വനിതാ മതിൽ: എൻഎസ്എസിലും വിള്ളൽ

എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി ഋഷികേശ് ഇവരുടെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു ഋഷികേശിന്റെ പ്രതികരണം

വനിതാ മതിൽ: എൻഎസ്എസിലും വിള്ളൽ

വനിതാ മതിലിൻെറ പേരിൽ എന്‍എസ്എസിൽ പൊട്ടിത്തെറി. മതിലില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചതിന് സ്ത്രീകള്‍ എന്‍എസ്എസില്‍ നിന്ന് രാജിവെച്ചു. തലപ്പിള്ളി താലൂക്ക് എന്‍എസ്എസ് യൂണിയനിലെ സ്ത്രീകളാണ് രാജിവെച്ചത്. വനിതാ യൂണിയൻ പ്രസിഡന്‍റായി ദീർഘനാൾ പ്രവർത്തിച്ച ടിഎൻ ലളിത, മെമ്പർ പ്രസീത സുകുമാരൻ എന്നിവരാണ് രാജിവെച്ചത്. ഇവർ ഒരാൾ വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയും മറ്റൊരാൾ കൗൺസിലറുമാണ്.

ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വിലക്ക് ലംഘിച്ചാണ് ഇവർ മതിലി‍ൽ പങ്കെടുത്തത്. വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് ഇവര്‍ നേരത്തെ തന്നെ താലൂക്ക് യൂണിയന്‍ ഭാരവാഹികളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവരോട് പങ്കെടുക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ട് പേരും ജനുവരി ഒന്നിന് നടന്ന മതിലിൽ കണ്ണികളാവുകയായിരുന്നു. ഇവരുടെ നിർദ്ദേശമനുസരിച്ച് സമുദായംഗങ്ങളായ മറ്റ് ചിലരും വനിതാ മതിലിൽ പങ്കെടുത്തിരുന്നു.

അത്താണിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് ലളിത സംസാരിക്കുകയും എൻഎസ്എസ് നിലപാടിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി ഋഷികേശ് ഇവരുടെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു ഋഷികേശിന്റെ പ്രതികരണം. എന്നാൽ ഇതേ കുറിച്ച് പിന്നീട് പ്രതികരിക്കുമെന്നും ലളിത പറഞ്ഞു. നേരത്തെ ആചാര സംരക്ഷണത്തിനായി എൻഎസ്എസിന്‍റെ നിർദ്ദേശമനുസരിച്ച് നാമജപ ഘോഷയാത്രകളിലും മറ്റ് പരിപാടികളിലും രണ്ടു പേരും സജീവമായിരുന്നു.

Read More >>