക്കൂറുകള്‍ നീണ്ട കാല്‍നടയാത്രയിലൂടെ മാത്രമെ ജനവാസമേഖലകളില്‍ നിന്ന് പഞ്ചായത്ത് ആസ്ഥാനത്ത് എത്താനാകു. ആരോഗ്യമുള്ള ചെറുപ്പക്കാര്‍ ഭക്ഷ്യസാധനങ്ങള്‍ തലച്ചുമടായി എത്തിച്ച് വിതരണം ചെയ്തു. അടിയന്തര സാഹചര്യം നേരിടാനുള്ള സാധനങ്ങള്‍ മിക്കയിടത്തും എത്തിയെന്ന് ടി.ആര്‍ ബിജു പറയുന്നു. ഇനിയും ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങളും വസ്ത്രം ഉള്‍പ്പെടെയുള്ള നിത്യോപയോഗ വസ്തുക്കളും ദേവികുളം ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും ഡി.എഫ്.ഒ യുടെ നേതൃത്വത്തില്‍ വനംവകുപ്പും സമാഹരിച്ചതായി അറിയിപ്പു ലഭിച്ചിട്ടുണ്ടെന്നും ഇദേഹം പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഇതുകൂടി വിതരണം ചെയ്യുന്നതോടെ ആദിവാസികളുടെ അതിജീവന പ്രതിസന്ധി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. അതേസമയം ഗതാഗതപ്രശ്‌നം അടുത്തകാലത്തൊന്നും പരിഹരിക്കപ്പെടാനും സാധ്യതയില്ല.

ഓരോ കോളനിയിലും എത്തിച്ചേരുകയെന്നത് ദുഷ്‌കരമായതുകൊണ്ട് മഴക്കെടുതിയുടെ നാശനഷ്ടങ്ങള്‍ എത്രമാത്രമാണെന്ന് കണക്കെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. വിവിധ പ്രദേശങ്ങളിലായി ഒന്‍പതിലധികം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കോളനികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താല്‍ക്കാലികപാലങ്ങളും നടപ്പുവഴികളും പൂര്‍ണമായും ഒലിച്ചുപോയിട്ടുണ്ട്. ഈറ്റയും കാട്ടുകമ്പുകളും ഉപയോഗിച്ചുള്ള പാലങ്ങളിലൂടെയായിരുന്നു ആദിവാസികളുടെ യാത്ര. പുറംലോകത്ത് നിന്ന് സൊസൈറ്റിക്കുടി വരെ എത്താവുന്ന ഏക റോഡും മണ്ണിടിഞ്ഞ് തകര്‍ന്ന നിലയിലാണ്.

Read More >>