'36 ഭീരുക്കൾ', ജമ്മുവിലേക്ക് 31 പേരെങ്കിലും പോയി, കശ്മീരിലേക്ക് വെറും അഞ്ചു പേർ; കേന്ദ്രമന്ത്രിമാരുടെ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി മണിശങ്കർ അയ്യർ

അവർ ആരെ കാണാനാണ് പോകുന്നത്? മുൻ മുഖ്യമന്ത്രിമാരെയാണോ? കാണേണ്ടവരൊക്കെ ജയിലിലാണ്

മലപ്പുറം: ഗുലാം നബി ആസാദിന് പിന്നാലെ കേന്ദ്രമന്ത്രിമാരുടെ ജമ്മു-കശ്മീർ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. മലപ്പുറത്ത് ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. '36 ഭീരുക്കൾ' എന്നാണ് കേന്ദ്രമന്ത്രിമാരെ മണിശങ്കർ അയ്യർ വിശേഷിപ്പിച്ചത്. ജമ്മുവിലേക്ക് 31 കേന്ദ്രമന്ത്രിമാർ പോയപ്പോൾ കശ്മീരിൽ പോയത് വെറും അഞ്ചു പേരാണെന്ന് അദ്ദേഹം പരിഹസിച്ചു.

"നമ്മൾ ഇന്നു കാണുന്നതുപോലുള്ള രാജ്യദ്രോഹികൾ ഉണ്ട്, പക്ഷേ അവർ എല്ലാ സമൂഹത്തിലുമുണ്ട്. അവരൊന്നും ജനങ്ങളുടെ പ്രതിനിധിയല്ല. അങ്ങനെയായിരുന്നെങ്കിൽ അവർ വർഷങ്ങൾക്കു മുമ്പേ തെരഞ്ഞെടുക്കപ്പെട്ടേനേ. ജമ്മു-കശ്മീരിൽ എത്ര തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്? തെരഞ്ഞെടുക്കപ്പെട്ടവരിൽ ചിലയാളുകൾ അവർ മുമ്പ് നിലകൊണ്ടിരുന്നത് എന്ത് കാരണത്തിനു വേണ്ടിയായിരുന്നോ അതിനെ ഒറ്റുകൊടുക്കാനാണ് ഇപ്പോൾ നിലകൊണ്ടത്. അവർ ജമ്മു-കശ്മീരിലേക്ക് 36 കേന്ദ്രമന്ത്രിമാരെ അയക്കുന്നു. ഈ ഭീരുക്കളെ നോക്കൂ, 31 പേർ ജമ്മുവിലേക്ക് പോകുമ്പോൾ അഞ്ചു പേർ മാത്രമാണ് കശ്മീർ സന്ദർശിക്കുന്നത്."-അയ്യർ പറഞ്ഞു.

"അവർ ആരെ കാണാനാണ് പോകുന്നത്? മുൻ മുഖ്യമന്ത്രിമാരെയാണോ? കാണേണ്ടവരൊക്കെ ജയിലിലാണ്. ഉമർ അബ്ദുള്ള ജയിലിലാണ്. മെഹബൂബ മുഫ്തി ജയിലിലാണ്. ഫറൂഖ് അബ്ദുള്ള ജയിലിലാണ്. പിന്നെ ആരുമായി ചർച്ച നടത്താനായിരുന്നു അത്?"-അദ്ദേഹം ചോദിച്ചു.

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാംഅനുച്ഛേദം റദ്ദാക്കിയ ശേഷം താഴ്വരയിൽ നിലവിൽ വന്ന നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും കേന്ദ്ര പദ്ധതികളെ കുറിച്ച് സംസ്ഥാനത്തെ ജനങ്ങളോട് വിശദീകരിക്കാനുമാണ് കേന്ദ്ര സംഘം ജമ്മു-കശ്മീർ സന്ദർശിക്കാൻ തീരുമാനിച്ചത്.ജനുവരി 18 ന് തുടങ്ങിയ കേന്ദ്രമന്ത്രിമാരുടെ കശ്മീർ സന്ദർശനം 25 വരെ നീണ്ടു നിൽക്കും.

Read More >>