പുടവ ചുറ്റി ചായം പൂശി ചമയവിളക്കേന്തി പുരുഷാംഗനമാര്‍

സുധീര്‍‌ കെ. ചന്ദനത്തോപ്പ്കൊല്ലം: കണ്ണിനു മിഴിവേകുന്ന വർണ്ണങ്ങളും അലങ്കാരങ്ങളും ചാർത്തി അവരൊരുങ്ങി വരുമ്പോൾ സ്ത്രീകൾ പോലും അസൂയകൊണ്ട് കണ്ണു തള്ളും. എവ...

പുടവ ചുറ്റി ചായം പൂശി ചമയവിളക്കേന്തി പുരുഷാംഗനമാര്‍

സുധീര്‍‌ കെ. ചന്ദനത്തോപ്പ്

കൊല്ലം: കണ്ണിനു മിഴിവേകുന്ന വർണ്ണങ്ങളും അലങ്കാരങ്ങളും ചാർത്തി അവരൊരുങ്ങി വരുമ്പോൾ സ്ത്രീകൾ പോലും അസൂയകൊണ്ട് കണ്ണു തള്ളും. എവിടെ തിരിഞ്ഞാലും എങ്ങോട്ട് നോക്കിയാലും സുന്ദരിമാർ. ഇത് കൊറ്റൻകുളങ്ങര ചമയവിളക്ക്. ആണ് പെണ്ണാവുന്ന ഉത്സവം. കൊല്ലത്തിനും കരുനാഗപ്പള്ളിക്കും ഇടയിൽ ചവറയിൽ ദേശീയപാത് 47ന് സമീപത്തുള്ള കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ മീനം 11നും 12നും നടക്കുന്ന അപൂർവ്വമായ ചമയ വിളക്ക് ഉത്സവം ഇന്ന് പുലർച്ചെ ആരംഭിച്ചു.

കണ്ണെഴുതി പൊട്ട് തൊട്ട് മുല്ലപ്പൂ ചൂടി കേരളീയ വേഷം ധരിച്ചാണ് ഭൂരിഭാഗം പേരും ഭക്തിപൂർവ്വം വിളക്കെടുക്കാൻ എത്തിയത്. എല്ലാ തവണയും പോലെ ഇത്തവണയും ക്ഷേത്രപരിസരങ്ങളിലെ കടകളിലും വീടുകൾ കേന്ദ്രീകരിച്ചും താൽക്കാലിക മേക്കപ്പ് ശാലകളും സ്റ്റുഡിയോകളും ഉയർന്നിരുന്നു. ഇന്നലെ രാവിലെ മുതൽ പല ദേശങ്ങളിൽ നിന്നായി നൂറ് കണക്കിന് ഭക്തരാണ് ക്ഷേത്രപരിസരങ്ങളിലെ വീടുകളിലും ലോഡ്ജുകളിലുമായി എത്തിയത്. അർധരാത്രിയോടെ ക്ഷേത്രപരിസരം പുരുഷാംഗനമാരെക്കൊണ്ട് നിറഞ്ഞു.

ആണിൽ നിന്നും പെണ്ണിലേക്കുള്ള പരകായ പ്രവേശമാണ് കൊറ്റൻകുളങ്ങര നടക്കുന്നത്. വീട്ടിൽ നിന്ന് ഒരുങ്ങി വരുന്നവരും ഒരുങ്ങാൻ മേക്കപ്പ്മാൻമാരെ ആശ്രയിക്കുന്നവരും ഉണ്ട്. ഒരുങ്ങാനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ടുവന്നാൽ മതി. പിന്നെ മേക്കപ്പ് റൂമിൽ നിന്നും പുറത്തിറങ്ങുമ്പോ ആളിനെ കൂടെ വന്നവർപോലും തിരിച്ചറിയില്ല. പട്ടുസാരിയും സെറ്റും മുണ്ടും ചുരിദാറും പിന്നെ വേഷത്തിനിനങ്ങുന്ന കമ്മൽ, വള, മാല, പോരാത്തതിന് ശൃംഗാര ഭാവത്തോടെയുള്ള ചിരിയും. വിളക്ക് വാടകയ്ക്കു കൊടുക്കുന്നവർ, ആഭരണ കച്ചവടക്കാർ കൂടാതെ അവിടവിടെയായി ചമയവിളക്കെടുക്കുന്നവരുടെ ഫോട്ടോ എടുക്കാനായി സ്റ്റുഡിയോക്കാരുടെ ചെറിയ ചെറിയ കൂടാരങ്ങൾ അങ്ങനെ ഈ ദിവസങ്ങളിൽ കൊറ്റൻകുളങ്ങര വേറൊരു ലോകമാണ്.

അഭീഷ്ടകാര്യ സിദ്ധിക്കായി പുരുഷന്മാർ വ്രതം നോറ്റ് പെൺ വേഷം കെട്ടി വിളക്കെടുക്കുന്ന അപൂർവ്വ ഉത്സവങ്ങളിൽ ഒന്നാണ് കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്ക്. ക്ഷേത്രപരിസരം മുഴുവൻ വിളക്കേന്തിയ പുരുഷാംഗനമാരെക്കൊണ്ട് ഇന്ന് നിറഞ്ഞു. പലതരത്തിൽ, പല വേഷത്തിൽ കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധൻമാർ വരെ വിളക്കെടുക്കാനെത്തി. മൂന്നാം ലിംഗക്കാരും ഇവിടെ ചമയവിളക്ക് എടുക്കാനെത്താറുണ്ട്. കേരളത്തിന് പുറത്ത് യുപിക്കാർക്കും തമിഴർക്കും ആന്ധ്രാക്കാർക്കും എല്ലാം കൊറ്റൻകുളങ്ങര അറിയാം. ആഗ്രഹപൂർത്തീകരണത്തിനായി ഓരോ വർഷവും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുമായി എത്തുന്നത് ആയിരക്കണക്കിനാളുകളാണ്. ചമഞ്ഞു വിളക്കെടുത്താൽ മനസിലുള്ള ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. ഉൽസവം നാളെ പുലർച്ചെ സമാപിക്കും.

Read More >>