പൗരത്വ സമരം: യു‍ഡിഎഫിൽ ഭിന്നത; ഒരേ വാര്‍ത്താ സമ്മേളനത്തിൽ രണ്ട് നിലപാടെടുത്ത് ലീ​ഗ് - കോൺ​ഗ്രസ് നേതാക്കൾ

എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന്‍റെ പേരില്‍ ബേപ്പൂരിലെ പ്രാദേശിക ലീഗ് നേതാവിനെ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് വിഷയത്തിൽ യുഡിഎഫിലെ ഭിന്നത മറ നീക്കി പുറത്താവുന്നത്.

പൗരത്വ സമരം: യു‍ഡിഎഫിൽ ഭിന്നത; ഒരേ വാര്‍ത്താ സമ്മേളനത്തിൽ രണ്ട് നിലപാടെടുത്ത് ലീ​ഗ് - കോൺ​ഗ്രസ് നേതാക്കൾ

കോഴിക്കോട്: പൗരത്വ ഭേ​ഗതി നിയമത്തിനെതിരായ സമരത്തെച്ചൊല്ലി കോഴിക്കോട് യുഡിഎഫില്‍ ഭിന്നത. പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങളേയും മനുഷ്യ ഭൂപടത്തെക്കുറിച്ചും വിശദീകരിക്കാൻ യുഡിഫ് കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലീ​ഗ് - കോൺ​ഗ്രസ് നേതാക്കൾ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചത്.

പൗരത്വ നിയമത്തിനെതിരെ യുഡിഎഫ് – എല്‍ഡിഎഫ് യോജിച്ച സമരം വേണമെന്ന് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അഭിപ്രായപ്പെട്ടു. ഇവിടെ നടന്ന സമരം രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലായി. ആളുകള്‍ അതില്‍ പങ്കെടുക്കണം അല്ലെങ്കില്‍ പങ്കെടുപ്പിക്കണം എന്ന ആഗ്രഹം യുഡിഎഫിനില്ലാതെ പോയി. മനുഷ്യശൃംഖല യോജിച്ച് നടത്തേണ്ടതായിരുന്നു.

നിര്‍ഭാഗ്യവശാല്‍ അത് ഉണ്ടായില്ലെന്നും മതിയായ ആലോചനയും ചര്‍ച്ചയും നടത്തി യോജിച്ച സമരത്തിന് ഇനിയും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെ പൂർണ്ണമായും തള്ളുന്ന നിലപാടാണ് ഇതേ യോ​ഗത്തിൽ പങ്കെടുത്ത കെപിസിസി വെെസ് പ്രസിഡന്റും മുൻ ഡിസിസി പ്രസിഡന്റുമായ ടി. സിദ്ദീഖ് സ്വീകരിച്ചത്. ഇടതു പക്ഷം പ്രഖ്യാപിച്ച സമരത്തിന് പിന്നാലെ പോകേണ്ട ആവശ്യം യുഡിഎഫിനില്ലെന്ന് സിദ്ദീഖ് പറഞ്ഞു.

‌രാഷ്ട്രീയ തീരുമാനം എല്‍ഡിഎഫ് എടുക്കുമ്പോള്‍ അത്തരത്തില്‍ തീരുമാനിക്കാനുള്ള ഔചിത്യം യുഡിഎഫിനുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന്‍റെ പേരില്‍ ബേപ്പൂരിലെ പ്രാദേശിക ലീഗ് നേതാവിനെ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് വിഷയത്തിൽ യുഡിഎഫിലെ ഭിന്നത മറ നീക്കി പുറത്താവുന്നത്.

Next Story
Read More >>