സിദ്ദീഖിനെതിരേ ലൈംഗികാരോപണം

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേവതി നടനെതിരായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സിദ്ദീഖിനെതിരേ ലൈംഗികാരോപണം

തിരുവനന്തപുരം: നടന്‍ സിദ്ദീഖിനെതിരെ ലൈംഗീകാധിക്ഷേപ പരാതായിയുമായി നടി രേവതി സമ്പത്ത്. 2016 ല്‍ ഒരു സിനിമാ തിയേറ്ററില്‍ വെച്ച് തനിക്ക് സിദ്ദീഖില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് രേവതി സമ്പത്ത് ആരോപിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേവതി നടനെതിരായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വെച്ച് സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ചടങ്ങനിടെയാണ് നടനില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ യുവനടി വ്യക്തമാക്കുന്നത്.

സിദ്ദീഖിന്റെ പെരുമാറ്റം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓര്‍മ്മിയിലുണ്ടെന്നും രേവതി ഫേസ്ബുക്കില്‍ കുറിക്കുന്നു.

സിദ്ദീഖ് ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. സ്വന്തം മകള്‍ക്ക് ഇങ്ങനെയൊരു സ്ഥിതി വന്നാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നടി ചോദിക്കുന്നു.

ദിലീപ് വിഷയത്തില്‍ മുമ്പ് ഡബ്ല്യൂ.സി.സി പ്രവര്‍ത്തകര്‍ക്കെതിരെ കെ.പി.എ.സി ലളിതയോടൊപ്പം സിദ്ദീഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് രേവതിയുടെ ഫേസ്ബുക്ക് കുറിപ്പ്.

നേരത്തെ സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിനെതിരെയും രേവതി സമ്പത്ത് ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.

സംവിധായകനില്‍ നിന്ന് മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംസാരവും ഭീഷണിയും നേരിടേണ്ടി വരുന്നുവെന്നായിരുന്നു രേവതിയുടെ ആരോപണം. രാജേഷ് അര്‍ദ്ധരാത്രിയില്‍ തന്റെ മൊബൈലിലേക്ക് മിസ്ഡ് കോള്‍ അടിക്കുകയും അശ്ലീല മെസേജുകള്‍ അയക്കുകയും ചെയ്തുവെന്നായിരുന്നു രേവതിയുടെ ആരോപണം. ഇതിനെ ചോദ്യം ചെയ്ത തന്നെ ഒറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് രേവതി പറഞ്ഞിരുന്നു.

Read More >>